സന്തോഷാവസരങ്ങളിലും പരോൾ നൽകാം: ബോംബെ ഹൈക്കോടതി

Monday 15 July 2024 12:35 AM IST

മുംബയ്: കുടുംബത്തിൽ വിഷമങ്ങളുണ്ടാകുമ്പോൾ മാത്രമല്ല സന്തോഷാവസരങ്ങളിലും പരോൾ നൽകാമെന്ന് ബോംബെ ഹൈക്കോടതി. കൊലപാതകക്കേസിൽ ജീവപര്യന്തം അനുഭവിക്കുന്ന വിവേക് ശ്രീവാസ്തവയുടെ ഹർജിയിലാണ് നിരീക്ഷണം. പഠനത്തിനായി ഓസ്ട്രേലിയയിൽ പോകുന്ന മകനെ യാത്രയാക്കാൻ പരോൾ അനുവദിക്കണമെന്നായിരുന്നു പ്രതിയുടെ ഹർജി. ജസ്റ്റിസ് ഭാരതി ഡംഗ്രി, മഞ്ജുഷ ദേശ്പാണ്ഡേ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിഷമം പോലെ തന്നെ

സന്തോഷവും ഒരു വികാരമാണ്. മകന്റെ ഉന്നത വിദ്യാഭ്യാസത്തിന് പണം കണ്ടെത്താനും യാത്രയാക്കാനായും പരോൾ അനുവദിക്കുന്നതിൽ എന്താണ് അപാകതയെന്ന് ചോദിച്ച കോടതി പത്ത് ദിവസത്തെ പരോൾ അനുവദിച്ചു. പിതാവിനെ ഈ അവസരത്തിൽ അവിടെനിന്ന് മാറ്രിനിറുത്തരുത്.
പ്രതിക്ക് മാനസികാരോഗ്യം ഉറപ്പാക്കുന്നതിനും പ്രതീക്ഷ പുലർത്തുന്നതിനും ജീവിതത്തോടുള്ള താത്പര്യം നിലനിറുത്തുന്നതിനുമാണ് പരോൾ വ്യവസ്ഥകൾ.

പരോൾ നൽകുന്നതിൽ മാനുഷിക സമീപനം പാലിക്കണം. അടുത്ത ബന്ധുവിന്റെ മരണത്തിന് ഏഴ് ദിവസം, വിവാഹത്തിന് നാല് ദിവസം, ഗുരുതര അസുഖം, പ്രസവം എന്നിവയ്ക്ക് നാല് ദിവസവുമാണ് പരോൾ അനുവദിക്കുന്നത്. ഇത് വിശദമാക്കിയായിരുന്നു ബെഞ്ചിന്റെ നിരീക്ഷണം. ഒമ്പത് വർഷത്തിലേറെ ജയിൽ ശിക്ഷ അനുഭവിച്ച ശേഷമാണ് പരാതിക്കാരൻ ആവശ്യം ഉന്നയിച്ചതെന്നും കോടതി നിരീക്ഷിച്ചു.

Advertisement
Advertisement