ലിങ്കൺ മുതൽ ട്രംപ് വരെ യു.എസിനെ ഞെട്ടിച്ച വെടിവയ്പുകൾ

Monday 15 July 2024 6:41 AM IST

വാഷിംഗ്ടൺ: യു.എസിൽ രാഷ്ട്രീയ നേതാക്കൾ ആക്രമിക്കപ്പെടുന്നത് ഇതാദ്യമായല്ല. പ്രസിഡന്റുമാർക്ക് നേർക്കുണ്ടായ വെടിവയ്പുകൾ യു.എസിന്റെ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളാണ്. ട്രംപിനു മുമ്പ് യു.എസിൽ ഒരു പ്രസിഡന്റ് സ്ഥാനാർത്ഥി ആക്രമിക്കപ്പെട്ടത് 1972ലാണ്.

വെടിയേറ്റ് കൊല്ലപ്പെട്ടത്

4 പ്രസിഡന്റുമാർ

1. എബ്രഹാം ലിങ്കൺ - കൊല്ലപ്പെടുന്ന ആദ്യ യു.എസ് പ്രസിഡന്റ്. 1865ൽ വാഷിംഗ്ടണിലെ ഫോർഡ് തിയേറ്ററിൽ വച്ച് ജോൺ വിൽക്കിസ് ബൂത്ത് ലിങ്കന്റെ തലയ്ക്ക് പിന്നിൽ വെടിവച്ചു

2. ജെയിംസ് എ. ഗാർഫീൽഡ് - 1881 ജൂലായിൽ വാഷിംഗ്ടണിലെ ട്രെയിൻ സ്റ്റേഷനിൽ വച്ച് വെടിയേറ്റ അദ്ദേഹം ചികിത്സയിലിക്കെ സെപ്റ്റംബറിൽ മരണത്തിന് കീഴടങ്ങി

3. വില്യം മക്കിൻലി - 1901ൽ ന്യൂയോർക്കിലെ ബഫല്ലോയിൽ എക്സിബിഷനിൽ പങ്കെടുക്കവെ വെടിയേറ്റു. ചികിത്സയിലിരിക്കെ മരിച്ചു

4. ജോൺ എഫ്. കെന്നഡി - 1963 നവംബറിൽ ഡാല‌സിൽ തുറന്ന കാറിൽ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെ ലീ ഹാർവി ഓസ്‌വാൾഡിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു

 അതിജീവിച്ച പ്രസിഡന്റുമാർ

1. ആൻഡ്രൂ ജാക്സൺ - 1835ൽ ക്യാപിറ്റൽ മന്ദിരത്തിൽ ഒരു സംസ്കാരച്ചടങ്ങിൽ പങ്കെടുവെ ആൻഡ്രൂവിന് നേരെ അക്രമി രണ്ട് തവണ വെടിയുതിർത്തെങ്കിലും ലക്ഷ്യം കണ്ടില്ല

2. തിയഡോർ റൂസ്‌വെൽറ്റ് - 1912ൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ റൂസ്‌വെൽറ്റിന് വെടിയേറ്റു. മിൽവോക്കിയിൽ പ്രസംഗത്തിനൊരുങ്ങവെ റൂസ്‌വെൽറ്റിന് നേരെ അക്രമി വെടിയുതിർത്തെങ്കിലും രക്ഷപ്പെട്ടു

3. ഫ്രാങ്ക്‌ലിൻ ഡി. റൂസ്‌വെൽറ്റ് - 1933ൽ നിയുക്ത പ്രസിഡന്റായിരുന്ന റൂസ്‌വെൽറ്റിന് നേരെ മയാമിയിൽ വച്ച് വെടിവയ്പുണ്ടായി. റൂസ്‌വെൽറ്റിന് പകരം വെടികൊണ്ട ഷിക്കാഗോ മേയർ ആന്റൺ സെർമാക്ക് കൊല്ലപ്പെട്ടു

4. ഹാരി ട്രൂമാൻ - 1950ൽ വൈറ്റ്‌ഹൗസിൽ വച്ച് പോർട്ട റിക്കൻ ദേശീയവാദികളുടെ വെടിയേറ്റു

5. ജെറാൾഡ് ഫോർഡ് - 1975ൽ ആഴ്ചകളുടെ വ്യത്യാസത്തിൽ രണ്ട് വധശ്രമത്തെ അതിജീവിച്ചു. രണ്ട് തവണയും വെടിയേൽക്കാതെ രക്ഷപ്പെട്ടു

6. റൊണാൾഡ് റീഗൻ - 1981ൽ വാഷിംഗ്ടണിലെ ഹിൽട്ടൺ ഹോട്ടലിന് മുന്നിൽ വച്ച് വെടിയേറ്റു. ഗുരുതര പരിക്കേറ്റ റീഗനെ സങ്കീർണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി

7. ജോർജ് ബുഷ് - 2001ൽ റോബർട്ട് പിക്കറ്റ് എന്നയാൾ വൈറ്റ്‌ഹൗസിന് നേരെ വെടിവയ്പ് നടത്തി. ആർക്കും പരിക്കേറ്റില്ല

8. ബറാക് ഒബാമ - 2011ൽ ഓസ്കാർ റാമിറോ എന്ന യുവാവ് വൈറ്റ്ഹൗസിന് നേരെ വെടിവയ്പ് നടത്തി. ആ‌ർക്കും പരിക്കേറ്റില്ല. ഓസ്കാറിന് 25 വർഷം തടവുശിക്ഷ ലഭിച്ചു

 വെടിയേറ്റ സ്ഥാനാർത്ഥികൾ

1. ജോർജ് വാലസ് - അലബാമ മുൻ ഗവർണർ. 1972ൽ ഡെമോക്രാറ്റിക് നോമിനിയാകാനുള്ള പ്രചാരണത്തിനിടെ വാഷിംഗ്ടണിൽ വച്ച് വെടിയേറ്റു. ശരീരം അരയ്ക്ക് താഴേക്ക് തളർന്ന അദ്ദേഹം 1998ൽ മരണം വരെ വീൽചെയറിൽ കഴിഞ്ഞു

2. റോബർട്ട് എഫ്. കെന്നഡി - മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ സഹോദരൻ. ന്യൂയോർക്കിൽ നിന്നുള്ള സെനറ്ററായിരുന്ന അദ്ദേഹം 1968ൽ ഡെമോക്രാറ്റിക് നോമിനിയാകാനുള്ള പ്രചാരണത്തിനിടെ ലോസ് ആഞ്ചലസിൽ വച്ച് വെടിയേറ്റു മരിച്ചു. കെന്നഡിയുടെ മകൻ റോബർട്ട് എഫ്. കെന്നഡി ജൂനിയർ ഇത്തവണ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്

---------------------------------------------------

 കിംഗിന്റെ ജീവനെടുത്ത ബുള്ളറ്റ്

39ാം വയസിൽ അമേരിക്കൻ പൗരാവകാശനേതാവായ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ ജീവൻ കവർന്നത് ചീറിപ്പാഞ്ഞുവന്ന ബുള്ളറ്റായിരുന്നു. 1968ൽ ടെന്നസിയിലെ മെം‌ഫിസിലെ ഒരു ഹോട്ടൽ ബാൽക്കണിയിൽ വച്ച് ജെയിംസ് ഏൾ റെയ് എന്നയാളാണ് കിംഗിനെ വെടിവച്ചു കൊന്നത്. സമാധാന നോബൽ സമ്മാന ജേതാവായ മാർട്ടിൻ ലൂഥർ കിംഗിന്റെ മരണത്തോടെ അമേരിക്കയിൽ ശക്തമായ പ്രക്ഷോഭങ്ങളുണ്ടാവുകയും കറുത്ത വർഗ്ഗക്കാരുടെ പൗരാവകാശ സംബന്ധമായ നിർണായക ബില്ലുകൾ നിലവിൽ വരികയും ചെ‌യ്‌തു. 100 വർഷം തടവ് ലഭിച്ച റെയ് 1998ൽ 70 -ാം വയസിലിൽ തടവറയിൽ മരിച്ചു.

Advertisement
Advertisement