അൽ - മവാസി ആക്രമണം: മരണം 90 ആയി

Monday 15 July 2024 6:41 AM IST

ടെൽ അവീവ്: തെക്കൻ ഗാസയിലെ ഖാൻ യൂനിസിന് പടിഞ്ഞാറുള്ള അൽ - മവാസി മേഖലയിൽ ശനിയാഴ്ച നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 90 ആയി. 300 ഓളം പേർക്ക് പരിക്കേറ്റു. ഹമാസിന്റെ സൈനിക തലവൻ മുഹമ്മദ് ദെയ്ഫിനെ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം.

എന്നാൽ ഇയാൾ മരിച്ചോ എന്ന് വ്യക്തമല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. സാധാരണക്കാരുടെ മരണത്തിൽ വിശദീകരണം നൽകിയില്ല. അതേ സമയം, ഖത്തറിലും ഈജിപ്റ്റിലും നടന്ന വെടിനിറുത്തൽ ചർച്ചകൾ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ധാരണയിലെത്താതെ താത്കാലികമായി പിരിഞ്ഞു.

ഹമാസ് നേതാവിനെ ലക്ഷ്യമിട്ടെന്ന ഇസ്രയേൽ വാദം കള്ളമാണെന്നും കൂട്ടക്കൊലയിലൂടെ വെടിനിറുത്തൽ ചർച്ചകൾ തടയുകയാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്നും ഹമാസ് തലവൻ ഇസ്മയിൽ ഹനിയേ പ്രതികരിച്ചു.

ഇതിനിടെ, ഇന്നലെ മദ്ധ്യഗാസയിലെ നുസൈറത്തിൽ അഭയാർത്ഥികൾ താമസിച്ചിരുന്ന യു.എൻ സ്കൂളിലുണ്ടായ ഇസ്രയേൽ ബോംബാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. 80ഓളം പേർക്ക് പരിക്കേറ്റു. 38,580ലേറെ പേരാണ് ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടത്.

Advertisement
Advertisement