നേപ്പാളിൽ കെ.പി. ശർമ്മ ഒലി അധികാരമേറ്റു

Monday 15 July 2024 6:41 AM IST

കാഠ്മണ്ഡു: കെ.പി. ശർമ്മ ഒലി (72) മൂന്നാമതും നേപ്പാൾ പ്രധാനമന്ത്രിയായി അധികാരമേറ്റു. ഇന്ന് രാവിലെയാണ് ഒലിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ്.

വെള്ളിയാഴ്ച നടന്ന അവിശ്വാസ വോട്ടിൽ പരാജയപ്പെട്ട പുഷ്പ കമൽ ദഹാൽ പ്രചണ്ഡയ്ക്ക് പ്രധാനമന്ത്രി സ്ഥാനം നഷ്ടമായതോടെയാണ് ഒലി അധികാരത്തിലെത്തിയത്. പ്രചണ്ഡയുടെ ഭരണസഖ്യത്തിലായിരുന്നു ഒലിയുടെ സി.പി.എൻ - യു.എം.എൽ പാർട്ടി. അഭിപ്രായ ഭിന്നതകൾ മൂലം സഖ്യം വിട്ട ഒലി പ്രതിപക്ഷമായ നേപ്പാളി കോൺഗ്രസുമായി കൈകോർത്താണ് അധികാരം സ്വന്തമാക്കിയത്.

ഒലിയും, നേപ്പാളി കോൺഗ്രസ് നേതാവ് ഷേർ ബഹദൂർ ദ്യൂബയും 18 മാസം വീതം പ്രധാനമന്ത്രി പദം പങ്കിടാനാണ് ധാരണ. 2015 മുതൽ 2021 വരെ രണ്ട് തവണ പ്രധാനമന്ത്രിയായിട്ടുള്ള ഒലി ചൈനീസ് അനുഭാവിയും ഇന്ത്യാ വിരുദ്ധ നിലപാടുകാരനുമാണ്.

Advertisement
Advertisement