വിലയേറിയ മനുഷ്യ ജീവൻ കാക്കാനൊരു വഴി,​ കടലിലെ മാലിന്യം മുതൽ പൈപ്പ് ചോർച്ച വരെ നീക്കാൻ റോബോട്ടുകൾ ഇപ്പോൾ റെഡി

Monday 15 July 2024 1:24 PM IST

തമ്പാനൂർ റെയിൽവെ സ്റ്റേഷനോട് ചേർന്ന് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയതാണ് കരാർ തൊഴിലാളിയായ മാരായമുട്ടം മലഞ്ചെരുവ് വീട്ടിൽ ജോയ്. ജോലിക്കിടെ ശക്തമായ മഴയിൽ തോട്ടിലുണ്ടായ വെള്ളപ്പാച്ചിലിൽ ജോയിയെ കാണാതായി. 46 മണിക്കൂർ നീണ്ട തിരച്ചിലിലാണ് അദ്ദേഹത്തിന്റെ മൃതദേഹം ലഭിച്ചത്. മനുഷ്യജീവന് തീ‌ർത്തും അപകടം വരുത്താനിടയുള്ള മാലിന്യ നിർമ്മാർജന ജോലിയടക്കം ഇപ്പോഴും ചെയ്യുന്നത് സാധാരണക്കാരായ മനുഷ്യർ തന്നെയാണ്. ഇതിനൊരു മാറ്റം വരേണ്ടത് അത്യാവശ്യമാണ്.

ലോകത്ത് പലയിടങ്ങളിലും, ഇന്ത്യയിൽതന്നെ ഇത്തരം കാര്യങ്ങൾക്കായി റോബോട്ടുകളെ നി‌ർമ്മിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നുണ്ട്. നിലവിൽ അത്തരം സേവനങ്ങളുണ്ടെങ്കിലും ഇപ്പോഴും അവയുടെ അപര്യാപ്‌തതയാണ് ജോയിയുടെ മരണം സൂചിപ്പിക്കുന്നത്.

മാൻഹോളുകൾ വൃത്തിയാക്കൽ, കനാൽ ശുചീകരണം, ഓട വൃത്തിയാക്കുക തുടങ്ങിയ പണികളെല്ലാം മനുഷ്യരാണ് നാളിതുവരെ ചെയ്‌തത്. അതിന് മാറ്റമായി ഈ ജോലികളെല്ലാം ചിലയിടങ്ങളിൽ റോബോട്ടുകളാണ് ചെയ്യുന്നത്.

ഹോമോസെപ് ആറ്റം

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ഇന്ത്യയിലാദ്യമായി പുറത്തിറക്കിയ റോബോട്ടാണ് ഹോമോസെപ് ആറ്റം. ഐഐടി മദ്രാസിന്റെ സയൻസ് ആന്റ് ടെക്‌നോളജി വിഭാഗത്തിന്റെ ടെക്നോളജി ബിസിനസ് ഇൻകുബേറ്റഡ് എന്ന സ്റ്റാർട്ടപ് ആണ് (ടിബിഐ) ഹോമോസെപ് ആറ്റം തയ്യാറാക്കിയത്. ഇന്ത്യയിലെ 16 നഗരങ്ങളിൽ ഹോമോസെപ് ആറ്റത്തിന്റെ സഹായം ലഭിച്ചിട്ടുണ്ട്.

ഇതുവഴി വൃത്തിയാക്കൽ,ഖരമാലിന്യത്തെ നീക്കുക, മാലിന്യം വലിച്ചെടുക്കുക, അവ സംഭരിക്കുക എന്നിവ ചെയ്യുന്നു. വൃത്തിയായി ചെയ്യുന്നത് വഴി അഴുക്കുചാലുകളുടെ ശുചീകരണത്തിന് റോബോട്ടുകളുടെ സഹായം തേടുന്നതിനെ ഇത് പ്രോത്സാഹിപ്പിക്കുന്നു.

തമിഴ്‌നാട്ടിലെ മധുരയിലെ മാൻഹോളിലെ തടസം മാറ്റാനും മലിനജലം പൊതുവഴിയിൽ പൊട്ടിയൊഴുകുന്നത് തടയാനും ഈ റോബോട്ട് സഹായിച്ചു. ചെന്നൈയിൽ ജനസാന്ദ്രത ഏറെയുള്ള പ്രദേശങ്ങളിലും ഹോമോസെപ് ആറ്റം ശുചീകരണത്തിന് ഉപയോഗിച്ചു.

ബാൻഡികൂട്ട്

ടെക്നോ‌പാർക്ക് ആസ്ഥാനമായ ജൻറോബോട്ടിക് ഇന്നൊവേഷൻസ് ബാൻഡികൂട്ട് എന്ന റോബോട്ടിനെ നി‌ർമ്മിച്ചത് 2018ലാണ്. മനുഷ്യർക്കുള്ള പോലെ കൈകളും ഒപ്പം ഗ്യാസ് സെൻസറും ഘടിപ്പിച്ച ഇവ ജോയിയെ കണ്ടെത്താനുള്ള ദൗത്യത്തിന് ഉപയോഗിച്ചിരുന്നു.അപകടം നിറഞ്ഞ ഇടങ്ങളിലും മാൻഹോളിലും ഇറങ്ങി ശുചീകരിക്കാൻ ബാൻഡികൂട്ട് ഉപയോഗിക്കാനാകും. ഇതുവരെ ലേ മുതൽ തിരുവനന്തപുരം വരെ ഇന്ത്യയിൽ പലയിടത്തും ബാൻഡികൂട്ട് ഉപയോഗിച്ചു.

എൻഡോബോട്ട്

മാൻഹോൾ വൃത്തിയാക്കാനും അഴുക്ക് നീക്കാനും മാത്രമല്ല മറ്റ് ചില ജോലികൾക്കും ഇന്ത്യയിൽ റോബോട്ടുകളെ ഉപയോഗിച്ചിട്ടുണ്ട്. ചെന്നൈ മെട്രോപൊളിറ്റൻ വാട്ടർ സപ്ളൈ ആന്റ് സ്വീവേജ് ബോർഡ് ജലവിതരണത്തിനിടെയുള്ള ചോർച്ചയടക്കം പ്രശ്‌നങ്ങൾ പരിഹരിക്കാൻ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന എൻഡോബോട്ട് എന്ന റോബോട്ടിനെ ഉപയോഗിച്ചു. പൈപ്പിൽ പൊട്ടലും ലീക്കുമടക്കം വിവിധ പ്രശ്‌നങ്ങളുള്ളവ കണ്ടെത്തി പരിഹരിക്കാൻ എൻഡോബോട്ട് ഉപകരിച്ചു.

കടൽ ശുചിയാക്കാൻ വേസ്‌റ്റ്‌ഷാർക്ക്

നെതർലാന്റിലെ റാൻ മറൈൻ ടെക്‌നോളജി എന്ന കമ്പനിയാണ് ജലത്തിൽ പൊങ്ങിക്കിടക്കുന്ന വേസ്റ്റ് ‌ഷാർക്ക് എന്ന റോബോട്ട് നിർമ്മിച്ചത്. ജലോപരിതലത്തിൽ ഒഴുകിനടക്കുന്ന മാലിന്യം പിടികൂടി നശിപ്പിക്കുകയാണ് വേസ്‌റ്റ്‌ഷാർക്ക് ചെയ്യുന്നത്. ഇലക്‌ട്രിക് ബാറ്ററി ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്.

ഒറ്റ തവണ ചാർജ് ചെയ്‌താൽ എട്ട് മണിക്കൂർ വരെ യന്ത്രത്തിന് യാത്ര ചെയ്യാനാകും. ദിവസവും 500 കിലോ വേസ്റ്റ് ഇത് അകത്താക്കും. അല്ലെങ്കിൽ 21,​000 പ്ളാസ്റ്റിക് ബോട്ടിലുകളെ അകത്താക്കാൻ കഴിയും.

ദുബായ്,​ റോട്ടർഡാം.പാരീസ്,​ സിംഗപ്പൂർ,​ ദക്ഷിണാഫ്രിക്ക,​ അമേരിക്ക പോലെയുള്ള രാജ്യങ്ങളിൽ വേസ്റ്റ്‌ഷാ‌ർക്ക് ഉപയോഗിച്ചുവരുന്നുണ്ട്.

ഡ്രാകോ

ബാൻഡികൂട്ടിനെ നിർമ്മിച്ച ജൻറോബോട്ടിക് ഇന്നോവേഷൻ കമ്പനിയുടെ ഡ്രാകോ എന്ന റോബോട്ടിനെയും ഇന്നലെ ആമയിഴഞ്ചാൻ തോട്ടിൽ അന്വേഷണത്തിന് ഉപയോഗിച്ചു. രാത്രി കാഴ്‌ചയ്‌ക്ക് സഹായിക്കുന്ന മൂന്ന് ക്യാമറകളുള്ള ഈ റോബോട്ടിനെ പുറത്തുനിന്നും നിരീക്ഷിക്കാം.

Advertisement
Advertisement