ടിപി വധക്കേസ്; കുഞ്ഞനന്തന്റെ ഭാര്യയുടെ ഹർജിയിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി
Monday 15 July 2024 2:43 PM IST
ന്യൂഡൽഹി: ടിപി ചന്ദ്രശേഖൻ വധക്കേസിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. വധക്കേസിൽ ഹെെക്കോടതി വിധിക്കെതിരെ അന്തരിച്ച് സിപിഎം നേതാവ് പികെ കുഞ്ഞനന്തന്റെ ഭാര്യ വി പി ശാന്ത ഫയൽ ചെയ്ത ഹർജിയിലാണ് സുപ്രീംകോടതി സർക്കാരിന് നോട്ടീസ് അയച്ചത്.
കേസിൽ കുഞ്ഞനന്തൻ കുറ്റക്കാരനാണെന്ന ഹെെക്കോടതി വിധിക്ക് എതിരെയാണ് ശാന്ത സുപ്രീംകോടതിയെ സമീപിച്ചത്. വിചാരണക്കോടതി കുഞ്ഞനന്തന് ഒരു ലക്ഷം രൂപ പിഴ വിധിച്ചിരുന്നു. കുഞ്ഞനന്തൻ മരിച്ചതിനാൽ ഈ തുക ശാന്ത നൽകണമെന്നാണ് ഹെെക്കോടതി ഉത്തരവ്. ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് ശാന്തയുടെ ആവശ്യം. ടിപി വധക്കേസിലെ 13-ാം പ്രതിയാണ് പി കെ കുഞ്ഞനന്തൻ. 2020ലാണ് കുഞ്ഞനന്തൻ മരിച്ചത്. തുടർന്ന് കേസിൽ കുഞ്ഞനന്തന്റെ ഭാര്യയെ ഹെെക്കോടതി കക്ഷിചേർക്കുകയായിരുന്നു.