പഴിചാരൽകൊണ്ട് ഒന്നുമാകില്ല

Tuesday 16 July 2024 12:23 AM IST

തലസ്ഥാന നഗരിയിലെ ഏറ്റവും വലിയ മാലിന്യവാഹിനിയായ ആമയിഴഞ്ചാൻ തോട്ടിൽ ശനിയാഴ്ച രാവിലെ ശുചീകരണത്തിനിടയിൽ മഴവെള്ളപ്പാച്ചിലിൽ കാണാതായ ജോയി എന്ന നാല്പത്തഞ്ചുകാരന്റെ ജഡം തിങ്കളാഴ്ച പുലർച്ചെ കണ്ടെത്തിയെന്ന വാർത്ത ഏവരിലും അതീവ ദുഃഖം ജനിപ്പിക്കും. ജോയിയെ കാനയിലെ മാലിന്യമലയ്ക്കുള്ളിൽ വീണ് കാണാതായപ്പോൾ മുതൽ ഞായറാഴ്ച രാത്രി വരെ വിവിധ സേനാംഗങ്ങളുടെ സംഘങ്ങൾ ജീവൻ പോലും പണയപ്പെടുത്തി രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു വരികയായിരുന്നു. കൊച്ചിയിൽ നിന്നുള്ള നാവികസംഘം തിങ്കളാഴ്ച പ്രഭാതത്തിൽ തിരച്ചിലിന് ഒരുങ്ങുന്നതിനിടയിലാണ് ജഡം കണ്ടെത്തിയ വിവരം ലഭിക്കുന്നത്. ജോയിയുടേത് അപകടമരണം എന്നതിലുപരി,​ മനുഷ്യക്കുരുതിയായി വേണം കരുതാൻ. ഉദ്യോഗസ്ഥ സംവിധാനങ്ങളുടെ ഭീകര പരാജയമാണ് ഇത്തരമൊരു സ്ഥിതി സൃഷ്ടിച്ചതെന്ന് നിസ്സംശയം പറയാം.

പാവപ്പെട്ട ആ ചെറുപ്പക്കാരൻ ഒരു ദിവസം കൂലിയായിക്കിട്ടുന്ന 1500 രൂപ കൊണ്ട് അന്നത്തെ വീട്ടുചെലവുകൾ നിർവഹിക്കാൻ വേണ്ടിയാണ് കാനയിൽ മാലിന്യം വാരാനെത്തിയത്. ഇരച്ചെത്തിയ മഴവെള്ളത്തിൽ കാൽ വഴുതി മാലിന്യത്തിനടിയിൽ പെട്ടുപോയ ജോയിക്ക് രക്ഷപ്പെടാൻ യാതൊരു വഴിയുമില്ലായിരുന്നു. ജോയിയുടെ രക്തസാക്ഷിത്വത്തിലൂടെയാണ് നഗരത്തെ ചൂഴ്‌ന്നു നിൽക്കുന്ന ഈ മാലിന്യഭീഷണിയുടെ ആഴവും പരപ്പും ജനങ്ങൾക്കു ബോദ്ധ്യമായത്. നഗരവാസികൾ പൊതു ഇടങ്ങളിൽ യാതൊരു ഉളുപ്പുമില്ലാതെ നിക്ഷേപിക്കുന്ന മാലിന്യങ്ങളാണ് നീക്കം ചെയ്യപ്പെടാതെ നഗരത്തിലെ ഓവുചാലുകളിലും തുറന്ന കാനകളിലും തോടുകളിലും കായലുകളിലുമായി കെട്ടിനിൽക്കുന്നത്. ജോയിക്കു വേണ്ടിയുള്ള രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നതിനിടെ നഗരസഭയും റെയിൽവേയും ജലസേചന വകുപ്പും പരസ്പരം പഴിചാരി തങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ നടത്തിയ അത്യധികം നിന്ദ്യവും പരിഹാസ്യവുമായ ശ്രമങ്ങളും ജനങ്ങൾ കണ്ടു.

തമ്പാനൂരിൽ റെയിൽവേ പാളങ്ങൾക്കടിയിലൂടെ പോകുന്ന കാനയിൽ അടിഞ്ഞുകൂടുന്ന മാലിന്യം നീക്കം ചെയ്യാനുള്ള ഉത്തരവാദിത്വം റെയിൽവേയ്ക്കാണെന്ന് കോർപ്പറേഷൻ വാദിക്കുമ്പോൾ തങ്ങൾ അതു ചെയ്യുന്നുണ്ടെന്നാണ് റെയിൽവേയുടെ മറുപടി. വാദപ്രതിവാദങ്ങൾ തുടരുമ്പോഴും കാനകളിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങൾക്ക് യാതൊരു അറുതിയുമില്ല. ശുചിത്വ മിഷനും ഹരിതകർമ്മസേനയുമൊക്കെ ഉണ്ടെങ്കിലും മാലിന്യ സംഭരണവും സംസ്കരണവും നഗരത്തിൽ ഭാഗികമായി മാത്രമേ നടക്കുന്നുള്ളൂ. പതിറ്റാണ്ടുകളായി ഇതേക്കുറിച്ചെല്ലാം ആലോചനകളും പദ്ധതി സമർപ്പണവുമെല്ലാം മുറയ്ക്കു നടക്കുന്നുണ്ട്. പ്രവൃത്തിപഥത്തിൽ ഒന്നും എത്തുന്നില്ലെന്നു മാത്രം. ജോയിയുടെ നിർഭാഗ്യകരമായ മരണത്തിന് നമ്മുടെ പഴകിത്തുരുമ്പിച്ച സംവിധാനങ്ങളും നടപടിക്രമങ്ങളിൽ അടയിരിക്കുന്ന ഉദ്യോഗസ്ഥന്മാരുമാണ് ഉത്തരവാദികൾ. മാലിന്യപ്രശ്നത്തിൽ മാത്രമല്ല ജനജീവിതം ദുഷ്കരമാക്കുന്ന ഒട്ടേറെ പ്രതിസന്ധികൾക്കും ഇവരൊക്കെത്തന്നെയാണ് കാരണക്കാർ.

ജോയിയുടെ അകാലമരണത്തിന് നഗരവാസികളും ഉത്തരവാദികളാണ്. പൊതു ഇടങ്ങളിൽ മാലിന്യം ഉപേക്ഷിക്കുന്ന ശീലം ആളുകൾ ഉപേക്ഷിക്കുന്നില്ലെങ്കിൽ ഇതുപോലുള്ള അത്യാഹിതങ്ങൾ ഉണ്ടാകും. മാലിന്യശേഖരണത്തിനും സംസ്കരണത്തിനും നഗരസഭയും തദ്ദേശവകുപ്പും ഫലപ്രദമായ കർമ്മപദ്ധതികൾ ആവിഷ്കരിക്കണം. മാലിന്യസംസ്കരണ പ്ളാന്റുകൾ സ്ഥാപിച്ച് നഗരമാലിന്യങ്ങൾ ശാസ്‌ത്രീയമായി സംസ്കരിക്കണം. ഇടയ്ക്ക് നിറുത്തിവച്ച 'ഓപ്പറേഷൻ അനന്ത" പുനരാരംഭിച്ച് നഗരത്തെ വെള്ളക്കെട്ടിൽനിന്നു മോചിപ്പിക്കാനുള്ള അവസരമായി ഈ ദുരന്തത്തെ മാറ്റിയെടുക്കണം. ജോയിയുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തിനു പുറമേ,​രണ്ടുദിവസം ഏറ്റവും ക്ളേശകരവും മനംമടുപ്പിക്കുന്നതുമായ സാഹചര്യത്തിൽ മാലിന്യവാഹിനിയിൽ നിന്നുകൊണ്ട് രക്ഷാപ്രവർത്തനങ്ങളിലേർപ്പെട്ട സേനാംഗങ്ങൾക്ക് പാരിതോഷികം നൽകാനും നടപടിയുണ്ടാകണം. എത്ര വാഴ്‌ത്തിയാലും അധികമാകില്ല,​ ഈ സേനാംഗങ്ങളുടെ പുണ്യപ്രവൃത്തി.

Advertisement
Advertisement