തട്ടിപ്പിന്റെ ലിങ്കുകൾ നീളുന്നു, സഹായത്തിന് വിളിക്കാം ...1930

Tuesday 16 July 2024 1:25 AM IST

പത്തനംതിട്ട : ജില്ലയിൽ സൈബർ തട്ടിപ്പുകൾ വർദ്ധിക്കുന്നതായും ജാഗ്രത വേണമെന്നും പൊലീസിന്റെ മുന്നറിയിപ്പ്.

ഉന്നത പൊലീസുദ്യോഗസ്ഥൻ ചമഞ്ഞ് യൂണിഫോമിൽ വീഡിയോ കോളിലൂടെ തട്ടിപ്പുകൾ നടത്തിയത് ഉൾപ്പെടെയുള്ള സംഭവങ്ങൾ രാജ്യത്ത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി പൊലീസ് രംഗത്ത് എത്തിയത്. സി.ബി.ഐ, എൻ.സി.ബി, സംസ്ഥാന പൊലീസ് തുടങ്ങിയ വിഭാഗങ്ങളുടെ പേരിൽ തട്ടിപ്പ് വ്യാപകമാകുകയാണ്. സൈബർ തട്ടിപ്പ് സംഘങ്ങൾ ബന്ധപ്പെടുന്നതായി സംശയം തോന്നിയാൽ പൊലീസിന്റെ സഹായം തേടണം. ഫോൺ : 1930.

വെർച്വൽ അറസ്റ്റ്, ജില്ലയിൽ 2 കേസുകൾ

പാഴ്‌സലിൽ മയക്കുമരുന്നുകൾ, സ്വർണം, ഡോളർ എന്നിവ കണ്ടെത്തിയെന്നും അശ്ലീല സൈറ്റുകൾ സന്ദർശിച്ചെന്നുമുള്ള കാരണങ്ങൾ നിരത്തിയാണ് തട്ടിപ്പുകാർ ഭയപ്പെടുത്തുക. തട്ടിപ്പിനായി വ്യാജ വാറന്റുകളോ എഫ്.ഐ.ആറുകളോ അയയ്ക്കും. വീഡിയോ കോളിനിടെ 'വെർച്വൽ അറസ്റ്റിലാണെന്നും അറിയിക്കും. പണം നൽകിയാൽ കേസിൽ നിന്ന് ഒഴിവാക്കാമെന്ന് വാക്കുനൽകും. ഫെഡക്‌സ് കൊറിയർ എന്ന സ്ഥാപനത്തിന്റെ പേരിൽ നടക്കുന്ന ഇത്തരം തട്ടിപ്പ് ഫെഡക്‌സ് ഫ്രാഡ് ' എന്നാണ് അറിയപ്പെടുന്നത്. വിളിക്കുന്നവർ അക്കൗണ്ടിലുള്ള മുഴുവൻ പണവും കൈമാറാൻ ആവശ്യപ്പെടും. വിളിക്കുന്ന വ്യക്തി ഇരയുടെ പേരും വിലാസവും പറയുമ്പോൾ പലരും വിശ്വസിക്കും.

ജില്ലയിൽ ഇത്തരത്തിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. സി.ബി.ഐയുടെ വ്യാജ ലെറ്റർ പാഡ് കാട്ടി നടത്തിയ തട്ടിപ്പിന് ആറൻമുള പൊലീസെടുത്ത കേസിൽ ഇരയ്ക്ക് നഷ്ടമായത് പതിനാലര ലക്ഷത്തിലധികം രൂപയാണ്. പന്തളത്ത് നടത്തിയ തട്ടിപ്പിൽ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു. ഇരു കേസുകളിലും ഇരകളായത് സ്ത്രീകളാണ്.

നിക്ഷേപ കച്ചവട തട്ടിപ്പിൽ 8 കോടി നഷ്ടം

സാമൂഹ്യമാദ്ധ്യമങ്ങൾ ഉപയോഗിച്ച് നടത്തുന്ന നിക്ഷേപ കച്ചവടത്തട്ടിപ്പാണ് സൈബർ ലോകത്ത് വ്യാപകമാകുന്ന മറ്റൊരു കുറ്റകൃത്യം. ജില്ലയിൽ കഴിഞ്ഞ രണ്ടുവർഷമായി 25 കേസുകളിലായി 8 കോടിയോളം രൂപയാണ് പരാതിക്കാർക്ക് നഷ്ടപ്പെട്ടത്. ഇതിൽ 2, 68, 988 രൂപ തിരിച്ചു കിട്ടി. സൈബർ പൊലീസ് സ്റ്റേഷനിൽ 10 ഉം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ 15നും കേസുകളാണ് രജിസ്റ്റർ ചെയ്തത്.

ജില്ലയിലെ സൈബർ കുറ്റകൃത്യങ്ങൾ

2022ൽ : 1849

2023ൽ : 2105

ഈവർഷം ഇതുവരെ : 776

[13 പ്രതികൾ അറസ്റ്റിൽ ‌]

പലരും ഒന്നിൽ കൂടുതൽ ചതിക്കപ്പെടുമ്പോൾ മാത്രമാണ് പൊലീസിൽ പരാതിപ്പെടുന്നത്. പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ളവർ വ്യത്യസ്തമായ സൈബർ തട്ടിപ്പുകളിൽ ഇരകളാകുന്നു. ആളുകൾ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണം.

വി.അജിത്ത്, ജില്ലാ പൊലീസ് മേധാവി

Advertisement
Advertisement