കേരളത്തില്‍ തെക്ക് മുതല്‍ വടക്ക് വരെ ആറ്‌വരി പാത പണിയുന്നത് വെറുതേയല്ല, എല്ലാം മുന്നില്‍ക്കണ്ട് കേന്ദ്രം

Monday 15 July 2024 8:31 PM IST

തിരുവനന്തപുരം: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 643 കിലോമീറ്ററിലാണ് ദേശീയപാത നിര്‍മാണം പുരോഗമിക്കുന്നത്. തെക്ക് മുതല്‍ വടക്ക് വരെയുള്ള ഗതാഗതപ്രശ്‌നത്തിന് പരിഹാരമാകുമെന്നത് ദേശീയപാതയുടെ നിരവധി ഗുണങ്ങളില്‍ ഒന്ന് മാത്രമാണ്. 17 റീച്ചുകളിലായി പണികഴിപ്പിക്കുന്ന ദേശീയപാത ആത്യന്തികമായി വിഴിഞ്ഞം തുറമുഖത്തിലാണ് ചെന്ന് നില്‍ക്കുന്നത്. വിഴിഞ്ഞം കൈകാര്യം ചെയ്യാന്‍ പോകുന്ന കണ്ടെയ്‌നറുകളുടെ എണ്ണം മാത്രം പരിശോധിച്ചാല്‍ മതി ദേശീയപാതയുടെ പ്രാധാന്യം എന്താണെന്ന് മനസ്സിലാകാന്‍.

ഒന്നാംഘട്ടം പൂര്‍ത്തിയാകുമ്പോള്‍ വിഴിഞ്ഞത്ത് പത്ത് ലക്ഷം കണ്ടെയ്‌നറുകള്‍ വന്നിറങ്ങും. 84 ശതമാനം ഫീഡര്‍ ഷിപ്പുകളിലാണ് ചരക്ക് കൈമാറ്റം ചെയ്യപ്പെടുന്നതെങ്കിലും ബാക്കിയുള്ള 16 ശതമാനം റോഡ് മാര്‍ഗം തന്നെയാണ് കൈകാര്യം ചെയ്യപ്പെടുക. 2028ല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ അവസാനഘട്ടവും പൂര്‍ത്തിയാകുമ്പോള്‍ പ്രതിവര്‍ഷം കൈകാര്യം ചെയ്യുക 30 ലക്ഷം കണ്ടെയ്‌നറുകളാണ്. ഇതില്‍ നല്ലൊരു ഭാഗം റോഡുകളിലൂടെയാണ് കൊണ്ടുപോകുക.

മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ട് പോകാന്‍ മെച്ചപ്പെട്ട റോഡ് സംവിധാനം വേണ്ടതുണ്ട്. അവിടെയാണ് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും കൈകോര്‍ത്തത് ഭാവിയില്‍ എത്രമാത്രം ഗുണം ചെയ്യുമെന്ന് മനസ്സിലാകുക. ചുരുക്കിപ്പറഞ്ഞാല്‍ വിഴിഞ്ഞത്തിന്റെ ഗുണം കേരളത്തിന് മുഴുവന്‍ കിട്ടുമെന്ന് വെറുതേ പറയുന്നതല്ലെന്നതിന്റെ ആദ്യ ഉദാഹരണമാണ് തെക്ക് തിരുവനന്തപുരം മുതല്‍ വടക്ക് കാസര്‍കോട് വരെ നീണ്ട് നിവര്‍ന്ന് കിടക്കുന്ന ഈ ആറ് വരി പാത. അടുത്ത വര്‍ഷം അവസാനത്തോടെ നിര്‍മാണപ്രവര്‍ത്തനം പൂര്‍ണമാകുമെന്നാണ് നിയമസഭയില്‍ മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചത്.

വിഴിഞ്ഞത്തിന്റെ അനുബന്ധ വികസനം ദേശീയപാതയില്‍ മാത്രം ഒതുങ്ങുന്നതല്ല. തിരുവനന്തപുരം ജില്ലയുടേയും പ്രത്യേകിച്ച് തലസ്ഥാന നഗരത്തിന്റേയും മുഖം തന്നെ മാറുന്ന പദ്ധതികളാണ് സമീപഭാവിയില്‍ കേരളത്തെ കാത്തിരിക്കുന്നത്. വിമാനത്താവള വികസനമാണ് ഇതില്‍ പ്രധാനപ്പെട്ടത്. വിഴിഞ്ഞം തുറമുഖം പോലെ തന്നെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളവും അദാനിയുടെ കയ്യിലാണ്. ഷിപ്പിംഗ് കമ്പനികള്‍ ഇപ്പോള്‍ തന്നെ കൊളംബോ പോര്‍ട്ടിനെ കൈവിട്ട് വിഴിഞ്ഞത്തോട് താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്.

ഷിപ്പിംഗ് കമ്പനി പ്രതിനിധികള്‍, ചരക്ക് നീക്കം കൂടുതല്‍ സജീവമാകുമ്പോഴും ഒപ്പം തുറമുഖത്തിന്റെ വികസനം ഓരോ ഘട്ടം പിന്നിടുമ്പോഴും തലസ്ഥാനത്തേക്ക് വന്നിറങ്ങുന്ന ബിസിനസ് പ്രതിനിധികളുടെ എണ്ണവും വര്‍ദ്ധിക്കും. ഇതിന് മെച്ചപ്പെട്ട എയര്‍ കണക്റ്റിവിറ്റി ആവശ്യമുണ്ട്. സ്വാഭാവികമായും തിരുവനന്തപുരം വിമാനത്താവളത്തില്‍ ടെര്‍മിനല്‍ വികസനം ഉള്‍പ്പെടെ സമീപഭാവിയില്‍ നടക്കും. അതോടൊപ്പം തന്നെ ഹോട്ടല്‍ മേഖലയിലും കൂടുതല്‍ സ്വകാര്യ നിക്ഷേപത്തിന് സാദ്ധ്യതയുണ്ട്. വിമാനത്താവളത്തോട് ചേര്‍ന്ന് വമ്പന്‍ ഹോട്ടല്‍ സമുച്ചയം അദാനി ഒരുക്കുന്നതും ഇതെല്ലാം മുന്നില്‍ക്കണ്ട് തന്നെയാണ്.

മൈഗ്രേഷന്‍ പോപ്പുലേഷന്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ തലസ്ഥാന നഗരത്തിന്റെ ജനസംഖ്യയെ ഉയര്‍ത്തും. അതുകൊണ്ട് തന്നെ റോഡ്, റെയില്‍ ഗതാഗതങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. പ്രത്യേക സാമ്പത്തിക ഇടനാഴിയെന്ന ആശയം സര്‍ക്കാരിന്റെ മനസ്സിലുണ്ട്. ഇതിനോടൊപ്പം ഐടി നഗരമെന്നരീതിയിലുള്ള വളര്‍ച്ചകൂടിയാകുമ്പോള്‍ തിരുവനന്തപുരത്തേക്ക് കുടിയേറുന്നവരുടെ എണ്ണത്തില്‍ പ്രതീക്ഷിക്കുന്നതിലും വലിയ വര്‍ദ്ധനവുണ്ടാകും. അതിനനുസരിച്ച് പാര്‍പ്പിട സമുച്ചയങ്ങളുടെ എണ്ണവും ഉയരും.

ജനസാന്ദ്രത വര്‍ദ്ധിക്കുകയും ഒപ്പം കണ്ടെയ്‌നറുകളുടെ റോഡ് മാര്‍ഗമുള്ള മൂവ്‌മെന്റ് വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍ ഗതാഗത കുരുക്ക് ഇപ്പോഴുള്ളതിന്റെ പതിന്‍മടങ്ങ് ഉയരും. മെട്രോ പോലുള്ള പൊതുഗതാഗത സൗകര്യങ്ങള്‍ ഈ ഘട്ടത്തില്‍ തലസ്ഥാന നഗരത്തിന് ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നായി മാറും. അതുകൊണ്ട് തന്നെ കണ്ടെയ്‌നറുകളുടെ ട്രാഫിക് വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് ദേശീയപാതയില്‍ കാണിച്ച ദീര്‍ഘവീക്ഷണം മറ്റ് അനുബന്ധ അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിലും അധികാരികള്‍ ശ്രദ്ധിക്കേണ്ടിവരും.

Advertisement
Advertisement