കെ.എസ്.ഇ.ബി ജീവനക്കാരനെ വധിക്കാൻ ശ്രമം: ജീപ്പ് പിടികൂടി

Tuesday 16 July 2024 1:38 AM IST

ചിറ്റാരിക്കൽ (കാസർകോട്): വീട്ടിലെ വൈദ്യുതി മീറ്റർ മാറ്റിവച്ച കെ.എസ്.ഇ.ബി കരാർ ജീവനക്കാരൻ അരുൺ കുമാറിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതി ഉപയോഗിച്ച ജീപ്പ് പൊലീസ് കസ്റ്രഡിയിലെടുത്തു. പ്രതിയും പിടിയിലായതായി സൂചനയുണ്ട്. ചിറ്റാരിക്കാൽ പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി കാറ്റാംകവലയിലെ സന്തോഷ് ജോസഫാണ് മുങ്ങിയിരുന്നു. കാറ്റാംകവലയിൽ മില്ല് നടത്തുന്ന ഇയാൾ ജീപ്പുമായി ഓടിച്ചു വന്ന് അരുൺകുമാറിന്റെ ബൈക്കിൽ ഇടിച്ചു വീഴ്ത്തിയ ശേഷം ജാക്കി ലിവർ കൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചു എന്നാണ് കേസ്.

സന്തോഷിനെ കണ്ടെത്താൻ ചിറ്റാരിക്കാൽ എസ്.ഐ രതീഷിന്റെ നേതൃത്വത്തിൽ ഇന്നലെ മുഴുവൻ തെരച്ചിൽ നടത്തി. തെരച്ചിലിന് ഇടയിലാണ് ജീവനക്കാരന്റെ ബൈക്കിൽ ഇടിച്ച ജീപ്പ് പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട സന്തോഷ് ചിറ്റാരിക്കാൽ പറമ്പയിലെ ഒരു വീട്ടിൽ കയറ്റിവച്ച നിലയിലാണ് ജീപ്പ് കണ്ടെത്തിയത്. സ്റ്റാർട്ട് ആകാത്തതിനാൽ ഇന്നലെ വൈകുന്നേരം മോട്ടോർ മെക്കാനിക്കിനെ കൂട്ടിക്കൊണ്ടുവന്നാണ് രാത്രി ജീപ്പ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. വീട്ടിലെ കേടായ മീറ്റർ മാറ്റിവച്ചതിന്റെ വൈരാഗ്യത്തിൽ ചിറ്റാരിക്കാൽ കാറ്റാംകവലയിൽ വച്ച് ഉണ്ടായ അക്രമത്തിൽ സാരമായി പരിക്കേറ്റ അരുൺ കുമാർ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. നല്ലോം പുഴ കെ.എസ്.ഇ.ബി ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരം ജോസഫിന്റെ വീട്ടിലെ കേടായ മീറ്റർ മാറ്റിവയ്ക്കാനാണ് അരുൺ കുമാറും അനീഷും എത്തിയിരുന്നത്.

Advertisement
Advertisement