പ്രചാരണത്തിൽ ചോര പുരളുമ്പോൾ

Tuesday 16 July 2024 8:42 PM IST

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇങ്ങനെയൊരു ട്വിസ്റ്റ് ഒരുപക്ഷേ ഡൊണാൾഡ് ട്രംപ് പോലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. വീണ്ടും പ്രസിഡന്റാകാനൊഒരുങ്ങുന്ന ട്രംപിന് ഇതിലും വലിയൊരു 'ട്രമ്പ് കാർഡ്" ലഭിക്കാനുമില്ല. പ്രസിഡന്റ് ജോ ബൈഡന്റെ ഓർമ്മക്കുറവും പ്രായാധിക്യവുമായിരുന്നു ഇതുവരെ ചർച്ചാവിഷയമെങ്കിൽ, ഒറ്റദിവസം കൊണ്ട് ചിത്രം മാറി. വീരശൂരപരാക്രമിയെപ്പോലെ ചോരയൊലിപ്പിച്ചു നിന്ന് മുഷ്‌ടിചുരുട്ടി ' പോരാട്ടം തുടരും" എന്നു പ്രഖ്യാപിക്കുന്ന ട്രംപിന്റെ ചിത്രമാണ് അമേരിക്കൻ സാമൂഹ്യമാദ്ധ്യമങ്ങളിൽ നിറയുന്നത്.

നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ളിക്കൻ പാർട്ടിക്കും ഇതിൽപ്പരമൊരു പ്രചരണായുധം ലഭിക്കാനില്ല. എഴുപത്തിയെട്ടുകാരനായ ട്രംപ് താനൊരു ചെറുപ്പക്കാരനാണെന്ന മട്ടിലായിരുന്നു 81കാരനായ ബൈഡനെ നേരിട്ടിരുന്നത്. അക്രമിയുടെ വെടിയേറ്റ് കുനിഞ്ഞിരുന്ന ശേഷം ട്രംപ് തന്റെ രണ്ടാം രാഷ്ട്രീയ ജന്മത്തിലേക്കു കൂടിയാണ് തലയുയർത്തി എഴുന്നേറ്റത്. തന്റെ പ്രസിഡന്റ്‌ഷിപ്പിന്റെ ആദ്യ കാലയളവിനെ കരിതേച്ചു കാണിക്കാൻ വലിയ ഗൂഢാലോചന നടന്നുവെന്ന് നിരന്തരം ആരോപിക്കുന്ന ട്രംപിന് ഈ വധശ്രമം രാഷ്ട്രീയ അതിക്രമങ്ങളുടെ ഇര എന്ന പ്രതിച്ഛായ കൂടി നേടിക്കൊടുത്തിട്ടുണ്ട്.

അമേരിക്കയിലെവിടെയും സംഭാഷണവിഷയം ട്രംപിനു നേരെയുണ്ടായ വധശ്രമമാണ്. 'തലനാരിഴയ്‌ക്കല്ലേ ട്രംപ് രക്ഷപ്പെട്ടത്..., ഇനിയൊരിക്കൽക്കൂടി ഭരിക്കാൻ ദൈവം അവസരം നൽകിയതല്ലേ..." ഈ രീതിയിലാണ് കമന്റുകൾ. പക്ഷേ ലോക പൊലീസ് ചമയുമ്പോഴും മുൻ പ്രസിഡന്റുപോലും സുരക്ഷിതനല്ലെന്ന കാര്യം വലിയ ചർച്ചയാകുന്നില്ല. വധശ്രമം നേരിട്ടശേഷം ആദ്യമായി സംസാരിക്കവെ ട്രംപ് നടത്തിയ പരാമർശങ്ങൾ ശ്രദ്ധിച്ചാൽ ഈ തുറുപ്പുചീട്ട് സമർത്ഥമായി താൻ ഉപയോഗിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്.

''എന്റെ പ്രചാരണരീതി ഞാൻ മാറ്റിയെഴുതി. ഇനി ബൈഡന് എതിരെയല്ല. മറിച്ച് ഐക്യത്തോടെ അമേരിക്ക നിലകൊള്ളുന്നതിനു വേണ്ടിയാണ് പോരാട്ടം. വെടിയേറ്റശേഷം ഞാൻ മുഷ്‌ടി ചുരുട്ടിയത് അമേരിക്കക്കാർ കരുത്തരാണെന്ന് പ്രഖ്യാപിക്കാൻ വേണ്ടിയാണ്. ഇത് ഒരു പദ്ധതിയായിരുന്നു. എന്റെ തലനാരിഴയ്‌ക്കുള്ള രക്ഷപ്പെടൽ വീണ്ടും അമേരിക്കയെ നയിക്കാൻ എനിക്കു ലഭിച്ച വലിയ അവസരമായാണ് കാണുന്നത്. ''- കുറിക്കുകൊള്ളുംവിധം അമേരിക്കക്കാരുടെ ആത്‌മാഭിമാനമുണർത്താൻ ട്രംപിന് കഴിഞ്ഞുവെന്നാണ് പൊതു വിലയിരുത്തൽ. അതിന്റെ സൂചകമാണ് ട്രംപിന്റെ മകൻ എറിക് ട്രംപിന്റെ വാക്കുകൾ: ' അമേരിക്കയെ രക്ഷിക്കാനുള്ള പോരാട്ടം അദ്ദേഹം ഒരിക്കലും അവസാനിപ്പിക്കില്ല. ഇതുപോലൊരു പോരാളിയെയാണ് അമേരിക്കയ്ക്ക് ഇപ്പോൾ ആവശ്യം."

വെടിവയ്‌പ്പ് അമേരിക്കയ്ക്ക് പുത്തരിയല്ല. എബ്രഹാം ലിങ്കണും കെന്നഡിയുമടക്കം നാലു പ്രസിഡന്റുമാർ വധിക്കപ്പെട്ടു. റൂസ്‌വെൽറ്റും ട്രൂമാനും ഫോർഡും റീഗനുമടക്കം അനവധി പ്രസിഡന്റുമാർ വധശ്രമത്തിൽ നിന്ന് കഷ്ടിച്ചു രക്ഷപ്പെട്ടു. തോക്കു സംസ‌്‌‌കാരം അമേരിക്കയെ പിടിച്ചുലയ്‌ക്കുമ്പോൾ ആ സംസ്‌‌ക്കാരത്തിൽ ഊറ്റം കൊള്ളുന്നയാളാണ് ട്രംപ്. അമേരിക്കൻ നാഷണൽ റൈഫിൾ അസോസിയേഷന്റെ സമ്മേളനത്തിൽ ട്രംപ് ഇക്കാര്യം തുറന്നുപറഞ്ഞിട്ടുമുണ്ട്. തോക്കുപയോഗിച്ചുള്ള കൊലയുടെ കാര്യത്തിൽ മറ്റു സമ്പന്ന രാജ്യങ്ങളിലേതിനേക്കാൾ 25 ഇരട്ടിയാണ് അമേരിക്കൻ കണക്ക്. ഇതൊന്നും ട്രംപിനെ അലട്ടാറില്ല. എന്നാൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായ പ്രസിഡന്റ് ബൈഡൻ ഇക്കുറി മുന്നോട്ടുവച്ചിട്ടുള്ള രണ്ടു മുദ്രാവാക്യങ്ങൾ 'ഗൺ കൾച്ചർ" നിയന്ത്രണവും ഗർഭം അലസിപ്പിക്കൽ നയത്തിൽ ഇളവുകൾ വേണമെന്നുമാണ്. ഗർഭം അലസിപ്പിക്കുന്നത് വ്യക്തിസ്വാതന്ത്ര്യ‌ത്തിന്റെ വിഷയമായി കാണണമെന്ന നിലപാടാണ് ബൈഡന്റേത്. എന്നാൽ ഭ്രൂണഹത്യ കൊലപാതകമായും ക്രൈസ്‌തവ വിശ്വാസത്തിന് എതിരായുമാണ് ട്രംപ് കാണുന്നത്.

വൈസ് പ്രസിഡന്റ് എന്ന നിലയിൽ മാത്രമല്ല,​ ഒബാമയുടെ കാലത്ത് അമേരിക്കയുടെ വിദേശ നയ രൂപീകരണത്തിലും നിർണായക പങ്കുവഹിച്ച പരിചയസമ്പത്താണ് ബൈഡന്റെ പ്രധാന മികവ്. സാമ്പത്തിക പ്രതിസന്ധിയിലേക്കു പോകാതെ അമേരിക്കയെ പിടിച്ചുനിറുത്തിയെന്ന ഖ്യാതിയും ബൈഡനുണ്ട്. പക്ഷേ പ്രകടമായ നിലയിൽ മറവിരോഗം ബാധിച്ചുവെന്ന ആരോപണം ബൈഡന്റെ സ്ഥാനാർത്ഥിത്വം തന്നെ പിൻവലിക്കണമെന്ന ചിന്ത ഡെമോക്രാറ്റുകൾക്കിടയിൽത്തന്നെ ശക്തമാകുന്നുണ്ട്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ട്രംപ് ശക്തമായ സൗഹൃദം നിലനിറുത്തിയ വ്യക്‌തിയാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുപ്പവും ട്രംപ് ഇന്ത്യയിൽ വന്നതും അതിന് ഉദാഹരണമായിരുന്നു. ട്രംപിനു നേരെയുണ്ടായ വധശ്രമത്തെ ആദ്യം അപലപിച്ച ലോക നേതാക്കളിൽ നരേന്ദ്ര മോദിയും ഉൾപ്പെട്ടിരുന്നു.

അമേരിക്കയെ ആരു ഭരിച്ചാലും അടിസ്ഥാനപരമായ നയസമീപനങ്ങളിൽ നിന്ന് വ്യതിചലിക്കാതിരിക്കാനുള്ള ഭരണ സംവിധാനം (ഡീപ് സ്‌റ്റേറ്റ്) ഉണ്ട്. പ്രസിഡന്റ് പദവിയിലിരുന്ന് എന്തു വാചകമടിച്ചാലും അടിസ്ഥാന പ്രമാണങ്ങളിൽ നിന്ന് മാറി നടക്കാൻ ഒരു പ്രസിഡന്റിനും കഴിയുകയില്ല.

ലോക രാഷ്ട്രീയത്തിൽ വലിയ താത്‌പര്യമില്ലാത്ത നേതാവു കൂടിയാണ് ട്രംപ്. വീണ്ടും വന്നാൽ യുക്രെയിനോടുള്ള നയത്തിൽ മാറ്റം വരുത്തുമോയെന്ന ആശങ്ക നാറ്റോ രാഷ്ട്രങ്ങൾക്കുണ്ട്. റഷ്യൻ പ്രസിഡന്റ് പുട്ടിനുമായി സൗഹൃദം പുലർത്തുന്നുവെന്ന അപവാദം ട്രംപിന് നേരിടേണ്ടിവന്നിട്ടുമുണ്ട്. പ്രസിഡൻഷ്യൽ ഡിബേറ്റിൽ ലഭിച്ച മുൻതൂക്കം ഇപ്പോൾ നടന്ന വധശ്രമത്തോടെ ട്രംപ് വർദ്ധിപ്പിച്ചിരിക്കുകയാണ്. രക്തമൊലിപ്പിച്ച് എഴുന്നേറ്റുനിന്ന് 'പോരാടുക" (Fight) എന്ന് ട്രംപ് വിളിച്ചുപറഞ്ഞപ്പോൾ അമേരിക്ക.... അമേരിക്ക എന്ന് ആർത്തുവിളിച്ചാണ് ജനത പ്രതികരിച്ചത്. അമേരിക്കയെ നയിക്കാൻ താനല്ലാതെ മറ്റാര് എന്ന ഹിറ്റ് ചെയ്യുന്ന പ്രചാരണ മുദ്രാ‌വാക്യമാണ് ട്രംപ് അവിടെ ഉർത്തിയത്. അമേരിക്കയിൽ പൊതുവേ നല്ല കാലാവസ്ഥയാണ്. വലിയ തണുപ്പില്ല. എന്നാൽ ചൂടുണ്ട്. പക്ഷേ രാഷ്ട്രീയച്ചൂട്- പ്രത്യേകിച്ച്,​ തിരഞ്ഞെടുപ്പ് പ്രചാരണച്ചൂട് ഉയരുകയാണ്.

Advertisement
Advertisement