ആരോഗ്യമില്ലാതെ ആരോഗ്യമേഖല

Tuesday 16 July 2024 11:16 PM IST

ആരോഗ്യമന്ത്രിയുടെ സ്വന്തം നാടാണ് പത്തനംതിട്ട. അതുകൊണ്ട് തന്നെ ജില്ലയുടെ ആരോഗ്യപ്രവർത്തനങ്ങളും പൊതുവെ മെച്ചപ്പെടേണ്ടതാണ്. എന്നാൽ കാലവർഷമെത്തിയതോടെ ജില്ലയിൽ പകർച്ചവ്യാധിയും മഴക്കാല രോഗങ്ങളും പടർന്നുപിടിക്കുകയാണ്. മന്ത്രി ഇടയ്ക്കിടെ ജില്ലയിൽ എത്താറുണ്ട്. അപ്പോഴെക്കെ ജില്ലയുടെ ആരോഗ്യം എങ്ങനെയുണ്ടെന്ന് അന്വേഷിക്കുന്നുണ്ടോ എന്നറിഞ്ഞുകൂട. എതായാലും ഒരു കാര്യം അന്വേഷിക്കുന്നുണ്ടെന്ന് നാട്ടുകാർക്ക് ഉറപ്പുണ്ട്. മറ്റു പാർട്ടികളിൽ നിന്ന് ആരെങ്കിലും സ്വന്തം പാർട്ടിയിലേക്ക് വരാനുണ്ടോയെന്ന്. അങ്ങനെയാണ് ഒറ്റയടിക്ക് അറുപത്തിരണ്ട് ബി.ജെ.പിക്കാരെ സി.പി.എമ്മിന് കിട്ടിയത്. പാർട്ടിയിലേക്ക് വന്ന് മാലയിട്ട് മന്ത്രിക്കൊപ്പം ഫോട്ടോയ്ക്ക് നിന്നവരിൽ കാപ്പാ കേസ് പ്രതി മുതൽ വധശ്രമ കേസ് പ്രതികൾ വരെയുണ്ടായിരുന്നു. അതൊന്നും ഇക്കാലത്ത് ഒരു വിഷയമല്ല. മന്ത്രിക്ക് ഇപ്പോൾ പാർട്ടിയുടെ ആരോഗ്യമാണ് വലുത് എന്നുള്ളതുകൊണ്ട് ആരൊക്കെയാണ് കൂടെ നിൽക്കുന്നതെന്ന് നോക്കേണ്ടതില്ല.

ചോരുന്ന പാർട്ടിയുടെ ആരോഗ്യം

പാർലമെന്റ് തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ നിന്നും കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർത്ഥി ആന്റോ ആന്റണി വിജയിച്ചത്. മന്ത്രി പാർട്ടിയിലേക്ക് വന്ന നാൾ മുതൽ പിന്തുണച്ചു നിൽക്കുന്ന ഡോ. തോമസ് ഐസക്കിന്റെ പരാജയം മന്ത്രിയെ മാത്രമല്ല, പാർട്ടിയെ ഒന്നടങ്കം ഉലച്ചുകളഞ്ഞു. പാർട്ടിയിലേക്ക് കൂടുതൽ കൂടുതൽ ആളുകളെ ചേർത്ത് ആരോഗ്യം പതിന്മടങ്ങ് വർദ്ധിപ്പിച്ചുകൊണ്ടാണ് ഇത്തവണ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. പാർട്ടിയുടെ കരുത്തു കൂടിയപ്പോൾ മുന്നണി വലിയ ഭൂരിപക്ഷത്തിൽ തോറ്റു. പാർട്ടിയുടെ ആരോഗ്യം അപ്രതീക്ഷിതമായി ക്ഷയിച്ചു പോയെന്നാണ് കണ്ടെത്തൽ. മന്ത്രിക്കിപ്പോൾ സംസ്ഥാനത്തിന്റെ മൊത്തം ആരോഗ്യവും പാർട്ടിയുടെ ജില്ലയിലെ ആരോഗ്യവും നോക്കണം.

ആരോഗ്യം നഷ്ടമാകുന്ന

സർക്കാർ ആശുപത്രി

ആരോഗ്യമന്ത്രിയുടെ നാടായിട്ടും ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ആരോഗ്യം മോശമാകുന്നത് പലവിധത്തിലാണ്. ഡോക്ടർമാരുടെയും ജീവനക്കാരുടെ സ്ഥലംമാറ്റം, എൻ.എച്ച്.എം ഡോക്ടർമാരുടെ വേതനം മുടങ്ങൽ, ആശുപത്രികളിലെ സ്ഥലപരിമിതികൾ, മരുന്നു ക്ഷാമം, സ്വകാര്യ പ്രാക്ടീസിനായി സർക്കാർ ആശുപത്രികളിൽ നിന്ന് ഡോക്ടർമാർ നേരത്തേ ഇറങ്ങിപ്പോകൽ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങളാണ് വകുപ്പിന്റെ ആരോഗ്യം ഇല്ലാതാക്കുന്നത്. ജില്ലയിൽ മഴക്കാല പനിയും പകർച്ച വ്യാധികളും കുതിച്ചുയരുന്നു. സർക്കാർ ആശുപത്രികളിൽ പനിക്കാർ നിറയുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായ സ്ഥലം മാറ്റങ്ങൾ. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറെ മുന്നറിയിപ്പുമില്ലാതെ ജില്ലയുടെ അതിർത്തി പ്രദേശത്തേയ്ക്ക് പറത്തി. കാഷ്വാലിറ്റി വിഭാഗത്തിലും ഒ.പിയിലും ഡോക്ടർമാരില്ലാതെ വലയുമ്പോഴാണ് പ്രവർത്തി പരിചയമുള്ള വനിതാ ഡോക്ടറെ സ്ഥലം മാറ്റിയത്. പത്തനംതിട്ടയിലും കോഴഞ്ചേരിയിലും അടൂരിലും ഡോക്ടർമാർ നടത്തുന്ന സ്വകാര്യ പ്രാക്ടീസ് കേന്ദ്രങ്ങളിൽ വിജിലൻസ് നടത്തി മിന്നിൽ റെയിഡിൽ പലരും കുടുങ്ങി. അവിടെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനെത്തിയ വിജിലൻസ് സംഘത്തെ കണ്ട് ഡോക്ടർമാർ ഇറങ്ങിയോടിയത് വലിയ നാണക്കേടായി. കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ ഒരു ഡോക്ടർ മറ്റൊരു ഡോക്ടറെ അസഭ്യം പറയുന്നു. കയ്യാങ്കളിയും പ്രതിഷേധപ്രകടനവും ആശുപത്രിക്കുള്ളിലാണ് അരങ്ങേറിയത്. സൂപ്രണ്ട് അക്രമത്തിനിരയായി എന്നാരോപിച്ച് ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർമാർ ധർണയിരുന്നു.

ഡോക്ടർമാർ ഉൾപ്പെടെ നാഷണൽ ഹെൽത്ത് മിഷൻകാരുടെ ശമ്പളം മുടങ്ങിയതാണ് മറ്റൊരു പ്രശ്നം. ആറുമാസമായി കൃത്യമായി ശമ്പളം ലഭിക്കുന്നില്ല. സമരപരിപാടികൾ നടത്തിയിട്ടും ഫലമില്ല. കേന്ദ്രസർക്കാരിന്റെ അറുപത് ശതമാനവും സംസ്ഥാന സർക്കാരിന്റെ നാൽപ്പത് ശതമാനവും തുക ഉപയോഗിച്ചാണു ജീവനക്കാർക്കു ശമ്പളം നൽകുന്നത്. കേന്ദ്ര ചട്ടപ്രകാരം പ്രവർത്തിക്കുന്നില്ലെന്ന പേരിലാണ് എൻ.എച്ച്.എം ഫണ്ട് മുടങ്ങിയത്. ഇതിന് പരിഹാരമായി കഴിഞ്ഞദിവസം ആരോഗ്യ കേന്ദ്രങ്ങളുടെ പേരിനൊപ്പം കേന്ദ്ര നിർദേശ പ്രകാരമുള്ള ബോർഡ് കൂടി വയ്ക്കാൻ തീരുമാനമായത്.

പൂർത്തിയാകാതെ നിർമ്മാണം

പുതിയ കെട്ടിടം പണിയാൻ നിലവിലുള്ളത് പൊളിച്ചതോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കാലു കുത്താനിടമില്ല. മഴ ശക്തമായതോടെ രോഗികൾ ചെളിയിൽ ചവിട്ടി ആശുപത്രിയിലെത്തണം. കെട്ടിടം പണിയുടെ പ്രാഥമിക ജോലികൾ മഴ കാരണം തടസപ്പെട്ടു. പണികൾ പൂർത്തിയാകാൻ ഇനിയും വർഷങ്ങൾ വേണ്ടി വരും. കോന്നിയിൽ സർക്കാർ മെഡിക്കൽ കോളജ് ഉണ്ടായിട്ടും പ്രയോജനമില്ല. സ്പെഷ്യാലിറ്റി വിഭാഗങ്ങൾ ഇല്ലാത്തതിനാൽ കോട്ടയം മെഡിക്കൽ കോളേജിൽ പോകേണ്ട ഗതികേടിലാണ്‌ രോഗികൾ. മഴക്കാലമെത്തിയതോടെ എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ സാംക്രമിക രോഗങ്ങൾ പടർന്ന് പിടിച്ചിട്ടും ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ താളംതെറ്റിയ നിലയിലാണ്. വീടുകളിലും സ്ഥാപനങ്ങളിലും കൃത്യമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം ഉണ്ടെയിരുന്നെങ്കിലും ഇതും നടന്നില്ല. നാടെങ്ങും മാലിന്യങ്ങൾ കുന്നുകൂടിയും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണ്. എലിപ്പനിയും ഡെങ്കിപ്പനിയും വ്യാപകമായി. ആശുപത്രികളിൽ പനിക്കു പോലും മരുന്നില്ലാത്ത അവസ്ഥയാണ്. ഡോക്ടർമാർ മുറി വൈദ്യൻമാരായാണ് ചികിത്സ നടത്തുന്നത്. പനിയുമായി വരുന്നവർക്ക് തത്ക്കാല ശാന്തിക്കായി ഒന്നോ രണ്ടോ ടാബ്‌ലറ്റ് കുറിക്കും. ആശുപത്രി ഫാർമസിയിൽ ഉണ്ടെങ്കിൽ അതു കിട്ടുന്നവർ ഭാഗ്യവാൻമാർ. ഇല്ലെങ്കിൽ പുറത്തു നിന്ന് കൊല്ലുന്ന വിലയ്ക്ക് വാങ്ങണം. പനിയുടെ അസ്വസ്ഥതകളുമായി വരുന്നവർ മെഡിക്കൽ സ്റ്റോറുകൾ തോറും നടന്ന് അവശരാക്കും. പ്രായമായവർ ആണെങ്കിൽ പറയുകയേ വേണ്ട. ഈ വക പ്രശ്നങ്ങൾ സർക്കാർ ആശുപതികളിൽ ഉണ്ടെന്ന് പറഞ്ഞാൽ മന്ത്രി ക്ഷോഭിക്കും. ആരോഗ്യകാര്യത്തിൽ കേരളം നമ്പർ വണ്ണാണ്. കേരളം ഇന്ത്യയ്ക്ക് മാതൃകയാണ്. സൂക്ഷിച്ചു സംസാരിക്കണം. ഇല്ലെങ്കിൽ മാനനഷ്ടക്കേസ് കൊടുത്ത് കോടതി കയറ്റും. അതുകൊണ്ട് ഇമ്മാതിരി വർത്തമാനം ആരോഗ്യ വകുപ്പിനേക്കുറിച്ച് വേണ്ട. ആദ്യം പാർട്ടിയുടെ ആരോഗ്യം. പിന്നെ നാടിന്റെ ആരോഗ്യം.

Advertisement
Advertisement