സിനിമയെ മാതൃകയാക്കി വിദ്യാര്‍ത്ഥികള്‍, എന്ത് ചെയ്യണമെന്നറിയാതെ രക്ഷിതാക്കളും അദ്ധ്യാപകരും

Tuesday 16 July 2024 12:21 AM IST

കണ്ണൂര്‍: തീയറ്ററുകളില്‍ ഓളം സൃഷ്ടിച്ച 'ആവേശം' സിനിമയെ അനുകരിച്ച് സ്‌കൂളുകളിലും കോളേജുകളിലും റാഗിംഗ് ശക്തം. സിനിമയില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട്, സീനിയേഴ്‌സിന്റെ റാഗിംഗ്, ജൂണിയേഴ്‌സ് തടയാന്‍ രംഗത്തിറങ്ങുന്നതോടെ സംഘര്‍ഷം രൂക്ഷമാകുകയാണ്. പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങിയതോടെ ജില്ലയിലെ പല സ്‌കൂളുകളും സംഘര്‍ഷ ഭരിതമായിരിക്കുകയാണ്.

പൊലീസും നാട്ടുകാരും പി.ടി.എയും പ്രശ്‌നപരിഹാരത്തിന് മുന്നിട്ടിറങ്ങുന്നുണ്ടെങ്കിലും പലയിടത്തും കാര്യങ്ങള്‍ കൈവിട്ടു പോകുന്ന സ്ഥിതിയാണ്. തളിപ്പറമ്പില്‍ കഴിഞ്ഞ ദിവസം ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗിംഗിന് ഇരയാക്കാന്‍ ശ്രമിച്ച 12 സീനിയര്‍ വിദ്യാര്‍ത്ഥികളെയും ഇവരുടെ രക്ഷിതാക്കളെയും പൊലീസ് വിളിപ്പിച്ച് താക്കീത് ചെയ്ത് വിട്ടയച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാലാണ് കേസെടുക്കാതിരുന്നത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സര്‍ക്കാര്‍ വിദ്യാലയത്തിലാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ റാഗിംഗ് നടന്നതായി പരാതി ഉയര്‍ന്നത്. മുന്‍പും ഇവിടെ റാഗിംഗ് നടന്നിരുന്നു. ഇതേതുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് താക്കീത് നല്‍കിയിരുന്നു.

കൂത്തുപറമ്പിലും കഴിഞ്ഞ ദിവസം റാഗിംഗ് പരാതി ഉയര്‍ന്നിരുന്നു. ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ ഷൂ ധരിച്ച് വരുന്നതും പുതീയ ഹെയര്‍ സ്റ്റൈലുകള്‍ പരീക്ഷിക്കുന്നതുമൊക്കെ ചോദ്യം ചെയ്താണ് റാഗിംഗ് ആരംഭിക്കുന്നത്. എന്നാല്‍ പിന്നീട് ഇത് കൈയാങ്കളിയിലേക്കും വെല്ലുവിളികളിലേക്കും നീങ്ങുകയാണ്.

കഴിഞ്ഞദിവസം പയ്യന്നൂര്‍ കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായി പരാതി ഉയര്‍ന്നു. കോളേജിനുള്ളിലെ സ്റ്റോറില്‍ വച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ 10 പേര്‍ക്കെതിരെ പൊലീസ് മര്‍ദ്ദനത്തിന് കേസെടുത്തു. റാഗിംഗ് വകുപ്പുകള്‍ ചേര്‍ത്തിട്ടില്ല. റാഗിംഗില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മാടായി സ്വദേശിയായ വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിന് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.


നിയമമുണ്ട്... പക്ഷേ...

റാഗിംഗിനെതിരെ ശക്തമായ കേരള റാഗിംഗ് നിരോധന നിയമം നിലവിലുണ്ട്. എന്നാല്‍ അത് നടപ്പാകുന്നില്ല. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ റെപ്പ്യൂട്ടേഷന്‍, രാഷ്ട്രീയക്കാരുടെയും അദ്ധ്യാപക സംഘടനകളുടേയും വിദ്യാര്‍ത്ഥി യൂണിയനുകളുടേയും മറ്റും ഇടപെടലുകള്‍, കുറ്റക്കാരായ കുട്ടികളുടെ ഭാവി നശിക്കാന്‍ ഇടവരുന്നത് തുടങ്ങിയ കാര്യങ്ങളാണ് ശക്തമായ നടപടികളില്‍ നിന്നും അധികൃതരെ പിന്തിരിപ്പിക്കുന്നത്.


3 വര്‍ഷം പഠന വിലക്ക്

റാഗിംഗ് നടത്തിയ വിദ്യാര്‍ത്ഥിക്ക് അത് തെളിയിക്കപ്പെട്ടാല്‍ രണ്ടുവര്‍ഷം വരെ തടവ് ശിക്ഷയും 10,000 രൂപ വരെ പിഴ ശിക്ഷയും ലഭിക്കുന്നതാണ്. കൂടാതെ പിന്നീട് വരുന്ന മൂന്ന് വര്‍ഷത്തേക്ക് മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും തുടര്‍ന്ന് പഠിക്കുവാനും സാധിക്കില്ല.


ആന്റി റാഗിംഗ് കമ്മിറ്റി

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരു ആന്റി റാഗിംഗ് കമ്മിറ്റി ഉണ്ടായിരിക്കേണ്ടതാണ്. ഇതില്‍ സിവില്‍ പൊലീസ് അഡ്മിനിസ്ട്രേഷന്‍സ്, ലോക്കല്‍ മീഡിയ, എന്‍.ജി.ഒ, അദ്ധ്യാപക പ്രതിനിധികള്‍, രക്ഷിതാക്കളുടെ പ്രതിനിധികള്‍, വിദ്യാര്‍ത്ഥികളുടെ പ്രതിനിധികള്‍ എന്നിവയും ഉണ്ടായിരിക്കണം. സ്ഥലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും ഈ കമ്മിറ്റിയില്‍ എക്‌സ് ഒഫീഷ്യോ മെമ്പറാണ്.

Advertisement
Advertisement