ഇമ്രാന്റെ പാർട്ടിയെ നിരോധിക്കാൻ നീക്കം

Tuesday 16 July 2024 7:17 AM IST

ലാഹോർ: ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ തെഹ്‌രീക് ഇ ഇൻസാഫ് ( പി.ടി.ഐ ) പാർട്ടിയെ നിരോധിക്കാനുള്ള നീക്കത്തിൽ പാകിസ്ഥാൻ ഭരണകൂടം. ഇതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്നും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് വ്യക്തമായ തെളിവുകൾ സർക്കാരിന്റെ പക്കലുണ്ടെന്നും ഇൻഫർമേഷൻ,​ ബ്രോഡ്കാസ്റ്റിംഗ് വകുപ്പ് മന്ത്രി അത്താവുള്ള തരാർ പ്രതികരിച്ചു.

പി.ടി.ഐ നിലനിൽക്കുന്നിടത്തോളം കാലം പാകിസ്ഥാന് മുന്നോട്ടു പോകാനാകില്ലെന്നും തരാർ കൂട്ടിച്ചേർത്തു. വിദേശത്ത് നിന്ന് ധനസമാഹരണം,​ കലാപം,​ രഹസ്യ രേഖകൾ ചോർത്തൽ തുടങ്ങി ഇമ്രാനെതിരെയുള്ള വിവിധ ആരോപണങ്ങൾ മുൻനിറുത്തിയാണ് സർക്കാരിന്റെ നീക്കം.

ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമായി വിവാഹിതരായ കേസിൽ ഇമ്രാനും ഭാര്യ ബുഷ്റയ്ക്കും വിധിച്ച 7 വർഷം തടവ് കഴിഞ്ഞ ദിവസം കോടതി റദ്ദാക്കിയിരുന്നു. 2023 മേയിലെ കലാപവുമായി ബന്ധപ്പെട്ട അറസ്റ്റ് വാറണ്ടുകൾ മുൻനിറുത്തി ഇമ്രാനെ മോചിപ്പിച്ചിട്ടില്ല. ഇമ്രാൻ കഴിഞ്ഞ ഓഗസ്റ്റ് മുതൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ്. ഇമ്രാന്റെ തിരിച്ചുവരവ് തടയാനാണ് സർക്കാരിന്റെ പുതിയ നീക്കമെന്ന് അദ്ദേഹത്തിന്റെ അനുയായികൾ ആരോപിച്ചു.

Advertisement
Advertisement