'ദൈവം രക്ഷിച്ച' ട്രംപ് കൺവെൻഷനിൽ

Tuesday 16 July 2024 7:24 AM IST

വാഷിംഗ്ടൺ : വെടിയുണ്ടയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ട്രംപ് പൂർവാധികം ശക്തിയോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ തിരിച്ചെത്തി. ട്രംപിനെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻഷ്യൽ നോമിനിയായി പ്രഖ്യാപിക്കുന്ന നാഷണൽ കൺവെൻഷൻ ഇന്നലെ വിസ്കോൺസിനിലെ മിൽവോക്കീ നഗരത്തിൽ തുടങ്ങി.

വെടിയേറ്റ വലതുചെവിയിൽ വെള്ള നിറത്തിലെ ബാൻഡേജ് ധരിച്ചാണ് ട്രംപ് കൺവെൻഷനിൽ പങ്കെടുത്തത്. പരിക്ക് ഗുരുതരമല്ല.

' ഞാൻ മരിക്കേണ്ടതായിരുന്നു. അവിശ്വസനീയമായ അനുഭവം. ദൈവവും ഭാഗ്യവുമാണ് എന്നെ രക്ഷിച്ചത്. " കൺവെൻഷൻ തുടങ്ങും മുമ്പ് ഒരു അമേരിക്കൻ മാദ്ധ്യമത്തോട് ട്രംപ് പ്രതികരിച്ചു. വെടിയുണ്ട അല്പം മാറിയിരുന്നെങ്കിൽ ട്രംപിന്റെ മസ്തിഷ്കത്തിലൂടെ തുളച്ചുകയറിയേനെ.

ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്,​​ സൗത്ത് കാരലൈന മുൻ ഗവർണറും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി തുടങ്ങി പാർട്ടിയുടെ മുൻനിര നേതാക്കൾ പങ്കെടുക്കുന്ന കൺവെൻഷൻ വ്യാഴാഴ്ച അവസാനിക്കും. ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയെ ട്രംപ് പ്രഖ്യാപിക്കും. സൗത്ത് ഡക്കോട്ട ഗവർണർ ക്രിസ്റ്റി നോയം മുതൽ ടെക് സംരംഭകനും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമിയുടെ വരെ പേര് ട്രംപിന്റെ പരിഗണനയിലുണ്ട്. നവംബർ 5നാണ് തിരഞ്ഞെടുപ്പ്.

ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ പെൻസിൽവേനിയയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെയാണ് ട്രംപിന് വെടിയേറ്റത്. അക്രമി തോമസ് മാത്യു ക്രൂക്ക്‌സിനെ (20)​ സുരക്ഷാസേന വധിച്ചിരുന്നു.

സീക്രട്ട് സർവീസ്

പ്രതിക്കൂട്ടിൽ

ട്രംപിന്റെ സുരക്ഷാ ചുമതലയുള്ള യു.എസ് സീക്രട്ട് സർവീസ് ഏജൻസിക്കെതിരെ വിമർശനം ശക്തം. സീക്രട്ട് സർവീസ് ഡയറക്ടർ കിംബർലി ഷീറ്റൽ രാജിവയ്ക്കണമെന്ന് ആവശ്യമുയർന്നു. ഷീറ്റൽ ഈ മാസം 22ന് ജനപ്രതിനിധി സഭാ അന്വേഷണ കമ്മിറ്റിക്ക് മുന്നിൽ ഹാജരാകണം. അക്രമിയുണ്ടായിരുന്ന മേഖലയുടെ പട്രോളിംഗ് ചുമതല ലോക്കൽ പൊലീസിനായിരുന്നു.

ചോദ്യങ്ങൾ ബാക്കി

 വേദിയിൽ നിന്ന് 130 മീറ്റർ മാത്രം അകലയുള്ള കെട്ടിടത്തിന് മുകളിൽ അക്രമി അനായാസം കയറിയത് എങ്ങനെ

 ഇവിടെ എന്തുകൊണ്ട് പരിശോധിച്ചില്ല. അക്രമിയെ റാലിക്കെത്തിയവർ കണ്ടിട്ടും സുരക്ഷാ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചില്ലേ

 അക്രമിയെ വേദിക്ക് പുറത്ത് സംശയാസ്പദമായ തരത്തിൽ കണ്ടെന്നു പറയുന്ന പൊലീസ് സീക്രട്ട് ഏജൻസിയെ അറിയിച്ചില്ലേ

Advertisement
Advertisement