ട്രംപിനെതിരെയുള്ള രഹസ്യരേഖാ കേസ് തള്ളി

Tuesday 16 July 2024 7:24 AM IST

വാഷിംഗ്ടൺ : രഹസ്യരേഖകൾ അനധികൃതമായി സൂക്ഷിച്ചതിന് യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ചുമത്തിയ ഫെഡറൽ ക്രിമിനൽ കേസ് തള്ളി ഫ്ലോറിഡ കോടതി. വൈറ്റ് ഹൗസിൽ നിന്ന് ഇറങ്ങിയ ശേഷവും ട്രംപ് സുപ്രധാന രഹസ്യരേഖകൾ സൂക്ഷിച്ചെന്നാണ് കേസ്.

2022ൽ ട്രംപിന്റെ ഫ്ലോറിഡയിലെ മാർ - അ - ലാഗോ വസതിയിൽ എഫ്.ബി.ഐ നടത്തിയ റെയ്ഡിൽ 11,000 രേഖകൾ പിടിച്ചെടുത്തിരുന്നു. ട്രംപിനെതിരെയുള്ള നാല് ക്രിമിനൽ കേസുകളിൽ ഒന്നായിരുന്നു ഇത്.

വൈറ്റ് ഹൗസ് വിട്ടശേഷം ട്രംപ് ദേശീയ സുരക്ഷ അപകടത്തിലാക്കിയെന്നും അന്വേഷണത്തെ തടസപ്പെടുത്തിയെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടി. ​തനിക്കെതിരെ ചുമത്തിയ പത്ത് വർഷം വീതം തടവ് ശിക്ഷ ലഭിക്കാവുന്ന 31 കുറ്റങ്ങളും ട്രംപ് നിഷേധിച്ചിരുന്നു.

തനിക്കെതിരെ നിയമവിരുദ്ധമായി ചുമത്തിയ എല്ലാ കേസുകളും റദ്ദാക്കപ്പെടുമെന്നും അതിന്റെ ആദ്യ പടിയാണ് ഫ്ലോറിഡ കോടതിയുടെ വിധിയെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

 ട്രംപിനെതിരെയുള്ള മറ്റ് ക്രിമിനൽ കേസുകൾ

1. സ്റ്റോമി ഡാനിയൽസ് കേസ് - അവിഹിത ബന്ധം വെളിപ്പെടുത്താതിരിക്കാൻ പോൺ താരം സ്റ്റോമി ഡാനിയേൽസിന് 1,30,​000 ഡോളർ ( ഒരു കോടിയിൽ പരം രൂപ ) അഭിഭാഷകൻ വഴി നൽകി. 2016ൽ ട്രംപ് വിജയിച്ച പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെയായിരുന്നു ഇത്. രഹസ്യങ്ങൾ വെളിപ്പെടുത്തില്ലെന്ന കരാർ ( നോൺ ഡിസ്‌ക്ലോഷർ എഗ്രിമെന്റ് )​ പ്രകാരം പണം നൽകിയത് കുറ്റമല്ല. എന്നാൽ ഇത് ഇലക്ഷൻ നിയമങ്ങൾക്ക് വിരുദ്ധമായി ബിസിനസ് ചെലവാക്കി കാണിച്ചുള്ള രേഖകളാണ് വിനയായത്.

2. 2020ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് പരാജയം അട്ടിമറിക്കാൻ ശ്രമിച്ചു, ക്യാപിറ്റൽ ആക്രമണം.

3. 2020 തിരഞ്ഞെടുപ്പിൽ ജോർജിയ സംസ്ഥാനത്തെ പരാജയം അട്ടിമറിക്കാൻ ഗൂഢാലോചന നടത്തി.

Advertisement
Advertisement