മാരക വൈറസിന് വാക്സിൻ, ചരിത്രം കുറിച്ച് ടെസ്

Tuesday 16 July 2024 7:27 AM IST

വാഷിംഗ്ടൺ : എലിഫെന്റ് എൻഡോതെലിയോട്രോപിക് ഹെർപ്സ് വൈറസിനെതിരെ ( ഇ.ഇ.എച്ച്.വി ) വികസിപ്പിച്ച ആദ്യ എം.ആർ.എൻ.എ വാക്സിൻ സ്വീകരിച്ച് യു.എസിലെ ടെക്സസിലെ ഹൂസ്റ്റൺ മൃഗശാലയിലെ ഏഷ്യൻ ആനയായ 'ടെസ്". ഏഷ്യൻ ആനകളുടെ മരണത്തിലേക്ക് നയിക്കുന്ന മാരക വൈറസായ ഇവയ്ക്ക് നിലവിൽ വാക്സിൻ ഉണ്ടായിരുന്നില്ല. വൈറസ് വ്യാപനം തടയുകയാണ് ഏക വഴി.

41കാരിയായ ടെസിന്റ ആരോഗ്യനില തൃപ്തികരമാണെന്ന് മൃഗശാല അധികൃതർ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിലുള്ള വാക്സിന്റെ ഫലപ്രാപ്തിയറിയാൻ ടെസിനെ വിദഗ്ദ്ധ സംഘം സൂഷ്മമായി നിരീക്ഷിക്കുകയാണ്. ജൂൺ 18നായിരുന്നു ബെയ്‌ലർ കോളേജ് ഒഫ് മെഡിസിൻ വികസിപ്പിച്ച വാക്സിൻ ടെസിന് കുത്തിവച്ചത്.

ആനകളുടെ പ്രതിരോധവ്യവസ്ഥയെ വൈറസിനെ നേരിടാൻ പ്രാപ്തമാക്കുന്ന തരത്തിലെ വാക്സിനാണിത്. ടെസിന്റെ രക്തത്തിലെ ആന്റിബോഡികളുടെ നില നിരീക്ഷിച്ചാണ് ഫലപ്രാപ്തി വിലയിരുത്തുന്നത്. ടക്കർ, ടുപെലോ, ടില്ലി, ടെഡ്ഡി എന്നീ ആനകളുടെ അമ്മ കൂടിയാണ് ടെസ്. വാക്സിൻ ഫലപ്രദമെന്ന് കണ്ടാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും എത്തിക്കാനാണ് തീരുമാനം.

85 ശതമാനമാണ് ഇ.ഇ.എച്ച്.വിയുടെ മരണനിരക്ക്. 1990ലാണ് ഈ വൈറസിനെ തിരിച്ചറിഞ്ഞത്. 1985 മുതൽ യൂറോപ്യൻ മൃഗശാലകളിലെ 52 ശതമാനവും 1980 മുതൽ വടക്കേ അമേരിക്കൻ മൃഗശാലകളിലെ 50 ശതമാനവും ഏഷ്യൻ ആനകളുടെ മരണം ഈ വൈറസ് മൂലമാണെന്ന് പഠന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

ഇക്കഴിഞ്ഞ ജൂലായിൽ അയർലൻഡിലെ ഡബ്ലിൻ മൃഗശാലയിലെ രണ്ട് ആനകൾ വൈറസ് ബാധിച്ച് ചരിഞ്ഞിരുന്നു. കുട്ടിയാനകളെയാണ് സാധാരണ ഈ വൈറസ് വേഗത്തിൽ പിടികൂടുന്നത്. ആന്തരിക രക്തസ്രാവത്തിന് കാരണമാകുന്ന ഈ വൈറസുകളുടെ രക്തത്തിലെ സാന്നിദ്ധ്യം തിരിച്ചറിയാൻ വൈകുന്നതും ആനകളെ മരണത്തിലേക്ക് നയിക്കുന്നു.