ജമ്മു കാശ്‌മീരിൽ വീണ്ടും ഭീകരാക്രമണം, നാല് സൈനികർക്ക് വീരമൃത്യു

Tuesday 16 July 2024 11:18 AM IST

ന്യൂഡൽഹി: ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മേജർ അടക്കം നാല് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. ജമ്മു കാശ്‌മീരിലെ ദോദ ജില്ലയിൽ ഇന്നലെയായിരുന്നു സംഭവം. കാശ്‌മീർ പൊലീസും ഇന്ത്യൻ സൈന്യവും സംയുക്തമായി നടത്തിയ ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിലിനിടെയായിരുന്നു ആക്രമണം. രാത്രി ഒമ്പത് മണിയോടെയാണ് ഒളിച്ചിരുന്ന ഭീകരർ സൈന്യത്തിന് നേർക്ക് വെടിയുതിർത്തത്. അടുത്തിടെ മേജറായി സ്ഥാനക്കയറ്റം ലഭിച്ച ബ്രിജേഷ് ഥാപ്പയാണ് വീരമൃത്യുവരിച്ച നാല് സൈനികരിൽ ഒരാൾ. ഒരു സൈനികന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ‌്തു.

സംഭവത്തിന്റെ നിലവിലെ സ്ഥിതിഗതികൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുമായി ചർച്ച ചെയ്‌തു. ഇക്കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ ജമ്മു കാശ്‌മീരിൽ സൈന്യത്തിന് നേരെ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. കത്വയിൽ നടന്ന ആദ്യ ആക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യുവരിച്ചു. സൈനികർ സഞ്ചരിച്ച ട്രക്കിന് നേർക്ക് ഗ്രനേഡ് എറിയുകയായിരുന്നു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി സമാധാനം പുലർന്നിരുന്ന ജമ്മുവിൽ സ്ഥിതി വീണ്ടും പഴയ അവസ്ഥയിലേക്ക് പോവുകയാണ്. സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ടെങ്കിൽ പോലും കഴിഞ്ഞ 32 മാസത്തിനിടെ ഭീകരർ നടത്തിയ ആക്രണത്തിൽ 48 സൈനികരാണ് വീരമൃത്യുവരിച്ചത്.