ആസിഫ് അലിയുടെ മുഖത്ത് നോക്കാതെ പുരസ്‌കാരം വാങ്ങി രമേശ് നാരായണൻ, അപമാനിച്ചെന്ന് സോഷ്യൽ മീഡിയ

Tuesday 16 July 2024 1:14 PM IST

നടൻ ആസിഫ് അലിയെ സംഗീത സംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണൻ അപമാനിച്ചെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം. എംടി വാസുദേവൻ നായരുടെ ഒമ്പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ 'മനോരഥങ്ങളു'ടെ ട്രെയിലർ ലോഞ്ചിനിടെയാണ് സംഭവം.

പരിപാടിയിൽ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാൻ ആസിഫ് അലിയെയാണ് ക്ഷണിച്ചത്. എന്നാൽ ആസിഫ് അലിയിൽ നിന്ന് പുരസ്‌കാരം എടുത്ത് സംവിധായകൻ ജയരാജിനെ വിളിച്ചുവരുത്തി കൊടുക്കുകയായിരുന്നു. പിന്നീട് ജയരാജ് രമേശ് നാരായണന് പുരസ്‌കാരം നൽകി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പ്രതിഷേധം ഉയർന്നത്.

പുരസ്‌കാരം നൽകാൻ എത്തിയ അസിഫ് അലിയുടെ മുഖത്ത് പോലും രമേശ് നാരായണൻ നോക്കിയില്ല. ഇതാണ് സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. മോശം പെരുമാറ്റമാണ് രമേശ് നാരായണനിൽ നിന്നുണ്ടായതെന്നും മാപ്പ് പറയണമെന്നുമാണ് സോഷ്യൽ മീഡിയ ആവശ്യപ്പെടുന്നത്. സംഭവത്തിന് പിന്നാലെ പ്രതികരണവുമായി രമേശ് നാരായണൻ രംഗത്തെത്തി. ആസിഫിനെ ശ്രദ്ധിച്ചില്ലെന്നത് വാസ്തവമാണെങ്കിലും അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ലെന്ന് രമേശ് നാരായണൻ പറഞ്ഞു.

'സന്തോഷ് നാരായണന്റെ പേരാണ് അവിടെ അനൗൺസ് ചെയ്തത്, പിന്നാലെ ആസിഫ് വന്ന് മൊമന്റോ എന്നെ ഏൽപ്പിച്ച് പോയി. ആസിഫ് എനിക്കാണോ ഞാൻ ആസിഫിനാണോ മൊമന്റോ നൽകേണ്ടത് എന്ന് പോലും വ്യക്തമാകുന്നതിന് മുൻപേ, മെമെന്റോ എന്നെ ഏൽപ്പിച്ച ആസിഫ് ഒരു ആശംസ പോലും പറയാതെ പോയി. തുടർന്നാണ് ഞാൻ ജയരാജിനെ വിളിച്ചത്. ആസിഫിനെ ശ്രദ്ധിച്ചില്ലെന്നത് വാസ്തവമാണെങ്കിലും അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ല'

'ഇന്ന് രാവിലെ അവിടെയുണ്ടായ സംഭവങ്ങളിൽ ക്ഷമചോദിച്ച് ജയരാജ് സന്ദേശം അയച്ചിരുന്നു. ഇതൊരു മൊമന്റോ മാത്രമല്ലേ, പുരസ്‌കാരമൊന്നുമല്ലല്ലോ ഏതെങ്കിലും ഒരു വ്യക്തി തരണമെന്ന് വാശിപടിക്കാൻ. വസ്തുത ഇതായിരിക്കെ കാര്യങ്ങൾ മനസിലാക്കാതെയുള്ള സൈബർ ആക്രമണത്തിൽ വിഷമമുണ്ട്'-രമേശ് നാരായണൻ പറഞ്ഞു.

Advertisement
Advertisement