'സീനിയോറിറ്റി കോംപ്ലക്സിലൂടെ' റദ്ദ് ചെയ്യാൻ ശ്രമിച്ചാൽ ഇല്ലാതെയാകില്ല ആ ചെറുപ്പക്കാരൻ

Tuesday 16 July 2024 1:52 PM IST

സംഗീത സംവിധായകൻ രമേശ് നാരായണനിൽ നിന്ന് അപമാനമേറ്റ നടൻ ആസിഫ് അലിക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹൂൽ മാങ്കൂട്ടത്തിൽ. സിനിമ പശ്ചാത്തലമില്ലാതെ, പരിമിതികൾ ഏറെയുണ്ടായിട്ടും കഠിനാദ്ധ്വാനത്തിലൂടെ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി നിലനിൽക്കുന്ന ഒരു നടനെ 'സീനിയോറിറ്റി കോംപ്ലക്സിലൂടെ' റദ്ദ് ചെയ്യാൻ ശ്രമിച്ചാൽ ഇല്ലാതെയാകില്ല ആ ചെറുപ്പക്കാരൻ എന്നാണ് രാഹുൽ കുറിച്ചത്.

''എന്നെ തല്ലാൻ ജൂനിയർ ആർട്ടിസ്റ്റുമാർ പറ്റില്ല, എന്നെ തല്ലാൻ അമരീഷ് പൂരി വരട്ടെ' എന്ന ഒരു സരോജ് കുമാർ ഡയലോഗുണ്ട് 'ഉദയനാണ് താരം' എന്ന സിനിമയിൽ.

ആ ഡയലോഗ് റോഷൻ ആൻഡ്രൂസ് തന്റെ സഹപ്രവർത്തകരിൽ നിന്ന് കണ്ടെത്തിയതാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത്തരം ഒരു അനുഭവത്തിന് ആസിഫ് അലി ഇരയാകേണ്ടി വന്നു. സിനിമ പശ്ചാത്തലമില്ലാതെ, പരിമിതികൾ ഏറെയുണ്ടായിട്ടും കഠിനാദ്ധ്വാനത്തിലൂടെ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി നിലനിൽക്കുന്ന ഒരു നടനെ 'സീനിയോറിറ്റി കോംപ്ലക്സിലൂടെ' റദ്ദ് ചെയ്യാൻ ശ്രമിച്ചാൽ ഇല്ലാതെയാകില്ല ആ ചെറുപ്പക്കാരൻ.

ഒരു മനുഷ്യൻ പരസ്യമായി അപമാനിക്കപ്പെട്ടിട്ടും ഒരു വാക്ക് കൊണ്ട് പോലും എതിർക്കാതെ ആ അല്പത്തരത്തെ ആസ്വദിച്ച ആ കൂട്ടത്തിലുണ്ടായിരുന്നവർ സരോജിനെ പ്രോത്സാഹിപ്പിച്ച പച്ചാളം ഭാസിക്കൊരു വെല്ലുവിളിയാണ്....''

എം.ടിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ‘മനോരഥങ്ങൾ’ എന്ന ആന്തോളജി സീരീസിന്റെ ട്രെയ്‌ലർ ലോഞ്ച് വേളയിലാണ് കഴിഞ്ഞ ദിവസം അപ്രതീക്ഷിത രംഗങ്ങൾ അരങ്ങേറിയത്. സീരീസിലെ ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ഹ്രസ്വചിത്രത്തിന്റെ സംഗീത സംവിധാനം രമേശ് നാരായൺ ആയിരുന്നു നിർവഹിച്ചത്. ഇതിനായി അദ്ദേഹത്തെ പുരസ്‌കാരം നൽകി ആദരിക്കുകയായിരുന്നു.

എന്നാൽ, ആസിഫിന്റെ കയ്യിൽ നിന്നും പുരസ്‌കാരം സ്വീകരിച്ച രമേശ് നാരായൺ നടന്റെ മുഖത്ത് നോക്കിയില്ല എന്ന് മാത്രമല്ല, ഹസ്തദാനം നൽകാൻ പോലും വിസമ്മതിച്ചു. ശേഷം സംവിധായകൻ ജയരാജിനെ വിളിച്ചു വരുത്തി അദ്ദേഹത്തിന്റെ കയ്യിലേക്ക് പുരസ്‌കാരം വച്ച് കൊടുത്ത ശേഷം അത് സ്വീകരിക്കുകയായിരുന്നു.

ആസിഫിനെ പൊതുവേദിയിൽ വച്ച് അപമാനിക്കുന്ന തരത്തിലെ പെരുമാറ്റമായിരുന്നു രമേശ് നാരായണന്റേത് എന്ന് സോഷ്യൽ മീഡിയയിൽ പരക്കെ ആക്ഷേപം ഉയരുന്നുണ്ട്.

Advertisement
Advertisement