വീടിന് തീയിട്ട് ഭാര്യയെയും കുടുംബത്തെയും കൊല്ലാൻ ശ്രമം

Wednesday 17 July 2024 1:31 AM IST

പാലക്കാട്: മങ്കര പുള്ളോടിൽ വീടിന് തീയിട്ട് ഭാര്യയെയും കുടുംബത്തെയും കൊല്ലാൻ ശ്രമം. കല്ലൂർ പുള്ളോട് പാറയിൽ വീട്ടിൽ നൂർജഹാൻ, മകൻ സൽമാൻ ഫാരിസ്, മാതാവ് മറിയ എന്നിവരെയാണ് ഭർത്താവ് ഫാറൂഖ്(45) കൊല്ലാൻ ശ്രമിച്ചത്. ഫാറൂഖിനെ കൈ ഞരമ്പ് മുറിച്ച് അവശനിലയിൽ കണ്ടെത്തി.

ഇന്നലെ പുലർച്ചെ നാലോടെയാണ് സംഭവം. വീടിന് ചുറ്റും ഡീസൽ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയായിരുന്നു. രൂക്ഷമായ രീതിയിൽ ഡീസലിന്റെ ഗന്ധം ഉയർന്നതിനെ തുടർന്ന് ഫാരിസ് പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും വാതിൽ പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് ഓട് പൊളിച്ചാണ് ഫാരിസ് പുറത്തിറങ്ങിയത്. അപ്പോഴേക്കും മുൻ വശത്തെ വാതിലും തുണികളും തീയിട്ടിരുന്നു. മുൻവശത്ത് പകുതിയിലധികം വരുന്ന ഡീസൽ കാൻ കണ്ടെത്തിയിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനക്കിടെ ഫാറൂഖിനെ കൈ ഞരമ്പ് മുറിച്ച നിലയിൽ ശുചി മുറിയിൽ കണ്ടെത്തി. അബോധാവസ്ഥയിലായിരുന്ന ഫാറൂഖിനെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.

നൂർജഹാന്റെയും ഫാറൂഖിന്റെയും രണ്ടാം വിവാഹമാണ്. മാതാവ് മറിയയുടെ വീട്ടിലാണ് ഇവർ താമസിക്കുന്നത്. രണ്ട് വർഷമായി ഇവർ അകന്ന് കഴിയുകയാണ്. ഇതിനിടയിൽ മറിയയുടെ പേരിലുള്ള വീടും സ്ഥലവും രണ്ട് പേരുടെയും പേരിലാക്കി തരാൻ ഫാറൂഖ് ആവശ്യപ്പെട്ടിരുന്നു. ഇതിന് സമ്മതിക്കാത്തതിനെ തുടർന്നുള്ള പ്രകോപനമാണ് തീ വെയ്പ്പിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. നിലവിൽ ഇയാൾ പൊലീസ് നിരീക്ഷണത്തിലാണ്.