"ഗുരുവായൂരിൽ നിന്നും വാങ്ങിയ സ്വർണ്ണലോക്കറ്റ് വ്യാജം" പരാതിയുമായി ഭക്തൻ ദേവസ്വത്തിന് മുന്നിൽ

Wednesday 17 July 2024 1:33 AM IST

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും വാങ്ങിയ സ്വർണലോക്കറ്റ് വ്യാജമെന്നും അന്വേഷണവും നടപടിയും വേണമെന്നും ആവശ്യപ്പെട്ട് ഭക്തൻ ദേവസ്വത്തിന് പരാതി നൽകി. ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി മോഹൻദാസാണ് പരാതി നൽകിയത്. മേയ് 13 നാണ് ക്ഷേത്രത്തിൽ നിന്ന് ഇയാൾ രണ്ട് ഗ്രാം തൂക്കമുള്ള ഗുരുവായൂരപ്പന്റെ സ്വർണലോക്കറ്റ് 14,200 രൂപയ്ക്ക് വാങ്ങിയത്. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് ഒറ്റപ്പാലം കോ ഓപ്പറേറ്റീവ് ബാങ്കിന്റെ അമ്പലപ്പാറ ശാഖയിൽ പണയം വയ്ക്കാനെത്തിയപ്പോഴാണ് വ്യാജസ്വർണമാണെന്നറിയുന്നത്.

തുടർന്ന് സ്വർണക്കടയിൽ നടത്തിയ പരിശോധനയിലും ലോക്കറ്റ് സ്വർണമല്ലെന്ന് കണ്ടെത്തി.

വ്യാജസ്വർണം പണയം വയ്ക്കാൻ ചെന്നയാൾ എന്ന നിലയിൽ തനിക്ക് മാനഹാനി ഉണ്ടായതായും മാനഹാനിക്കും നഷ്ടത്തിനുമുള്ള തുക ദേവസ്വത്തിൽ നിന്ന് ലഭ്യമാക്കാൻ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. പരാതിയിൽ പറയുന്ന കാര്യങ്ങളെ കുറിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്ററെ ചുമതലപ്പെടുത്തിയതായും നാളെ ചേരുന്ന ഭരണസമിതി യോഗത്തിൽ പരാതിക്കാരനോട് നേരിട്ടു ഹാജരാകാൻ ആവശ്യപ്പെട്ടതായും ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പറഞ്ഞു. 2004ൽ മിന്റിൽ നിന്നെത്തിച്ച ലോക്കറ്റാണ് നൽകിയത് എന്നാണ് പ്രാഥമിക വിവരം. ഈ ബാച്ചിലെ മറ്റ് ലോക്കറ്റുകൾ പരിശോധിച്ചതിൽ വ്യാജ സ്വർണമല്ലെന്ന് കണ്ടെത്തിയതായും പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്നും ചെയർമാൻ അറിയിച്ചു.

Advertisement
Advertisement