പാഠം രണ്ട് :ഒരു സല്ലാപം ഇർഷാദും മീര ജാസ്മിനും

Wednesday 17 July 2024 1:45 AM IST

റസാഖും ഷാഹിനയും വീണ്ടും കണ്ടുമുട്ടിയതിന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. 2003ൽ ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത പാഠം ഒന്ന് : ഒരു വിലാപം എന്ന ചിത്രത്തിൽ ഇർഷാദും മീര ജാസ്മിനുമായിരുന്നു നായകനും നായികയും. മീരയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അംഗീകാരവും സംസ്ഥാന പുരസ്കാരവും ഷാഹിന എന്ന കഥാപാത്രം നേടിക്കൊടുത്തു. ഇർഷാദിന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായ കഥാപാത്രമാണ് റസാഖ്. മീര ജാസ്‌മിനൊപ്പമുള്ള പുതിയ ചിത്രത്തിനൊപ്പം ഇർഷാദ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. പാഠം രണ്ട് : ഒരു സല്ലാപം. രണ്ടു ദശാബ്ദങ്ങൾ നമ്മെ കടന്നുപോയി...

അഭ്രപാളി തന്നെയും അടർന്നുപോയ്... ലോകം വിരൽത്തുമ്പു വട്ടത്തിലേക്ക് ചെറുതായിട്ടും നാം തമ്മിൽ കണ്ടില്ല. മിണ്ടിയില്ല... ഒരു വേള ഓർത്തുമില്ല.

ഷാഹിനയുടെ നിലവിളിയും റസാഖിന്റെ ആൺവെറിയും കാലം പക്ഷേ മറന്നിട്ടേയില്ല... ഇർഷാദ് കുറിച്ചു. ഏറെ നാളുകൾക്കുശേഷം ഇരുവരെയും ഒരുമിച്ച് കണ്ടതിന്റെ സന്തോഷം ആരാധകരും പങ്കുവച്ചു.

Advertisement
Advertisement