മുള്ളിനെ മുള്ളാൽ എടുക്കുമ്പോൾ

Wednesday 17 July 2024 2:00 AM IST

ആധുനിക ജീവിതത്തിൽ ക്യാമറകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. പണ്ടുകാലത്ത് ഫോട്ടോഗ്രാഫർമാരുടെ കൈയിൽ മാത്രമായിരുന്നു ക്യാമറ ഉണ്ടായിരുന്നത്. അന്നും അപൂർവം വ്യക്തികൾ ഇഷ്ടത്തിന്റെയും കൗതുകത്തിന്റെയും പേരിൽ ക്യാമറ ഉപയോഗിച്ചിരുന്നു. വല്ലപ്പോഴും കുടുംബചിത്രങ്ങൾ പകർത്തുക എന്നതായിരുന്നു ക്യാമറയുടെ മുഖ്യ ജോലി. നാട്ടിൻപുറങ്ങളിൽപ്പോലും ഫോട്ടോയെടുക്കുന്ന സ്റ്റുഡിയോകൾ പഴയ കാലത്തും ഉണ്ടായിരുന്നു. ഹിമാലയത്തിന്റെയും താജ്‌മഹലിന്റെയും പൂന്തോട്ടങ്ങളുടെയും മറ്റും ചിത്രവർണങ്ങളുള്ള രംഗപടങ്ങൾക്കു മുന്നിലിരുന്ന് ആളുകൾ ഫോട്ടോ എടുത്ത് വീട്ടിൽ തൂക്കുകയും സൂക്ഷിച്ചുവയ്ക്കുകയും ചെയ്യുമായിരുന്നു. മാറിയ ഒരു കാലത്തുള്ള നാളെകളിൽ ഈ ക്യാമറ എന്ന 'കഥാപാത്രം" നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറുമെന്ന് അന്നാരും സങ്കൽപ്പിക്കുകപോലും ചെയ്‌തിരുന്നില്ല.

ഇന്നാകട്ടെ,​ കൈയിലെ ഫോണിൽ ക്യാമറയില്ലാത്ത ആളുകൾ ഇല്ലെന്നുതന്നെ പറയാം. ഒരു ദിവസം ഒരു സെൽഫിയെങ്കിലും എടുക്കാത്തവരുടെ എണ്ണവും പ്രത്യേകിച്ച് ചെറുപ്പക്കാരിൽ കുറവാണ്. റോഡിലെ നിയമലംഘനങ്ങൾ പിടിക്കുന്നത് പൊലീസുകാരേക്കാൾ കൂടുതൽ ക്യാമറകളാണ്. കള്ളൻ പതുങ്ങിവരുന്നതും മോഷ്ടിക്കുന്നതും കണ്ടുപിടിക്കാനും ഒളിക്യാമറകൾ തന്നെയാണ് പ്രധാന ആശ്രയം. മനുഷ്യരും ക്യാമറകളും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം,​ ക്യാമറകൾ കള്ളം പറയില്ല എന്നതായിരുന്നു. എന്നാൽ എ.ഐ സാങ്കേതികവിദ്യയുടെ ഇക്കാലത്ത് പല വിദ്യകളും കാണിച്ച് ക്യാമറകളെയും മനുഷ്യർ കള്ളം പഠിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. പഴയ രീതിയിൽ ഒറ്റയടിക്ക് ഇപ്പോൾ വിശ്വസിക്കാൻ പറ്റാത്ത കാലമായിരിക്കുന്നു. എന്നിരുന്നാലും പല കേസുകളും അർത്ഥശങ്കയില്ലാതെ തെളിയിക്കുന്നതിനും പല അസത്യങ്ങൾ പൊളിക്കുന്നതിനും സത്യങ്ങൾ പുറത്തുകൊണ്ടുവരുന്നതിനും ക്യാമറകൾക്കുള്ള പങ്ക് വളരെ വലുതാണ്.

വീഡിയോ ദൃശ്യങ്ങൾ കോടതികൾ പോലും തെളിവായി സ്വീകരിക്കുന്നു. അതിനാൽ സത്യം കണ്ടെത്താൻ മാദ്ധ്യമങ്ങൾ ഒളിക്യാമറ ഉപയോഗിച്ച് സ്റ്റിംഗ് ഓപ്പറേഷൻ നടത്തുന്നത് തെറ്റായി കാണാനാവില്ലെന്നും,​ അതിനാൽ നിയമപരിധി വിട്ടുള്ള കാര്യമാണെങ്കിൽപ്പോലും അതിനെതിരെ പ്രോസിക്യൂഷൻ നടപടി ഉണ്ടാകില്ലെന്ന ഹൈക്കോടതി വിധി വളരെ പ്രസക്തമാണ്. പത്തനംതിട്ട ജില്ലാ ജയിലിൽ സോളാർ കേസിലെ പ്രതിയുടെ മൊഴി റെക്കാർഡ് ചെയ്യാൻ ശ്രമിച്ചെന്ന,​ വാർത്താചാനൽ പ്രവർത്തകർക്കെതിരെയുള്ള കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ ഈ വിധി പ്രസ്‌താവിച്ചത്. എന്നാൽ ദുരുദ്ദേശ്യത്തോടെ ആരെയെങ്കിലും വ്യക്തിപരമായി അപമാനിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന സ്റ്റിംഗ് ഓപ്പറേഷൻ മാദ്ധ്യമങ്ങൾ നടത്തിയാൽപ്പോലും കുറ്റകരമാണെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്.

ഓരോ കേസിന്റെയും അടിസ്ഥാനത്തിൽ കോടതിയാവും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. അതിനാൽ ഇത്തരം ഓപ്പറേഷനുകൾ നടത്തുമ്പോൾ മാദ്ധ്യമങ്ങൾ ജാഗ്രത പാലിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മാദ്ധ്യമങ്ങൾക്ക് സ്വാതന്ത്ര്യ‌മില്ലെങ്കിൽ ജനാധിപത്യത്തിന്റെ അവസാനമാണെന്നും കോടതി വ്യക്തമാക്കി. യഥാർത്ഥ വസ്‌തുതകൾ നൽകുന്ന മാദ്ധ്യമങ്ങളാണ് ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ പൗരന്മാരെ പ്രാപ്‌തരാക്കുന്നത്. കൈക്കൂലി വാങ്ങുന്നതിനേക്കാൾ തെറ്റൊന്നുമല്ല,​ അത് ഒളിക്യാമറ വച്ച് പകർത്തി ജനങ്ങളെ അറിയിക്കുന്നത്. മുള്ളിനെ മുള്ളുകൊണ്ട് എടുക്കുന്നതു പോലെയുള്ള ഒരു പ്രക്രിയയാണത്. പക്ഷേ മാദ്ധ്യമങ്ങളായാലും സൂക്ഷിച്ച് ഉപയോഗിക്കണമെന്നു മാത്രം. ലക്ഷ്യം മാർഗത്തെ സാധൂകരിക്കുന്നത് നിസ്വാർത്ഥമായ ഉദ്ദേശ്യശുദ്ധിയോടെ കർമ്മം ചെയ്യുമ്പോൾ മാത്രമാണെന്നത് ആരും മറക്കാൻ പാടില്ല.