100 കോടിയുടെ ഭൂമി തട്ടിപ്പ് നടത്തിയ തമിഴ്‌നാട് മുൻ മന്ത്രിയെ അറസ്‌റ്റ് ചെയ്‌തു, പിടിയിലായത് കേരളത്തിൽ നിന്ന്

Tuesday 16 July 2024 9:38 PM IST

ചെന്നൈ: 100 കോടി രൂപയുടെ ഭൂമിതട്ടിപ്പ് കേസിൽ പ്രതിയായ തമിഴ്നാട് മുൻ മന്ത്രി എം.ആർ.വിജയഭാസ്കറിൽ തൃശൂർ പീച്ചിയിലെ ഒളിസങ്കേതത്തിൽ നിന്നും തമിഴ്നാട് സി.ബി.സി.ഐ‌.‌ഡി പൊലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്‌ച പുലർച്ചെ പീച്ചി വിലങ്ങന്നൂരിലെ വാടക വീട്ടിൽ നിന്നും കൂട്ടുപ്രതിയായ പ്രവീണിനൊപ്പമായിരുന്നു മുൻമന്ത്രിയെ പിടികൂടിയത്. പീച്ചി പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി.

അണ്ണാ ഡി.എം.കെ നേതാവായ വിജയഭാസ്കർ എടപ്പാടി മന്ത്രിസഭിയൽ ഗതാഗതമന്ത്രിയായിരുന്നു. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി രണ്ടുതവണ തള്ളിയിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന് മുമ്പാകെ അദ്ദേഹം സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. കരൂരിലെ സി.ബി.സി.ഐ.ഡി ഓഫീസിൽ പ്രത്യേക അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

100 കോടി രൂപ വിലമതിക്കുന്ന 22 ഏക്കർ ഭൂമി വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വഞ്ചിച്ച് കൈക്കലാക്കിയെന്നാണ് കേസ്. ജൂൺ 22ന് വംഗൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിജയഭാസ്‌കറും സഹോദരൻ ശേഖറും ഉൾപ്പെടെ 13 പേർ പ്രതികളാണ്. കരൂർ സബ് രജിസ്ട്രാർ (ഇൻചാർജ്) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരൂർ സിറ്റി പൊലീസ് ജൂൺ 9ന് കേസെടുത്തിരുന്നു. കരൂർ സ്വദേശി സ്ഥലമുടമയുമായ എം പ്രകാശിന്റെ പരാതിയോടെയാണ് അന്വേഷണം ആരംഭിക്കുന്നത്. വിജയഭാസ്‌കറും കൂട്ടാളികളും തന്റെ ഭാര്യേയും മകളേയും ഭീഷണിപ്പെടുത്തി 100 കോടി രൂപ വിലമതിക്കുന്ന തന്റെ 22 ഏക്കർ ഭൂമി വ്യാജരേഖ ചമച്ച് നാലുപേർക്കായി തട്ടിയെടുത്തുവെന്നായിരുന്നു പ്രകാശിന്റെ പരാതി. 2016 മുതൽ 2021 വരെ കരൂരിലെ എം.എൽ.എകൂടിയായിരുന്നു വിജയഭാസ്കർ. 2021ലെ തിരഞ്ഞെടുപ്പിൽ ഡി.എം.കെയിലെ സെന്തിൽ ബാലാജിയോട് പരാജയപ്പെട്ടു.

Advertisement
Advertisement