കോട്ടീശ്വർ സിംഗും മഹാദേവനും സുപ്രീംകോടതി ജഡ്‌ജിമാർ

Wednesday 17 July 2024 1:04 AM IST

ന്യൂഡൽഹി: ജമ്മു കാശ്‌മീർ - ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എൻ. കോട്ടീശ്വർ സിംഗ്, മദ്രാസ് ഹൈക്കോടതി ആക്‌ടിംഗ് ചീഫ് ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരെ സുപ്രീംകോടതി ജഡ്‌ജിമാരായി നിയമിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ കേന്ദ്രസർക്കാരും രാഷ്ട്രപതിയും അംഗീകരിച്ചു. ഇരുവരും ചുമതലയേൽക്കുന്നതോടെ, ജസ്റ്റിസ് അനിരുദ്ധ ബോസും ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണയും വിരമിച്ചതിനെ തുടർന്നുണ്ടായ ഒഴിവുകൾ നികന്ന് സുപ്രീംകോടതി 34 അംഗങ്ങളെന്ന പൂർണ അംഗബലത്തിലെത്തും.

തമിഴ്നാട്ടിലെ പിന്നാക്ക വിഭാഗത്തിൽ നിന്നുമുള്ള മുതിർന്ന ജഡ്‌ജിയാണ് ജസ്റ്റിസ് ആർ. മഹാദേവൻ.

സുപ്രീംകോടതിയിൽ പട്ടികവിഭാഗത്തിന് പ്രാതിനിധ്യം നൽകുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ നിയമനം. ജുഡിഷ്യൽ സർവീസിലെ മികച്ച ട്രാക്ക് റെക്കാഡും കൊളീജിയം പരിഗണിച്ചു.

 കോട്ടീശ്വർ മണിപ്പൂരിൽ നിന്നുള്ള ആദ്യ സുപ്രീംകോടതി ജഡ്‌ജി

ആദ്യമായി സുപ്രീംകോടതി ജഡ്‌ജിയാകുന്ന മണിപ്പൂ‌ർ സ്വദേശിയാണ് ജസ്റ്റിസ് കോട്ടീശ്വർ. ജസ്റ്റിസ് എൻ. കോട്ടീശ്വറിന്റെ നിയമനം വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ഉറപ്പിക്കാനാണെന്നത് ശ്രദ്ധേയമാണ്. 2011 ഒക്ടോബർ 17ന് ഗുവാഹത്തി ഹൈക്കോടതി ജഡ്‌ജിയായി. മണിപ്പൂരിൽ ഹൈക്കോടതി സ്ഥാപിച്ചതോടെ അവിടേക്ക് മാറി. 2023 ഫെബ്രുവരി 15നാണ് ജമ്മു കാശ്‌മീർ - ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. 2025 ഫെബ്രുവരി 28 വരെ സുപ്രീംകോടതിയിൽ സർവീസ് കാലാവധിയുണ്ട്.

Advertisement
Advertisement