ഒമാനിൽ വെടിവയ്‌പിൽ 9 പേർ കൊല്ലപ്പെട്ടു

Wednesday 17 July 2024 12:41 AM IST

മസ്കറ്റ് : ഒമാൻ തലസ്ഥാനമായ മസ്കറ്റിലെ വാദികബീ‌ർ മസ്ജിദ് പരിസരത്തുണ്ടായ വെടിവയ്പിൽ ഇന്ത്യക്കാരനുൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ടു, നാല് പാകിസ്ഥാനികളും ഒരു പൊലീസുകാരനും മരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ വിവിധ രാജ്യക്കാരായ 28 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ഇതിൽ ഒരാൾ ഇന്ത്യക്കാരനാണ്. മൂന്ന് അക്രമികളും കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.

ഇന്നലെ പുലർച്ചെയാണ് ഷിയാ മുസ്ലിങ്ങളുടെ മതപരമായ ചടങ്ങിനിടെ ആക്രമണമുണ്ടായത്. പ്രാർത്ഥനക്കായി എത്തിയവർക്കെതിരെ അക്രമി സംഘങ്ങൾ​ വെടിയുതിർക്കുകയായിരുന്നു. ഈ സമയം 700ലധികം പേരാണ് പള്ളിയിലുണ്ടായിരുന്നത്. ആക്രമണത്തിന്റെ കാരണമോ പ്രതികളെയോ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതേസമയം പരിക്കേറ്റവരെ സന്ദർശിച്ച പാകിസ്ഥാൻ അംബാസഡർ, ഇരകളിൽ ചിലർ പാകിസ്ഥാൻ പൗരന്മാരാണെന്ന് സംശയിക്കുന്നതായും അതിനാൽ ഒമാനിൽ താമസിക്കുന്ന എല്ലാ പാകിസ്ഥാനികളും അധികാരികളുമായി സഹകരിച്ച് സുരക്ഷിതമായിരിക്കണമെന്നും അറിയിച്ചു. ആക്രമണത്തെത്തുടർന്ന് മസ്‌കറ്റിലെ യു.എസ് എംബസി സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും എല്ലാ വിസ അപ്പോയിന്റ്മെന്റുകളും റദ്ദാക്കുകയും ചെയ്തു.

സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.