ആദ്യഭർത്താവ് വെറുതെ വിട്ടില്ല ബഹുഭാര്യാത്വം : യുവതിക്കും രണ്ടാം ഭർത്താവിനും ആറ് മാസം തടവ്

Wednesday 17 July 2024 1:37 AM IST

ന്യൂഡൽഹി : വിവാഹമോചന കേസ് നിലവിലിരിക്കെ, ഭാര്യ വീണ്ടും വിവാഹം കഴിച്ചതിൽ സുപ്രീംകോടതിയിൽ വരെ പോരാടി അനുകൂല വിധി നേടി ആദ്യഭർത്താവ്. യുവതിക്കും രണ്ടാം ഭർത്താവിനും കോടതി ആറുമാസം വീതം തടവ് വിധിച്ചു.

ബഹുഭാര്യാത്വത്തിന് മദ്രാസ് ഹൈക്കോടതി നൽകിയ ഒരുദിവസത്തെ, കോടതി പിരിയും വരെയുള്ള തടവുശിക്ഷ സുപ്രീംകോടതി അംഗീകരിച്ചില്ല. ആദ്യം രണ്ടാംഭർത്താവ് രണ്ടാഴ്ചയ്‌ക്കകം വിചാരണക്കോടതിയിൽ കീഴടങ്ങി ജയിലിലേക്ക് പോകണം. അയാൾ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ യുവതി കീഴടങ്ങി ശിക്ഷ അനുഭവിക്കണം. ദമ്പതികൾക്ക് ആറുവയസ് പ്രായമുള്ള കുട്ടിയുള്ളത് കണക്കിലെടുത്താണ് ജസ്റ്റിസുമാരായ സി.ടി. രവികുമാർ, പി.വി. സഞ്ജയ് കുമാർ എന്നിവരുടെ ബെഞ്ചിന്റെ വിധി. പ്രത്യേക സാഹചര്യത്തിലുള്ള വിധിയായതിനാൽ, ഇത്തരം ശിക്ഷ കീഴ്‌വഴക്കമാക്കരുതെന്നും കോടതി പറഞ്ഞു.

 അങ്ങനെയങ്ങ് രക്ഷപ്പെടാനാകില്ല

ബഹുഭാര്യാത്വത്തിന് കോടതി പിരിയും വരെ തടവുശിക്ഷ പോരെന്നാണ് സുപ്രീംകോടതിയുടെ നിലപാട്. നിസാരമായ ശിക്ഷ ഏറ്റുവാങ്ങി ഇറങ്ങിപോകുന്നത് അനുവദിക്കാനാകില്ല. സമൂഹത്തെ ബാധിക്കുന്ന വിഷയമായതിനാൽ നിയമനിർമ്മാണസഭ ഗൗരവമായി കാണുന്ന കുറ്റമാണെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, ഇരുവരും 20,000 രൂപ വീതം പിഴ അടയ്‌ക്കണമെന്ന ഹൈക്കോടതി ഉത്തരവിൽ ഇളവ് വരുത്തി. പിഴ 2000 വീതമാക്കി കുറച്ചു. പ്രേരണാക്കുറ്റം ചുമത്തിയിരുന്ന യുവതിയുടെ മാതാപിതാക്കളെ നേരത്തെ വിചാരണക്കോടതി വെറുതെവിട്ടിരുന്നു.

Advertisement
Advertisement