ബഡ്‌ജറ്റ് പ്രിന്റിംഗ് ഘട്ടത്തിൽ മധുരം വിളമ്പി ധനമന്ത്രി

Wednesday 17 July 2024 1:44 AM IST

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് തയ്യാറാക്കൽ പ്രക്രിയ അവസാന ഘട്ടത്തിൽ. ധനമന്ത്രാലയം സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിന്റെ ബേസ്‌മെന്റിലെ പ്രസിൽ ബഡ്‌ജറ്റ് അച്ചടി ഉടൻ തുടങ്ങും. ബഡ്‌ജറ്റ് തയ്യറാക്കിയ ഉദ്യോഗസ്ഥർക്ക് ഇന്നലെ മുതൽ ലോക്ക് ഡൗണും തുടങ്ങി. പാർലമെന്റിൽ ബഡ്‌ജറ്റ് അവതരിപ്പിക്കുന്നത് വരെ അവർ ധനമന്ത്രാലയം വിട്ട് പുറത്തു പോകില്ല. 23നാണ് ബഡ്‌ജറ്റ് അവതരണം. ബഡ്‌ജറ്റിന്റെ പ്രവർത്തനങ്ങളുടെ അവസാനഘട്ടത്തെ സൂചിപ്പിക്കുന്ന 'ഹൽവാ ചടങ്ങിൽ' ധനമന്ത്രി നിർമ്മല സീതാരാമൻ ഉദ്യോഗസ്ഥർക്കായി മധുരം വിളമ്പി. സഹമന്ത്രി പങ്കജ് ചൗധരിയും സെക്രട്ടറിമാരും ബഡ്‌ജറ്റ് ജോലികളിൽ മുഴുകിയ ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു. വരുന്ന 22നാണ് പാർലമെന്റിന്റെ ബഡ്‌ജറ്റ് സമ്മേളനം തുടങ്ങുക.

നിർമ്മലയ്‌ക്ക് റെക്കാഡ്


1959-1964 കാലത്ത് ധനമന്ത്രിയായിരിക്കെ അഞ്ച് വാർഷിക ബഡ‌്ജറ്റുകളും ഒരു ഇടക്കാല ബഡ്‌ജറ്റും അവതരിപ്പിച്ച മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ റെക്കാഡ് വരാനിരിക്കുന്ന ബഡ‌്ജറ്റ് അവതരണത്തോടെ നിർമ്മല സീതാരാമൻ മറികടക്കും. നിർമ്മലാ സീതാരാമന്റെ ആറാമത്തെ ബഡ്‌ജറ്റാണിത്. ടാബിൽ പേപ്പർ രഹിത രൂപത്തിലാകും ബഡ്‌ജറ്റ് അവതരണം.

Advertisement
Advertisement