ട്രംപിനെ കൊല്ലാൻ ശ്രമിച്ചത് ഇറാൻ? സൈനിക കമാൻഡനെ വധിച്ചതിന് പ്രതികാരം

Wednesday 17 July 2024 10:14 AM IST

വാഷിംഗ്‌ടൺ: അമേരിക്കിലെ മുൻ പ്രസിഡന്റും ഇപ്പോഴത്തെ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനുനേരെ ഉണ്ടായ വധശ്രമത്തിന് പിന്നിൽ ഇറാൻ ആണെന്ന് റിപ്പോർട്ട്. ഇറാന്റെ ഗുഢാലോചന സംബന്ധിച്ച് ആഴ്ചകൾക്കുമുമ്പേ വിവരം ലഭിച്ചിരുന്നു എന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്. ഇതേത്തുടർന്ന് അദ്ദേഹത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

2020ൽ ഡ്രോൺ ആക്രമണത്തിൽ ഇറാൻ സൈനിക കമാൻഡർ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് തിരിച്ചടിയായിരുന്നു വധശ്രമം എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഖാസിം സുലൈമാനിയുടെ വധത്തിന് പിന്നിൽ ട്രംപിന്റെ കരങ്ങൾ ഉണ്ടെന്നും അതിന് തിരിച്ചടി ഉണ്ടാകുമെന്നും ഇറാൻ സൂചന നൽകിയിരുന്നു. ഇതിനെത്തുടർന്ന് ട്രംപിനുള്ള സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്തു. പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയായതോടെ തുറസായ സ്ഥലങ്ങളിൽ പ്രചാരണ റാലികളും പ്രസംഗങ്ങളും നടത്തുന്നതിൽ നിന്ന് പിന്തിരിയണമെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മുന്നറിയിപ്പൊന്നും കാര്യമാക്കാതെ ട്രംപ് റാലികളുമായി മുന്നോട്ടുപോവുകയായിരുന്നു.

അതേസമയം, ഭീഷണിയെത്തുടർന്ന് സുരക്ഷ വർദ്ധിപ്പിച്ചെന്ന് അധികൃതർ പറയുമ്പോഴും പെൻസിൽവാനിയയിലെ റാലിക്കിടെയുണ്ടായ സുരക്ഷാ വീഴ്ചകൾ ചൂണ്ടിക്കാട്ടി മാദ്ധ്യമങ്ങൾ ഉൾപ്പടെ രംഗത്തെത്തിയിട്ടുണ്ട്. സുരക്ഷ വർദ്ധിപ്പിച്ചെങ്കിൽ തോക്കുമായി ഒരു യുവാവിന് ട്രംപ് പ്രസംഗിക്കുന്നതിന് തൊട്ടടുത്തുള്ള കെട്ടിടത്തിന് മുകളിൽ എങ്ങനെ കയറാൻ പറ്റിയെന്നാണ് ഇവർ ഉയർത്തുന്ന പ്രധാന ചോദ്യം. അക്രമിക്ക് ഉന്നം ചെറുതായി പിഴച്ചതുകൊണ്ട് മാത്രമാണ് ട്രംപ് ചെറിയ പരിക്കുകളോട‌െ രക്ഷപ്പെട്ടത്. തോക്കുധാരി സുരക്ഷിതമായി കെട്ടിടത്തിന് മുകളിൽ എങ്ങനെ എത്തി എന്നതിനെക്കുറിച്ച് അന്വേഷിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടിട്ടുണ്ട്.

ഇരുപതുകാരനായ തോമസ് മാത്യൂ ക്രൂക്ക‌്‌സ് എന്നയാളാണ് ട്രംപിനുനേരെ വെടിവച്ചത്. സുരക്ഷാസേനയുട‌െ വെടിയേറ്റ് ഇയാൾ മരിച്ചിരുന്നു. വധശ്രമത്തിന് പിന്നിൽ ഇറാനാണ് എന്ന് പറയുമ്പോഴും തോമസ് ക്രൂക്ക‌്‌സ് എങ്ങനെ ഇതിൽ പങ്കാളിയായി എന്നതിന് തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല. ഇയാളുടെ ഫോണും കമ്പ്യൂട്ടറും പരിശോധിച്ചെങ്കിലും തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. 2022ൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ക്രൂക്ക‌്‌സ് വീടിനടുത്തായിരുന്നു ജോലിചെയ്തിരുന്നത്. അധികം ആരോടും സംസാരിക്കാത്ത ഇയാൾ എല്ലാവരോടും വിനയത്തോടെയും ബഹുമാനത്തോടെയുമാണ് പെരുമാറിയിരുന്നത് എന്നാണ് സഹപാഠികളും അയൽവാസികളും പറയുന്നത്.

ജൂലായ് 13നായിരുന്നു ട്രംപിനുനേരെ വധശ്രമം ഉണ്ടായത്. പെൻസിൽവാനിയിൽ പൊതുവേദിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുന്നതിനിടെ അക്രമി വെടിയുതിർക്കുകയായിരുന്നു . ട്രംപിന്റെ വലതുചെവിക്കാണ് പരിക്കേറ്റത്. .

Advertisement
Advertisement