ഇതോ ഇന്ത്യയിലെ യുവജനങ്ങളുടെ അവസ്ഥ? എയർ ഇന്ത്യയിലെ 20,000 രൂപ ശമ്പളമുള്ള ജോലിക്ക് തിക്കിതിരക്കിയത് പതിനായിരങ്ങൾ

Wednesday 17 July 2024 12:39 PM IST

മുംബയ്: തുച്ഛമായ ശമ്പളമുള്ള ജോലിയ്‌ക്ക് പോലും രാജ്യത്ത് യുവജനങ്ങൾ തിക്കിതിരക്കുന്ന കാഴ്‌ച ഇന്നും തുടരുകയാണ്. മുംബയ് എയർപോർട്ടിൽ നിന്നാണ് ഇത്തരമൊരു ദൃശ്യം പുറത്തുവന്നത്. എയർ‌പോർട്ട് ലോഡർമാരുടെ ഒഴിവിലേക്ക് നടത്തിയ റിക്രൂട്ട്‌മെന്റ് നടപടിയിൽ പങ്കെടുക്കാൻ എത്തിയത് 25,000 ലധികം യുവാക്കളാണ്. ജോലിയ്‌ക്ക് അപേക്ഷിക്കാനുള്ള ഫോറം വാങ്ങാൻ തിരക്കിൽ ശ്രമിച്ച പല യുവാക്കൾക്കും ശാരീരികാസ്വാസ്ഥ്യവും ഉണ്ടായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് യുവാക്കൾ എത്തിയത്.

2216 ഒഴിവുകൾ മാത്രമാണ് എയർപോർട്ട് ലോഡർമാരുടെ തസ്‌തികയിൽ ഉണ്ടായിരുന്നത്. രാജ്യത്തെ പ്രധാന എയർപോർട്ടുകളിലെ ഗ്രൗണ്ട് ഹാൻഡിലിംഗ് സേവനങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് എയർ ഇന്ത്യ എയർപോർ‌ട്ട് സർവീസസ് ലിമിറ്റഡാണ്. ഉദ്യോഗാർത്ഥികളുടെ തിരക്ക് വർദ്ധിച്ചതോടെ എയർ‌ ഇന്ത്യ അധികൃതരും വലഞ്ഞുപോയി. ഭക്ഷണമോ വെള്ളമോ പോലുമില്ലാതെ യുവാക്കൾ ജോലിക്കായി ക്യൂനിന്ന് വലഞ്ഞു.

20000 മുതൽ 25,000 വരെയാണ് ലോഡർമാരുടെ ശമ്പളം. ഓവർടൈം ജോലികൂടിയാകുമ്പോൾ 30,000 രൂപ ശമ്പളം ലഭിക്കും. ഇത് കരുതിയാണ് യുവാക്കൾ ജോലിക്കായി ഓടിയെത്തിയത്. ഒരു വിമാനത്തിൽ ലഗേജ്, കാർഗോ, ഭക്ഷണവിതരണം എന്നിവയ്‌‌ക്കായി അഞ്ചോളം ലോഡ‌ർമാരെ ആവശ്യമുണ്ട്. അടിസ്ഥാന വിദ്യാഭ്യാസം മാത്രമാണ് വിദ്യാഭ്യാസയോഗ്യതയെങ്കിലും ഉദ്യോഗാർത്ഥിക്ക് ശാരീരികക്ഷമത അത്യാവശ്യമാണ്. 400ഉം 600ഉം കിലോമീറ്റർ കടന്നാണ് പലരും ജോലിയ്‌ക്കായി എത്തിയത്.

ഗുജറാത്തിൽ കേവലം 10 പോസ്‌റ്റിലേക്ക് 1800ലധികം പേർ തിക്കിതിരക്കിയെത്തിയതിന്റെ വീഡിയോ വൈറലായി ദിവസങ്ങൾക്കകമാണ് ഇപ്പോൾ മുംബയ് വിമാനത്താവളത്തിലെ ചിത്രങ്ങളും പുറത്തുവരുന്നത്. ഗുജറാത്തിലെ ഭറൂച് ജില്ലയിലെ അങ്ക്‌ലേശ്വറിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കായി യുവാക്കൾ തിക്കിതിരക്കിയപ്പോൾ സ്ഥാപനത്തിന്റെ പൂമുഖത്തിലെ കൈവരി തകർന്നതും വീഡിയോയിലുണ്ടായിരുന്നു.

മുംബയ് എയർപോർട്ടിലെ യുവാക്കളുടെ തിരക്കിൽ കോൺഗ്രസ് ബിജെപിയെ രൂക്ഷമായി വിമർശിച്ചു. രാജ്യത്തെ തൊഴിലില്ലായ്‌‌മ വളരെയധികം രൂക്ഷമായതിനാൽ യുവജനങ്ങൾ റഷ്യയ്‌ക്കും ഇസ്രയേലിനും വേണ്ടി പോലും യുദ്ധം ചെയ്യാൻ പോകുന്നതായി കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

Advertisement
Advertisement