കാർത്തി സിനിമയുടെ ചിത്രീകരണത്തിനിടെ സ്റ്റണ്ട്‌മാന് ദാരുണാന്ത്യം; 20 അടി ഉയരത്തിൽ നിന്ന് വീണുവെന്ന് വിവരം
ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് സ്റ്റണ്ട്‌മാന് ദാരുണാന്ത്യം. കാർത്തി നായകനാവുന്ന സർദാർ 2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സ്റ്റണ്ട്‌മാനായ ഏഴുമലൈ (54) മരിച്ചത്. ഇന്ന് പുലർച്ചെ 1.30ഓടെയായിരുന്നു മരിച്ചത്.
നിർണായക സംഘട്ടനരംഗത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടമുണ്ടായതെന്നാണ് വിവരം. 20 അടി ഉയരത്തിൽ നിന്ന് താഴെ വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ് തലച്ചോറിൽ രക്തം കട്ടപിടിച്ചെന്നാണ് വിവരം. സംഭവത്തിൽ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചു. ഏഴുമലൈയുടെ വിയോഗത്തിൽ അനേകം താരങ്ങൾ അനുശോചനം അറിയിക്കുകയാണ്. ജൂലായ് 15നാണ് സംഘട്ടന രംഗങ്ങളുടെ ചിത്രീകരണം സാലിഗ്രാമത്തിലെ എൽ വി പ്രസാദ് സ്റ്റുഡിയോസിൽ ആരംഭിച്ചത്. ഏഴുമലൈയുടെ വിയോഗത്തോടെ സിനിമാ ചിത്രീകരണം നിർത്തിവച്ചു.
പി എസ് മിത്രനാണ് സർദാർ 2വിന്റെ സംവിധാനവും തിരക്കഥയും നിർവഹിക്കുന്നത്. പ്രിൻസ് പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ ലക്ഷ്‌മൺ കുമാറാണ് നിർമാണം. സർദാർ 2വിന്റെ ആദ്യ ഭാഗമായ സർദാർ 100 കോടി കളക്ഷൻ നേടിയിരുന്നു. സർദാർ 2വിന്റെ സംഗീതം ഒരുക്കുന്നത് ജി വി പ്രകാശ് കുമാറാണ്. ഛായാഗ്രഹണം ജോർജ് സി വില്യംസ്. ചങ്കി പാണ്ഡെ, ലൈല, യൂകി സേതു, ദിനേഷ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ് അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തി, ആതിരാ പാണ്ടിലക്ഷ്മി, സഹാന വാസുദേവൻ, ശ്യാം കൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.