12-ാം ക്ളാസ് പാസായാൽ ഇനിമുതൽ സർക്കാരിൽ നിന്ന് പ്രതിമാസം 6000 രൂപ സ്‌റ്റൈഫന്റ് ലഭിക്കും, ബിരുദധാരികൾക്ക് ലഭിക്കുക 10,000

Wednesday 17 July 2024 3:40 PM IST

മുംബയ്: വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികൾക്ക് സ്റ്റൈഫന്റ് പ്രഖ്യാപിച്ച് സർക്കാർ. മഹാരാഷ്‌ട്രയിൽ ആഷാധി ഏകാദശിയുടെ ഭാഗമായി സംസാരിക്കവെയാണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ സാമ്പത്തികസഹായ വിവരം പ്രഖ്യാപിച്ചത്. ലഡ്‌ല ഭായി യോജന പ്രകാരം 12-ാം ക്ളാസ് പാസാകുന്ന വിദ്യാർത്ഥികൾക്ക് 6000 രൂപ സ്റ്റൈഫന്റ് ലഭിക്കും. ഡിപ്ളോമ വിദ്യാർത്ഥിക്കാകട്ടെ 8,000 രൂപയാണ് ലഭിക്കുക. ബിരുദം പാസായ വിദ്യാർത്ഥികൾക്ക് മാസം 10,000 രൂപയാണ് കിട്ടുന്നത്.

സംസ്ഥാനത്ത് വിദ്യാർത്ഥികളെ സഹായിക്കാനും തൊഴിലില്ലായ്‌മാ നിരക്ക് കുറയ്‌ക്കാനുമാണ് ഈ പ്രഖ്യാപനമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പറഞ്ഞു. സാമ്പത്തിക സഹായം ഒരുവർഷത്തോളം നൽകുമെന്നും ഇക്കാലയളവിൽ ഇവർക്ക് അപ്രന്റീസ് പരിശീലനം വഴി അനുഭവപരിചയം ഉണ്ടാക്കാനാകുമെന്നും മുഖ്യമന്ത്രി ഷിൻഡെ അറിയിച്ചു.

ഇന്ത്യയിൽ ഏതെങ്കിലുമൊരു സർക്കാർ ഇത്തരത്തിൽ യുവാക്കൾക്കായി ചെയ്യുന്നത് ചരിത്രത്തിലാദ്യമാണെന്ന് ഷിൻഡെ പറഞ്ഞു. ഈ വർ‌ഷം അവസാനം മഹാരാഷ്‌ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നതിന് മുൻപായാണ് ഷിൻഡെ ഇത്തരത്തിൽ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി മജ്‌ഹി ലഡ്‌കി ബഹൻ യോജന അനുസരിച്ച് 21 മുതൽ 60 വയസുവരെയുള്ള സ്‌ത്രീകൾക്കും സാമ്പത്തിക സഹായമുണ്ട്. 1500 രൂപയാണ് ഇവർക്ക് ലഭിക്കുക. സ്‌ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യമുണ്ടാകുക, സ്വാശ്രയത്വം, ആകെയുള്ള വികസനം എന്നിവയ്‌ക്കാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രതിവർഷം 46000 കോടി രൂപയാണ് ഇതിനായി മാറ്റി‌വയ്‌ക്കുക. ഈ മാസം തന്നെ പദ്ധതി നടപ്പാക്കും.

Advertisement
Advertisement