ബിരുദധാരികളാണോ നിങ്ങൾ? ഇന്ത്യൻ ബാങ്കിൽ അപ്രന്റിസ്ഷിപ്പിന് 1500 ഒഴിവുകൾ, കേരളത്തിൽ 44

Wednesday 17 July 2024 4:42 PM IST

ചെന്നെെ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്കിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു. ബിരുദധാരികൾക്കാണ് അവസരം. 1500 ഒഴിവുണ്ട്. ഇതിൽ 44 ഒഴിവ് കേരളത്തിലാണ്.

യോഗ്യത - ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലാ ബിരുദം/ തത്തുല്യം. ബിരുദകോഴ്സ് 31.03.2020ന് ശേഷം പൂർത്തിയാക്കിയവർക്കാണ് അവസരം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രദേശികഭാഷ എഴുതാനും സംസാരിക്കാനും മനസിലാക്കാനും കഴിയണം. ഭാഷ പഠിച്ചതായി തെളിയിക്കുന്ന എട്ടാം ക്ലാസ്, പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് എന്നിവയിലെ ഏതെങ്കിലും ഒരു മാർക്ക് ഷീറ്റ് അല്ലെങ്കിൽ സർട്ടിഫിക്കറ്റ് ഹാജരാകണം. ഇത് ഹാജരാക്കാത്തവർ എഴുത്തുപരീക്ഷയിൽ തിരഞ്ഞെടുക്കപ്പെട്ടാൽ ഭാഷാപരിജ്ഞാനം തെളിക്കുന്ന പരീക്ഷകൂടി അഭിമുഖീകരിക്കണം.

പ്രായം

20-28 വയസ്. ഉയർന്ന പ്രായപരിധിയിൽ എസ്‌സിഎസ്‌ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാർക്ക് പത്തുവർഷത്തെ ഇളവും ലഭിക്കും. വിധവകൾക്കും പുനർവിവാഹിതരാവാത്ത വിവാഹമോചിതകൾക്കും 35 വയസുവരെ അപേക്ഷിക്കാം (എസ്‌സി 40വരെ, ഒബിസി 38വരെ). പ്രായവും യോഗ്യതയും 01.07.2024 അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്.

കേരളത്തിലെ ഒഴിവുകൾ

ജനറൽ - 25, എസ് സി - 4, ഒബിസി -11, ഇഡബ്ല്യുഎസ് - 4 ( ഒരൊഴിവ് ഭിന്നശേഷിക്കാരിലെ ഒഎച്ച് വിഭാഗത്തിന് നീക്കിവച്ചതാണ്)

സ്‌റ്റെെപ്പൻഡ്

മെട്രോ ഉൾപ്പെടെയുള്ള നഗരങ്ങളിലെ ബ്രാഞ്ചുകളിൽ 15,000 രൂപ. ഗ്രാമങ്ങളിലെയും അർദ്ധനഗരങ്ങളിലെയും ബ്രാഞ്ചുകളിൽ 12,000 രൂപ.

അപേക്ഷ

അപേക്ഷകർ www.nats.education.gov.in എന്ന പോ‌ർട്ടലിൽ രജിസ്റ്റ‌ർ ചെയ്ത ശേഷം ഓൺലെെനായി അപേക്ഷിക്കാം. 500 രൂപ ഓൺലെെനായി ജൂലായ് 31 മുൻപ് അടയ്ക്കണം. എസ്‌സി, എസ്‌ടി, ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസ് ബാധകമല്ല. അപേക്ഷയോടൊപ്പം ഫോട്ടോ, ഒപ്പ്, ഇടുകെെയിലെ വിരലടയാളം, സ്വന്തം കെെപ്പടയിലെഴുതിയ പ്രസ്‌താവന എന്നിവ വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്ന മാതൃകയിൽ അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങൾക്ക് https://www.indianbank.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 31 ആണ്.

പരീക്ഷ

ഓൺലെെനായി ഒബ്‌ജക്റ്റീവ് മാതൃകയിലുള്ള എഴുത്തുപരീക്ഷയായിരിക്കും നടത്തുക. നൂറ് മാർക്കിനാണ് പരീക്ഷ. ഒരു മണിക്കൂറാണ് സമയം. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാകേന്ദ്രമുണ്ടാവും.

ചോദ്യങ്ങൾ

റീസണിംഗ് ആപ്റ്റിറ്റിയൂഡ് ആന്‍ഡ് കംമ്പ്യൂട്ടര്‍ നോളജ്, ജനറല്‍ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ജനറല്‍ ഫിനാന്‍ഷ്യല്‍ അവേര്‍നസ് എന്നിവയെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങള്‍.

Advertisement
Advertisement