ടെക്നോപാർക്ക് ജീവനക്കാരുടെ താമസസ്ഥലത്ത് മോഷണം: ലാപ്ടോപ്പുകളും വാച്ചും നഷ്ടമായി

Thursday 18 July 2024 1:05 AM IST

കുളത്തൂർ: ടെക്നോപാർക്ക് ജീവനക്കാരുടെ താമസസ്ഥലത്ത് നിന്ന് അഞ്ച് ലാപ്ടോപ്പുകളും വാച്ചും പണമടങ്ങിയ പഴ്സും മോഷ്ടിച്ചു. കുളത്തൂർ ജംഗ്ഷന് സമീപം പഴയ പോസ്റ്റ് ഓഫീസ് ലെയിനിൽ സുകൃതം വീട്ടിൽ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന പാലക്കാട് സ്വദേശികളായ ആകാശ് മേനോൻ, നിർമ്മൽ ബാബു, ആലപ്പുഴ സ്വദേശി അനന്ദു എന്നിവരുടെ വീട്ടിലാണ് മോഷണം നടന്നത്. ഇവർ ടെക്നോപാർക്കിലെ യു.എസ്.ടി കമ്പനിയിലെ ജീവനക്കാരാണ്.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഈ വീട്ടിലെ മൂന്നാംനിലയിലാണ് മൂവരും താമസിച്ചുവന്നത്. രാത്രിയിൽ വാതിൽ പൂട്ടാതെയാണ് ഇവർ ഉറങ്ങാൻ കിടന്നത്. ഇതാണ് മോഷ്ടാവിന് സൗകര്യമായത്. കമ്പനിയുടെ വക മൂന്ന് ലാപ്ടോപ്പുകളും ഒരാളുടെ സ്വന്തം ലാപ്ടാേപ്പുമാണ് നഷ്ടപ്പെട്ടത്. എന്നാൽ ഇവരുടെ മുന്തിയ മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടില്ല. ഏറെ സുരക്ഷ ക്രമീകരണങ്ങൾ ഉള്ള വീട്ടിലാണ് മോഷണം നടന്നത്. പുറത്തെ ഗോവണി വഴിയാണ് മൂന്നാം നിലയിലേക്ക് കയറാനാകുക. പരാതിയുടെ അടിസ്ഥാനത്തിൽ തുമ്പ പൊലീസ് സ്ഥലത്തെത്തി. ഫോറൻസിക് വിഭാഗവും ഫിംഗർ പ്രിന്റ് വിദഗ്ദ്ധരും തെളിവെടുത്തു. മാസങ്ങൾക്ക് മുമ്പ് കുളത്തൂർ വായനശാലയ്‌ക്ക് സമീപം സമാനരീതിയിൽ ഐ.ടി.ജീവനക്കാരുടെ താമസസ്ഥലത്ത് നിന്ന് വില കൂടിയ വസ്തുക്കളും മൊബൈൽ ഫോണും മോഷണം പോയിരുന്നു.

ക്യാപ്ഷൻ : മോഷണം നടന്ന വീട്ടിൽ പൊലിസെത്തി ഐ.ടി.ജീവനക്കാരിൽ നിന്ന് മൊഴിയെടുക്കുന്നു