ഗുരുവായൂരപ്പന്റെ സ്വർണലോക്കറ്റ് വ്യാജമെന്ന പരാതി തെറ്റെന്ന് തെളിഞ്ഞു

Thursday 18 July 2024 1:16 AM IST

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് വാങ്ങിയ സ്വർണലോക്കറ്റ് വ്യാജമെന്ന പരാതി തെറ്റെന്ന് തെളിഞ്ഞു. ക്ഷേത്രത്തിൽ നിന്നും വാങ്ങിയ സ്വർണലോക്കറ്റ് വ്യാജമാണെന്ന് കാണിച്ച് ദേവസ്വം ചെയർമാന് ഒറ്റപ്പാലം അമ്പലപ്പാറ ചെറുമുശ്ശേരി കരുവാൻതൊടി പുത്തൻവീട്ടിൽ മോഹൻദാസ് പരാതി നൽകിയിരുന്നു. തുടർന്ന് ഇയാളെ ഇന്നലെ ദേവസ്വം ഭരണസമിതി യോഗത്തിലേക്ക് വിളിച്ചുവരുത്തി.

ദേവസ്വം അപ്രൈസർ കെ. ഗോപാലകൃഷ്ണൻ ലോക്കറ്റ് പരിശോധിച്ച് സ്വർണമാണെന്ന് സ്ഥിരീകരിച്ചെങ്കിലും പരാതിക്കാരൻ വിശ്വസിക്കാൻ തയ്യാറായിരുന്നില്ല. പിന്നീട് കിഴക്കെ നടയിലെ ജ്വലറിയിലെത്തി പരിശോധിച്ച് സ്വർണമാണെന്ന് സ്ഥിരീകരിച്ചെങ്കിലും ഉറപ്പ് വരുത്തുന്ന സർട്ടിഫിക്കറ്റ് വേണമെന്ന് വാദിച്ചു.

കുന്നംകുളത്തെ സ്വർണം പരിശോധിക്കുന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലും സ്ഥിരീകരിച്ചതോടെ സ്വർണമാണെന്ന സർട്ടിഫിക്കറ്റ് നൽകി. പരിശോധനകൾക്ക് ശേഷം ദേവസ്വം ഓഫീസിലെത്തിയ മോഹൻദാസ് തനിക്ക് ഇനിയും ഇത് സ്വർണമാണെന്ന് വിശ്വാസമായിട്ടില്ലെന്ന് മാദ്ധ്യമപ്രവർത്തകരോട് വിശദീകരിച്ചു.

ലോക്കറ്റ് പണയം വയ്ക്കാൻ ബാങ്കിൽ ഉൾപ്പെടെ പാലക്കാട്ടെ ജില്ലയിലെ മൂന്നിടങ്ങളിൽ പോയെങ്കിലും സ്വർണമല്ലെന്ന് കണ്ടെത്തിയിരുന്നത്രെ. അതിനാൽ പാലക്കാട്ട് കൂടി പരിശോധന നടത്തിയ ശേഷമേ ഉറപ്പാക്കാനാകൂവെന്ന നിലപാടിലായിരുന്നു. ലോക്കറ്റുമായി പോയ ശേഷം ഇത് മാറ്റുമോയെന്ന ആശങ്കയിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ പൊലീസിൽ വിവരം അറിയിച്ചു.

ഗുരുവായൂർ എ.സി.പി ടി.എസ്. സിനോജ്, എസ്.ഐമാരായ പി. രാജു, പി. കൃഷ്ണകുമാർ എന്നിവർ എത്തിയതോടെ തനിക്ക് തെറ്റ് പറ്റിയതാണെന്നും ലോക്കറ്റ് സ്വർണമാണെന്ന് ഉറപ്പായെന്നും പരാതിക്കാരൻ നിലപാട് മാറ്റി. ദേവസ്വത്തിനും ഭക്തർക്കുമുണ്ടായ വിഷമത്തിൽ മാപ്പ് ചോദിക്കുന്നതായും ഇയാൾ അറിയിച്ചു.

മേയ് 13നാണ് രണ്ടു ഗ്രാം തൂക്കമുള്ള ഗുരുവായൂരപ്പന്റെ സ്വർണലോക്കറ്റ് 14,​200 രൂപയ്ക്ക് മോഹൻദാസ് വാങ്ങിയത്. ദേവസ്വത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ പൊലീസിൽ പരാതി നൽകി. തുടർന്ന് കേസെടുത്ത പൊലീസ് മോഹൻദാസിനെ കസ്റ്റഡിയിലെടുത്തു. സ്വർണ ലോക്കറ്റും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ നീക്കത്തിന് പിന്നിൽ മറ്റു ഗൂഢോദ്ദേശ്യമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Advertisement
Advertisement