അരികിലുണ്ട്,​ അപ്പ

Thursday 18 July 2024 1:34 AM IST

അപ്പയുടെ അസാന്നിദ്ധ്യത്തിലും ആ അദൃശ്യസാന്നിദ്ധ്യംകൊണ്ട് സജീവമായിരുന്നു കഴിഞ്ഞ ഒരു വർഷം. 53 വർഷം അദ്ദേഹം നിയമസഭാ സാമാജികനെന്ന നിലയിലും മന്ത്രിയെന്ന നിലയ്ക്കുമൊക്കെ ജനങ്ങളെ നയിച്ചു. എന്നാൽ കഴിഞ്ഞ ഒരു വർഷം ജനങ്ങൾ അദ്ദേഹത്തിന്റെ ഓർമ്മകളെ നയിച്ചു. അപ്പ ഒപ്പമുണ്ടായിരുന്നില്ലെന്ന തോന്നലേ ഉളവായില്ല. മരണം മുതൽ അദ്ദേഹത്തിന്റെ കല്ലറിയിലേക്കും വീട്ടിലേക്കും ജനങ്ങൾ നിലയ്ക്കാതെ എത്തിക്കൊണ്ടിരിക്കുകയാണ്. എത്ര സ്നേഹം അദ്ദേഹം ജനങ്ങൾക്കു നൽകിയോ,​ അത് പലിശ സഹിതമാണ് അവർ തിരിച്ചുനൽകുന്നത്.

പുറമെ പ്രകടമാക്കാറില്ലെങ്കിലും ഞങ്ങൾ മക്കളോട് അദ്ദേഹത്തിന് നിറയെ സ്നേഹമായിരുന്നു. എപ്പോഴും കുടുംബത്തെ സ്വസ്ഥമാക്കിയിരുത്താൻ അദ്ദേഹം ശ്രദ്ധിച്ചു. ഏതു സാഹചര്യത്തിലും ആശ്വസിപ്പിക്കുന്നതായിരുന്നു പ്രകൃതം. ഞാൻ എം.എൽ.എ ആയി ഒരുവർഷമായിട്ടില്ലെങ്കിലും 50,000 കിലോമീറ്ററിലധികം ഇതിനകം യാത്ര ചെയ്തു. തുടർച്ചയായ യാത്ര ശീലമല്ലാഞ്ഞിട്ടോ എന്തോ, ആരോഗ്യപരമായി ചില്ലറ പ്രശ്നങ്ങളൊക്കെ യാത്ര കഴിയുമ്പോൾ തോന്നും. അപ്പോൾ 53 വർഷം എം.എൽ.എ ആയിരുന്ന അപ്പ എത്ര ലക്ഷം കിലോമീറ്ററുകൾ യാത്ര ചെയ്തിട്ടുണ്ടാവും. എത്ര ലക്ഷം ആൾക്കാരുമായി ഇടപഴകിയിട്ടുണ്ടാവും! രാഷ്ട്രീയമായി അപ്പയോട് ശത്രുതയും എതിർപ്പുമൊക്കെയുള്ളവരുണ്ടാകാം. അതൊന്നും ചിന്തിക്കാൻ അപ്പയ്ക്ക് സമയമുണ്ടായിരുന്നില്ല. പോസിറ്റീവായ കാര്യങ്ങൾ മാത്രം എപ്പോഴും ചിന്തിച്ചു. അതു കൊണ്ട് എല്ലാ നെഗറ്റീവ് ചിന്തകളെയും നിഷ്പ്രയാസം മറികടക്കാൻ സാധിച്ചു. മനസിന് അത്രത്തോളം കരുത്തായിരുന്നു.

സാധാരണക്കാരന് ഊരാക്കുടുക്കുണ്ടാക്കുന്ന നിയമങ്ങൾ മാറ്രാൻ അപ്പ എപ്പോഴും പരിശ്രമിച്ചു. സാധാരണക്കാർക്കും പാവപ്പെട്ടവർക്കും അതതു സമയം നീതിയും ആനുകൂല്യങ്ങളും കിട്ടാനാണ് അദ്ദേഹം ശ്രദ്ധിച്ചത്. കേരളത്തിന് അപ്പ നൽകിയ ഏറ്റവും വലിയ സംഭാവന വിഴിഞ്ഞം പോർട്ട് തന്നെയാണ്. ഒരു തുറമുഖം കൊണ്ടാണ് സിംഗപ്പൂർ രക്ഷപ്പെട്ടത്. അതുപോലെ കേരളത്തിന് ഭാവിയിൽ വലിയ വികസനവും വളർച്ചയും കൊണ്ടുവരാനുള്ള മുഖ്യ ഉപാധിയായി വിഴിഞ്ഞം മാറും. ഇൻഫോപാർക്കും മെട്രോ റെയിലുമൊക്കെ അപ്പയുടെ ഉത്സാഹത്തിൽ യാഥാർത്ഥ്യമായ പദ്ധതികളാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തെ രാജ്യത്തെ ആദ്യ സോളാർഎയർപോർട്ടാക്കി മാറ്റിയത് ആ നിശ്ചയദാർഢ്യമാണ്.അപൂർവമായൊരു റെക്കാർഡാണ് ഇതിലൂടെ നേടാനായത്.

സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം എന്നതായിരുന്നു അപ്പയുടെ നിർബ്ബന്ധം. ഊരാക്കുടുക്കുകളുള്ള പല നിയമങ്ങളും പരിഷ്കരിക്കാൻ കാരണം ഇതാണ്. ജനസമ്പർക്ക പരിപാടി വഴി എത്രയോ ലക്ഷം ജനങ്ങൾക്ക് ചെറിയ തോതിലെങ്കിലും ആശ്വാസം പകരാൻ കഴിഞ്ഞു. പാവപ്പെട്ടവരോട് അദ്ദേഹം കാട്ടിയ കരുണയുടെയും കരുതലിന്റെയും തുടർച്ചയായിട്ടാണ് സാധുക്കളായവർക്ക് ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ഓരോ മാസവും ഒരു ലക്ഷം രൂപയുടെ വരെ മരുന്നുകൾ എത്തിക്കാനുള്ള ഒരു സേവന പദ്ധതിക്ക് തുടക്കമിട്ടിട്ടുള്ളത്.അപ്പയുടെ ഈ ഓ‌ർമ്മദിനത്തിൽ ഫൗണ്ടേഷന്റെ ഓഫീസ് കോട്ടയം കഞ്ഞിക്കുഴിയിൽ തുടങ്ങുകയാണ്.

Advertisement
Advertisement