ശിവകാർത്തികേയന്റെ വില്ലൻ ബിജു മേനോൻ
ശിവകാർത്തികേയനെ നായകനാക്കി എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിജു മേനോൻ എത്തുന്നത് പ്രതിനായകനായി. നീണ്ട 14 വർഷത്തെ ഇടവേളയ്ക്കുശേഷം ബിജു മേനോൻ തമിഴിൽ അഭിനയിക്കുന്ന ചിത്രമാണ്. എസ്.കെ. 23 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. രുഗ്മിണി വസന്താണ് നായിക.
സൽമാൻ ഖാനെ നായകനാക്കി എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം സിക്കന്ദർ ഇപ്പോൾ ഷെഡ്യൂൾ ബ്രേക്കിലാണ്. ഒരേസമയം രണ്ട് ചിത്രങ്ങളുടെ ജോലിയിലാണ് മുരുഗദോസ്. 200 കോടി രൂപയാണ് ശിവകാർത്തികേയൻ ചിത്രത്തിന്റെ ബഡ്ജറ്റ്. ശക്തനായ പ്രതിനായക വേഷമാണ് ബിജുമേനോൻ അവതരിപ്പിക്കുന്നത് എന്നാണ് വിവരം.
നവംബർ വരെ ബിജു മേനോന് മലയാളത്തിൽ അഭിനയിക്കാൻ കഴിയാത്ത സാഹചര്യമാണ് . കുഞ്ചാക്കോ ബോബൻ -ബിജുമേനോൻ എന്നിവരെ നായകൻമാരാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിജു മേനോന് പകരം മറ്റൊരു നടനാണ് അഭിനയിക്കുക. ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. അതേസമയം നടന്ന സംഭവം ആണ് ബിജു മേനോൻ നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം. സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിൽ എത്തിയിരുന്നു.ആഗസ്റ്റ് 15ന് പ്രീമിയ
ർ ചെയ്യുന്ന എം.ടിയുടെ മനോരഥങ്ങൾ ആന്തോളജിയിൽ പ്രിയദർശൻ സംവിധാനം ചെയ്ത ശിലാലിഖത്തിൽ ബിജു മേനോൻ ആണ് നായകൻ.