നിയമങ്ങൾ പോരാ,പാലിക്കപ്പടണം

Thursday 18 July 2024 1:59 AM IST

അബദ്ധങ്ങൾ മനുഷ്യസഹജമാണ്, ആർക്കും പറ്റാം, അതിൽ നിന്ന് പാഠം പഠിക്കലാണ് വീണ്ടും ആവർത്തിക്കാതിരിക്കാനുള്ള ഉത്തമമാർഗം. പക്ഷെ അടിക്കേണ്ട അമ്മാവാ ഞാൻ നന്നാകില്ലെന്ന് വാശി പിടിച്ചാലോ. ചില കാര്യങ്ങളിൽ നാം അങ്ങനെയാണ് , എത്ര കിട്ടിയാലും പഠിക്കില്ല , നന്നാവുകയുമില്ല. കഴിഞ്ഞ ശനിയാഴ്ച മുതൽ തിങ്കളാഴ്ച രാവിലെ ഒമ്പതുമണിവരെയുള്ള 46 മണിക്കൂറുകളിൽ തലസ്ഥാന നഗരം വീർപ്പുമുട്ടി നിന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇത് പറയുന്നത്. ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി , നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യങ്ങൾ നീക്കി , ശുചീകരണം നടത്താൻ ഇറങ്ങിയ ഒരു തൊഴിലാളിയാണ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. നെയ്യാറ്റിൻകര മാരായമുട്ടം വടകര മലഞ്ചെരിവ് വീട്ടിൽ എൻ.ജോയി(47) ആണ് വിസർജ്യം ഉൾപ്പെടെയുള്ള മാലിന്യവും ചെളിയും തിങ്ങിനിറഞ്ഞ വെള്ളത്തിൽ അകാല ചരമം അടഞ്ഞത്.

നഗരം നടുക്കിയ

മണിക്കൂറുകൾ

ഒരു ദിവസം പകലന്തിയോളം അഴുക്കുവെള്ളത്തിൽ മുങ്ങിക്കിടന്ന് മാലിന്യം നീക്കിയാൽ കിട്ടുന്ന 1500 രൂപയ്ക്ക് വേണ്ടിയാണ് സ്വജീവൻ പോലും പണയപ്പെടുത്തി ഇയാൾ രോഗങ്ങളുടെ വിളനിലമായ തോട്ടിലേക്ക് ഇറങ്ങിയത്. ഇത് ജോയിയുടെ മാത്രം അവസ്ഥയല്ല, മഴക്കാലമായാൽ മാലിന്യവും പാഴ്വസ്തുക്കളും തിങ്ങി നിറയുന്ന ജലാശയങ്ങൾ ശുചിയാക്കാൻ പണിയെടുക്കുന്ന എത്രയോ തൊഴിലാളികൾ. പലപ്പോഴും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നത് പലവിധ രോഗബാധയോടെയും ആവാം. മരിച്ച ജോയിയുടെ മാതാവിന് 10 ലക്ഷം രൂപ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത് തീർത്തും നല്ലകാര്യം തന്നെ. പക്ഷെ മകന്റെ വേർപാടിൽ മനസുരുകുന്ന മാതാവിന്റെ തീരാദു:ഖത്തിന് ഇത് പ്രതിവിധിയാവില്ലല്ലോ. രക്ഷാപ്രവർത്തനങ്ങൾ വേണ്ടവിധം സംഘടിപ്പിച്ചില്ലെന്ന പരാതി പറയാനാവില്ല, കാരണം ഒറ്റനോട്ടത്തിൽ എല്ലാം സംവിധാനങ്ങളുമെത്തി.

ആഴത്തിലേക്കിറങ്ങി തെരച്ചിൽ നടത്താൻ സ്‌കൂബാ അപ്പാരറ്റസ് സംവിധാനത്തോടെ സ്കൂബ ടീം എത്തി.

ബ്രീത്തിംഗ് എയർകംപ്രസർ, ഗ്യാസ് ഡിറ്റക്ടർ, പോർട്ടബിൾ മൈക്ക് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളുമുള്ള സംഘം. ഫയർഫോഴ്സിനെ സഹായിക്കാൻ 20 അംഗ എൻ.ഡി.ആർ.എഫ് സംഘവും എത്തി. ടെക്‌നോപാർക്ക് ആസ്ഥാനമായ ജെന്റോബോട്ടിക്സ് ഇന്നൊവേഷന്റെ ബാൻഡികൂട്ട് എന്ന റോബോട്ടിനെ ആദ്യം മാലിന്യനീക്കത്തിന് എത്തിച്ചു. നൈറ്റ് വിഷൻ ക്യാമറകൾ ഘടിപ്പിച്ചിട്ടുള്ള മറ്റൊരു റോബോട്ടിനെ കൂടി പിന്നീട് കൊണ്ടുവന്നു. വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. ഐ.സി.യു സംവിധാനം ഉൾപ്പെടെയുള്ളവ പ്രത്യേകമായി സജ്ജീകരിച്ച് എമർജൻസി റെഡ് സോൺ സ്ഥാപിച്ചു. അടിയന്തര വൈദ്യസഹായം നൽകാൻ പ്രത്യേക മെഡിക്കൽ സംഘത്തെയും നിയോഗിച്ചു. 72 പേരടങ്ങുന്ന നഗരസഭാ ശുചീകരണ സംഘവും ദൗത്യത്തെ സഹായിക്കാനെത്തി . പ്രവർത്തനങ്ങളുടെ ഏകോപനത്തിന് നഗരസഭ സെക്രട്ടറി, മേയർ തുടങ്ങിയവർ സ്ഥലത്ത് ക്യാമ്പ് ചെയ്തു. മാദ്ധ്യമങ്ങളോട് കോർപ്പറേഷൻ മേയർ അച്ചടി ഭാഷയിൽ തെരച്ചിലിന്റെ പുരോഗതിയും അപകടമുണ്ടായതിന്റെ പശ്ചാത്തവുമെല്ലാം വിശദീകരിച്ചുകൊണ്ടുമിരുന്നു. ഒന്നിനും ഒരു കുറവുമുണ്ടായില്ല, പക്ഷെ ജോയിയുടെ ജീവൻ മാത്രം രക്ഷിക്കാനായില്ല.

ജോയി ഒഴുക്കിൽപ്പെട്ട ഭാഗത്തു നിന്ന് ഒരു കിലോമീറ്ററോളം മാറിയാണ് മൃതദേഹം മൂന്നാം ദിനം കണ്ടെത്തിയത്. വിഷയത്തിൽ റെയിൽവെയെ ആകാവുന്നത്ര പഴിചാരാൻ നഗരസഭ അധികൃതർ മടിച്ചില്ല. അതിൽ തെറ്രുപറയാനുമാവില്ല. കാരണം രക്ഷാപ്രവർത്തനം നടക്കുന്ന സമയത്ത് ട്രാക്കിൽ പിടിച്ചിട്ട ട്രെയിനുകൾ മാറ്റണമെന്ന് അഭ്യർത്ഥിച്ചിട്ട് അതു ചെവിക്കൊള്ളാനുള്ള സൗമനസ്യം പോലും അവർ കാണിച്ചില്ല. കേന്ദ്രത്തിലെ പിടിപാടുള്ള ആരെങ്കിലുമൊക്കെ വരുമ്പോൾ റെയിൽവെ സ്റ്റേഷനും പരിസരവും ഒക്കെ വെടിപ്പാക്കാനും ട്രാക്കുകൾ ശുചിയാക്കി, ട്രെയിനുകൾ പരമാവധി പ്ളാറ്റ് ഫോമിൽ നിന്ന് അകറ്റിയിടാനുമൊക്കെ റെയിൽവെ മേലാളന്മാർ കാട്ടുന്ന ശുഷ്കാന്തി , നഗരവാസികളും പതിവ് യാത്രക്കാരും പലപ്പോഴും കണ്ടിട്ടുള്ളതാണ്. എന്നാൽ ഒരു പാവപ്പെട്ട കൂലിവേലക്കാരൻ മാലിന്യക്കുളത്തിൽ മരണത്തോട് മല്ലടിച്ചപ്പോൾ ഒരു ശുഷ്കാന്തിയും കാട്ടാൻ ഈ വെള്ളക്കോളറുകാർ മനസ് വച്ചില്ല. ഓരോ ട്രെയിൻ വന്നു പോകുമ്പോഴും പ്ളാറ്റ് ഫോമുകളിലും ട്രാക്കുകളിലും കുമിഞ്ഞ് കൂടുന്ന പ്ളാസ്റ്റിക് മാലിന്യം ആർക്കും കാണാവുന്നതാണ്.

വേണ്ടത് ഫലപ്രദമായ

മാലിന്യ നീക്കം

എല്ലാ ഭദ്രമെന്ന് ആണയിടുന്ന നഗരസഭ അധികൃതർക്ക് നെഞ്ചിൽ കൈവച്ചു പറയാനാവുമോ ഇവിടെ എല്ലാം വെടിപ്പാണെന്ന്. എല്ലാ ദിവസവും ചിട്ടപ്പടി നഗരശുചീകരണം നടക്കാറുണ്ട്. പക്ഷെ രണ്ട് ദിവസം ശുചീകരണ തൊഴിലാളികൾ പണി മുടക്കിയാൽ നഗരവാസികൾ ഗതികേടിലാവും. ശാസ്ത്രീയമായ എന്ത് സംവിധാനമാണ് നഗരസഭ ഏർപ്പെടുത്തിയിട്ടുള്ളത്. ജോയിയുടെ ജീവൻ അപഹരിച്ച 12 കിലോമീറ്ററോളം നീളത്തിലുള്ള ആമയിഴഞ്ചാൻ തോട് തുടക്കം മുതൽ ഒടുക്കം വരെ ഒന്നു സഞ്ചരിച്ച് കണ്ടാൽ, ഇത് മനുഷ്യവാസമുള്ള ദേശത്തുകൂടിയാണോ പോകുന്നതെന്ന് തോന്നിപ്പോവും. കാരണം ആക്കുളം കായൽ വരെ തോടിന്റെ ഓരോ മുക്കും മൂലയും പ്ളാസ്റ്റിക് അടക്കമുള്ള മാലിന്യക്കൂമ്പാരം കൊണ്ട് നിറഞ്ഞിരിക്കയാണ്. എല്ലാവരുടെയും മൂക്കിന് താഴെയായിട്ടും എന്തേ ഇതൊന്നു വെടിപ്പാക്കാൻ യാഥാർത്ഥ്യ ബോധത്തോടെയുള്ള ഒരു പദ്ധതി തയ്യാറാവാത്തത്. അതിന് വേണ്ടി കാര്യമായ ഫണ്ട് നീക്കി വയ്ക്കാൻ സൽബുദ്ധി കാട്ടാത്തത്. ഓപ്പറേഷൻ അനന്ത അടക്കം കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ചില പദ്ധതികളുടെ കൂമ്പടഞ്ഞത് എങ്ങനെയെന്ന് ആരും തിരക്കാത്തതെന്ത്.

പിന്നെ സർക്കാർ, ഭരണ സംവിധാനങ്ങളെ മാത്രം ഇക്കാര്യത്തിൽ പഴിച്ചിട്ട് കാര്യമില്ല. കാരണം ഒരു മാന്യതയും മര്യാദയുമില്ലാതെ ജലാശയങ്ങളിലേക്കും പൊതു സ്ഥലങ്ങളിലേക്കും മാലിന്യങ്ങളും പാഴ് വസ്തുക്കളും വലിച്ചെറിയുന്ന നമ്മൾ ഓരോരുത്തർക്കുമുണ്ട് ജോയിയുടെ ജീവൻ ബലികൊടുത്തതിന്റെ ഉത്തരവാദിത്തം. നമ്മുടെ നാടും നഗരവും ശുചിയായി സൂക്ഷിക്കണമെന്ന ആഗ്രഹം മനസിലുണ്ടെങ്കിൽ ഒരിക്കലും ഇത്തരം പ്രവർത്തികൾ ചെയ്യാനാവില്ല. സ്വന്തം വീടുകളിലെ അവശിഷ്ടങ്ങൾ പോലും ഇരുട്ടിന്റെ മറവിൽ പൊതു നിരത്തിൽ വലിച്ചെറിഞ്ഞ് പുറംമോടിക്ക് സാമൂഹ്യ പ്രതിബദ്ധത വിളമ്പുന്ന കപടമുഖങ്ങളെ വെളിച്ചത്തു കൊണ്ടുവരാൻ ശക്തമായ നടപടി സ്വീകരിച്ചാൽ തന്നെ മാലിന്യ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാവും.

ഇതുകൂടി കേൾക്കണേ

നിയമങ്ങൾ പാലിക്കപ്പെടാനുള്ളതാണ്. പാലിക്കില്ലെന്ന് നിർബ്ബന്ധ ബുദ്ധിയുള്ളവരെ നിയമാനുസൃതമുള്ള ശിക്ഷാ നടപടികൾക്ക് മുഖം നോക്കാതെ വിധേയരാക്കണം. അതിന് ഭരണകർത്താക്കൾക്ക് ആർജ്ജവമുണ്ടാവണമെങ്കിൽ അവരും സ്വയം നന്നാവണം.

Advertisement
Advertisement