മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് തിരിച്ചടിയാകും,​ നിർണായക തീരുമാനം നടപ്പിലാക്കുന്നതിൽ നിന്ന് പിൻവാങ്ങി കർണാടക

Wednesday 17 July 2024 9:20 PM IST

ബംഗളുരു : കർണാടക സ്വദേശികൾക്ക് സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും സംവരണം ഏർപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് സിദ്ധരാമയ്യ സർക്കാർ പിൻമാറി. ഇത് സംബന്ധിച്ച് മന്ത്രിസഭ അംഗീകരിച്ച ബിൽ മരവിപ്പിച്ചു. ഐ.ടി മേഖലയിൽ നിന്നുൾപ്പെടെ ബില്ലിനെതിരെ വൻ എതി‌ർപ്പുയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കൂടിയോലോചനകൾക്ക് ശേഷം അന്തിമ തീരുമാനം എടുക്കുമെന്ന് സിദ്ധരാമയ്യ അറിയിച്ചു.

തിങ്കളാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സംവരണ ബില്ലിൽ തീരുമാനമെടുത്തത്. സ്വകാര്യ വ്യവസായ സ്ഥാപനങ്ങളിലെ മാനേജ്‌മെന്റ്,​ മാനേജ്‌മെന്റ് ഇതര വിഭാഗങ്ങളിലാണ് സംവരണം പ്രഖ്യാപിച്ചത്. സ്വകാര്യ സ്ഥാപനങ്ങളിൽ ഗ്രൂപ്പ് സി,​ഡി കാറ്റഗറികളിൽ പെടുന്ന ജോലികളിൽ കർണാടക സ്വദേശികൾക്ക് മാത്രം നിയമനം നൽകാൻ ആവശ്യപ്പെടുന്ന നിയമം കൊണ്ടുവരുമെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു.

മാനേജ്‌മെന്റ് വിഭാഗത്തിലെ ഡയറക്ടർമാർ ഒഴികെ,​ ഫാക്ടറിയിലോ വ്യവസായ സ്ഥാപനങ്ങളിലെയോ കമ്പനികളിലെയോ സൂപ്പർവൈസർ,​ മാനേജർ,​ ടെക്‌നിക്കൽ,​ ഓപ്പറേഷൻ,​ അഡ്‌മിനിസ്ട്രേറ്റീവ് തുടങ്ങിയ തൊഴിൽ വിഭാഗങ്ങളിൽ ഈ സംവരണ ചട്ടം ബാധകമാകുമെന്നാണ് ബില്ലിലുള്ളത്. കൂടാതെ ഐ.ടി/ ഐ.ടി.ഇ.എസ് മേഖലകളിൽ പ്രവർത്തിക്കുന്ന കരാർ ജീവനക്കാർ,​ തൊഴിലാളികൾ എന്നിവരുൾപ്പെടെ നോൺ മാനേജ്‌മെന്റ് ജോലികളിലും കർണാടക സ്വദേശികൾക്ക് സംവരണം വിഭാവനം ചെയ്തിരുന്നു.

നിരവധി മലയാളികൾ ബംഗളുരു ഉൾപ്പെടെ കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. ഐ.ടി മേഖലയിൽ അടക്കം ഈ ചട്ടം ബാധകമായതിനാൽ മലയാളികൾക്കടക്കം തൊഴിലവസരം കുറയാനും സാദ്ധ്യതയുണ്ടായിരുന്നു. കർണാടക സർക്കാരിന്റെ തീരുമാനം പ്രതിലോമകരമാണെന്ന് ജോൺ ബ്രിട്ടാസ് എം.പി വാർത്താഏജൻസിയോട് പ്രതികരിച്ചിരുന്നു.

ബംഗളുരുവിനെ ഐ.ടി ഹബ്ബാക്കി മാറ്റിയത് കർണാടക ഒറ്റയ്ക്കല്ല,​ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും ഉള്ളവരുടെ കൂടി സംഭാവനയാണ്. അത്തരം ജോലികൾ കർണാടക സ്വദേശികൾക്കായി സംവരണം ചെയ്യുന്നത് വലിയ കുഴപ്പങ്ങൾ സൃഷ്ടിക്കും. സർക്കാർ തീരുമാനം മലയാളികളെയും പ്രതികൂലമായി ബാധിക്കും. ഇത്തരം പിന്തിരിപ്പൻ തീരുമാനങ്ങൾ നടപ്പാക്കിയാൽ അത് രാജ്യത്തിന്റ ഐക്യത്തെയും അഖണ്ഡതെയും ബാധിക്കുമെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.

Advertisement
Advertisement