നൂറ്റാണ്ടിന്റെ ഓർമ്മയിൽ 99ലെ പ്രളയം

Thursday 18 July 2024 3:06 AM IST

99 വർഷം മുമ്പ് വരെ ഇടുക്കി ജില്ലയിൽ ട്രെയിനുണ്ടായിരുന്നെന്ന് പറഞ്ഞാൽ ഇന്നലെ തലമുറ വിശ്വസിച്ചെന്ന് വരില്ല. 1902 മുതൽ 1924 വരെ മൂന്നാറിലെ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ തീവണ്ടി ചൂളംവിളിച്ച് ഓടിയിരുന്നു. മൂന്നാറിൽ നിന്ന് മാട്ടുപ്പെട്ടി, കുണ്ടള വഴി തമിഴ്നാടിന്റെ അതിർത്തിയായ ടോപ്‌സ്റ്റേഷൻ വരെയായിരുന്നു ഈ മോണോ റെയിൽവേ ലൈൻ. 1908 മുതലാണ് ആവി എൻജിനുകൾ ഉപയോഗിച്ചുള്ള തീവണ്ടി, പാതയിലൂടെ ഓടിച്ചു തുടങ്ങിയത്. തേയിലയും മറ്റു ചരക്കുകളും തുറമുഖത്ത് എത്തിക്കാനുള്ള എളുപ്പ മാർഗമായിട്ടായിരുന്നു ബ്രിട്ടീഷുകാർ റെയിൽപ്പാത സ്ഥാപിച്ചത്. ടോപ്പ് സ്റ്റേഷനിലെത്തുന്ന തേയിലപ്പെട്ടികൾ അവിടെ നിന്ന് അഞ്ച് കിലോമീറ്റർ താഴെയുള്ള കോട്ടാഗുഡിയലേക്ക് (ബോട്ടം സ്‌റ്റേഷൻ) റോപ്പ്‌വേ വഴിയാണ് അയച്ചിരുന്നത്. അവിടെ നിന്ന് 15 കിലോമീറ്റർ അകലെയുള്ള ബോഡിനായ്ക്കന്നൂരിലെത്തുന്ന ചരക്കുകൾ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കും കപ്പൽ വഴി ഇംഗ്ലണ്ടലേക്കും കയറ്റി അയയ്ക്കുമായിരുന്നു. 99ലെ വെള്ളപ്പൊക്കമെന്ന പേരിൽ അറിയപ്പെടുന്ന 1924ലെ മഹാപ്രളയമാണ് മൂന്നാറിലെ റെയിൽവേ സംവിധാനത്തെ തകർത്തെറിഞ്ഞത്.

ഉരുൾപൊട്ടലിനെ തുടർന്ന് തകർന്നു വീണ പാറകളും മരങ്ങളും ചേർന്ന് മാട്ടുപ്പെട്ടിയിലെ രണ്ടു മലകൾക്കിടയിൽ തടയിണ രൂപപ്പെട്ടു. മഴ ശക്തമായപ്പോൾ ഈ പാറയും മണ്ണും മരങ്ങളും വെള്ളവുമെല്ലാം ഒഴുകിയെത്തി മൂന്നാറിനെ ഇല്ലാതാക്കുകയായിരുന്നു. നാടിനെ നടുക്കിയ ദുരന്തത്തിന്റെ ഓർമ്മയ്ക്ക് 100 വയസ് പൂർത്തിയായി. അന്ന് ഒഴുകിപ്പോയതെല്ലാം പിന്നീട് മൂന്നാറിലേക്ക് തിരികെ കൊണ്ടുവരാനായെങ്കിലും റെയിൽ സംവിധാനം മാത്രം പുനഃസ്ഥാപിക്കാനായില്ല. റെയിൽപാളങ്ങളുടെയും സ്റ്റേഷന്റെയും അവശിഷ്ടങ്ങൾ മൂന്നാറിലെ ടോപ്‌സ്റ്റേഷനിലും മറ്റും ഇപ്പോഴും കാണാം. മൂന്നാർ ടൗണിലും പരിസര പ്രദേശങ്ങളിലും ഇന്നു കാണുന്ന ഇലക്ട്രിക് പോസ്റ്റുകളിൽ പലതും പഴയ റെയിൽപ്പാളങ്ങളാണ്. മൂന്നാറിലെ റെയിൽവേ സ്റ്റേഷനായി പ്രവർത്തിച്ച കെട്ടിടം ഇന്നത്തെ ടാറ്റ ടീയുടെ ഓഫീസാണ്. റെയിൽവേ ട്രാക്ക് കടന്നുപോയ വഴികൾ പിന്നീട് റോഡാക്കി മാറ്റി. നൂറ്റാണ്ട് മുമ്പ് ബ്രിട്ടീഷുകാർ സ്ഥാപിച്ച റെയിൽവേ സംവിധാനം സാങ്കേതിക വിദ്യയും മാനവ വിഭവശേഷിയും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെട്ട ഇക്കാലത്തും നമ്മുടെ സർക്കാരുകൾക്ക് പുനഃസ്ഥാപിക്കാനായില്ലെന്നത് ഓർക്കണം. മൂന്നാറിൽ വിനോദസഞ്ചാരികൾക്കായി ട്രെയിൻ സർവീസ് പുനരാരംഭിക്കുമെന്ന് 2021ലെ സംസ്ഥാന ബഡ്ജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല.

ഇല്ലാതായി സ്വപ്നഭൂമി

1924 ജൂലായ് 14. നാടിനെ ഒന്നാകെ പ്രളയത്തിൽ മുക്കിയ മഹാമാരിയുടെ തുടക്കമായിരുന്നു അത്. ദിവസങ്ങൾ നീണ്ടു നിന്ന പ്രളയം മൂന്നാറിലെ പൂർണമായി തകർത്തു. ബ്രിട്ടീഷ് ഭരണകാലത്തെ നിർമ്മിതികളും റെയിൽവേയും മൂന്നാർ പട്ടണവും ഓർമ്മയായി. കനത്ത മഴയെ തുടർന്നുണ്ടായ മലയിടിച്ചിലിൽ പെരിയവരയിലും മാട്ടുപ്പട്ടിയിലും രണ്ട് കൃത്രിമ തടാകങ്ങൾ രൂപപ്പെട്ടു. ഇതോടെ ഈ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. എന്നാൽ പിന്നീട് ഇവ രണ്ടും തകർന്നതോടെ വലിയ മലവെള്ളപ്പാച്ചിലുണ്ടായി. ഇതേ തുടർന്ന് മറ്റൊരു വൻമല ഇടിഞ്ഞുവീണ് ഇന്നത്തെ ഹെഡ് വർക്ക്സ് ഡാമിന് സമീപത്ത് മുതിരപ്പുഴയാർ പൂർണമായും തടസ്സപ്പെട്ടു. ഇതോടെയാണ് മൂന്നാർ മേഖല പൂർണമായി വെള്ളത്തിൽ മുങ്ങിയത്. മഴ കനത്തതോടെ പ്രദേശത്തെ പാലങ്ങളെല്ലാം തകർന്നു. ഇതോടെ വിവിധ എസ്റ്റേറ്റുകൾ ഒറ്റപ്പെട്ട നിലയിലായി. തൊഴിലാളി ലയങ്ങൾ പലതും ഒലിച്ചുപോയി. ഇന്നത്തെ കെ.ഡി.എച്ച്.പി. ഹെഡ് കോട്ടേഴ്സ് സമീപത്തുള്ള അന്നത്തെ സർക്കാർ പാലം തകർന്നതോടെ മൂന്നാർ പുറം ലോകത്തുനിന്ന് പൂർണമായും ഒറ്റപ്പെട്ടു. ബ്രിട്ടീഷുകാർ നിർമിച്ച വൻ കെട്ടിടങ്ങൾ തകർന്നടിഞ്ഞു. ഇന്ത്യയിലെ ആദ്യ മോണോറെയിൽ ആയിരുന്ന കുണ്ടള വാലി റെയിൽവേ നാമാവശേഷമായി. മൂന്നാറിൽ നിന്ന് ടോപ് സ്റ്റേഷൻ വരെയായിരുന്നു ബ്രിട്ടീഷുകാർ തീവണ്ടി പാത സ്ഥാപിച്ചത്. ശക്തമായ മഴയിൽ ഇത് ഭൂരിഭാഗവും ഒലിച്ചുപോയി. മുതിരപ്പുഴയാറിന് തീരത്തെ മൂന്നാർ ഫാക്ടറി, ആംഗ്ലോ തമിഴ് സ്‌കൂൾ, മൂന്നാർ സപ്ലൈ അസോസിയേഷൻ (എം.എസ്.എ.) എന്നിവയും നാമാവശേഷമായി. മേഖലയിലെ ഭൂരിഭാഗം എസ്റ്റേറ്റുകളും ഒറ്റപ്പെട്ട് പരസ്പരം വിവരങ്ങൾ അറിയിക്കാൻ പോലുമാകാതായി.

മഴ ഇങ്ങനെ

ജൂലായ് 15 മുതൽ പ്രദേശത്ത് പെയ്ത മഴയുടെ കണക്കുകൾ രേഖപ്പെടുത്തിയിരുന്നു 15ന് കല്ലാർ എസ്റ്റേറ്റിൽ 21.13 ഇഞ്ച് രാജമലയിൽ 30 ഇഞ്ച് എന്നിങ്ങനെയാണ് മഴ പെയ്തത്. പിറ്റേന്ന് ഇത് 28.6 6 ആയി ഉയർന്നു ജൂലൈ 15 മുതൽ 25 വരെ മൂന്നാർ മേഖലയിൽ 2023.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി എന്നാണ് കണക്കുകൾ പറയുന്നത്. അന്നത്തെ കമ്പനി മാനേജർ ആയിരുന്ന ഗ്രോലി ബോയ്ഡിന്റെ കുറിപ്പുകളും ഇത് ശരിവെക്കുന്നു. പ്രളയത്തെ തുടർന്ന് നിരവധിപേർക്ക് ജീവൻ നഷ്ടപ്പെട്ടു. ജീവനോപാധികൾ പൂർണമായും ഇല്ലാതായി. മൂന്നാറിന്റെ വിവിധ ഭാഗങ്ങളിലായി മരിച്ചവരുടെ എണ്ണം പോലും കൃത്യമായി കണക്കാക്കാനായിട്ടില്ല. വെള്ളപ്പൊക്കത്തിൽ തിരുവിതാംകൂറിന്റെ മൂന്നിലൊന്ന് ഭാഗം വെള്ളത്തിൽ മുങ്ങിയിരുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത് മൂന്നാറിലാണ്.

മൂന്നാറിന്റെ ഉയിർപ്പ്

1877ൽ കണ്ണൻ ദേവൻ മല ജോൺ മൺട്രൊ പാട്ടത്തിനെടുത്ത കാലം മുതലാണ് മൂന്നാറിന്റെ ചരിത്രം ആരംഭിക്കുന്നത്. 1894 ൽ തേയിലത്തോട്ടം ഫിൻലെ കമ്പനിയുടെ ഉടമസ്ഥതയിലേക്ക് മാറുന്നതോടെയാണ് മൂന്നാറിന്റെ വികസനമാരംഭിച്ചത്. എന്നാൽ 1924ലെ മഹാപ്രളയം മൂന്നാറിനെ തകർത്തെറിഞ്ഞു. ബ്രിട്ടീഷ് ഭരണകാലത്ത് വലിയൊരു പട്ടണമായിരുന്ന മൂന്നാർ ശ്മശാന ഭൂമിയായി മാറി. ഇന്നത്തെ ആധുനിക പട്ടണളോട് കിടപിടിക്കുന്ന സൗകര്യങ്ങളെല്ലാം ഓർമ്മയായി. പിന്നീട് കണ്ണൻ ദേവൻ കമ്പനിയുടെ ഇച്ഛാശക്തിയും കഠിനപ്രയത്നവുമാണ് മൂന്നാറിന്റെ ഉയർത്തെഴുന്നേൽപ്പിന് കാരണമായത്. കമ്പനിയുടെ മാട്ടുപ്പട്ടിയിലെ ആസ്ഥാനം മൂന്നാറിലേക്ക് മാറ്റിയ കമ്പനി ടൗൺ പുനർനിർമിച്ചു. തകർന്ന റെയിൽവേയ്ക്ക് പകരമായി ലോറി സർവീസ് തുടങ്ങി. പിന്നീട് ചരക്ക് നീക്കത്തിനായി റോപ്പ് വേ സംവിധാനവും സ്ഥാപിച്ചു. യന്ത്രസാമഗ്രികൾ ഇറക്കുമതി ചെയ്ത് പുതിയ തേയില ഫാക്ടറികൾ സ്ഥാപിച്ചു. 1926 ൽ മൂന്നാർ തേയില ഫാക്ടറി കെട്ടിടത്തിൽ ഇംഗ്ലീഷ് സ്‌കൂൾ സ്ഥാപിച്ചു. 1918 ൽ സ്ഥാപിച്ച ആംഗ്ലോ തമിഴ് സ്‌കൂൾ പ്രളയത്തിൽ തകർന്നെങ്കിലും പിന്നീട് പുനർനിർമിച്ചു. സ്‌കൂൾ പിന്നീട് സർക്കാർ ഏറ്റെടുത്തു. 1947 ൽ രാജ്യത്തെ ആദ്യ ആർച്ച് ഡാം കുണ്ടളയിൽ നിലവിൽവന്നു പിന്നീട് മാട്ടുപ്പട്ടി ഡാമും പണി പൂർത്തിയാക്കി. കാലം മാറിയതോടെ വിനോദസഞ്ചാര മേഖലയിൽ മൂന്നാർ വൻ മുന്നേറ്റം നടത്തി.

Advertisement
Advertisement