അജിത് പവാറിന് തിരിച്ചടി: നാലു നേതാക്കൾ ശരദ് പവാർ പക്ഷത്തേക്ക്

Thursday 18 July 2024 12:25 AM IST

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടർന്ന് പ്രതിസന്ധിയിലായ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പിക്ക് പ്രഹരമായി മഹാരാഷ്ട്രയിലെ നാല് പ്രമുഖ നേതാക്കൾ രാജി വച്ചു. 20ന് ഇവർ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പിയിൽ ചേരുമെന്നാണ് സൂചന.

എൻ.സി.പി പിംപ്രി-ചിഞ്ച്‌വാഡ് യൂണിറ്റ് തലവൻ അജിത് ഗവ്ഹാനെ, വിദ്യാർത്ഥി സംഘടനാ അദ്ധ്യക്ഷൻ യാഷ് സാനെ, മുൻ കോർപ്പറേറ്റർമാരായ രാഹുൽ ഭോസാലെ, പങ്കജ് ഭലേക്കർ എന്നിവരാണ് രാജി സമർപ്പിച്ചത്. കൂടുതൽ നേതാക്കൾ പാർട്ടി വിടുമെന്നും

ഗവ്ഹാനെ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടർന്ന് അജിത് പവാർ ക്യാമ്പിലെ ചില നേതാക്കൾ ശരദ് പവാർ പക്ഷത്തേക്ക് മടങ്ങുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിച്ചവരെ സ്വീകരിക്കില്ലെന്ന് ശരദ് പവാർ പറഞ്ഞിരുന്നു.

ബി.ജെ.പി നേതൃത്വത്തിൽ നടത്തിയ രാഷ്‌ട്രീയ നീക്കങ്ങൾക്കൊടുവിലാണ് ശരത് പവാറിന്റെ മരുമകനായ അജിത് പവാർ കഴിഞ്ഞ കൊല്ലം ഭൂരിപക്ഷം എം.എൽ.എമാർക്കൊപ്പം പാർട്ടി പിളർത്തിയത്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ അജിത് പവാർ ഉപ മുഖ്യമന്ത്രിയുമായി. എന്നാൽ എൻ.ഡി.എ ബാനറിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമാണ് ജയിച്ചത്.

ശരദ് പവാർ പക്ഷം എട്ടു സീറ്റിൽ ജയിച്ച് ജനപിന്തുണ തെളിയിച്ചു.

അതേ സമയം, തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇവിടെ ടിക്കറ്റ് ലഭിക്കില്ലെന്ന ചിന്തയിലാണ് മറ്റൊരു പാർട്ടിയിൽ നിന്ന് മത്സരിക്കാൻ ആഗ്രഹിക്കുന്നതെന്നും, അടുത്ത 3,4 മാസം ഇത് തുടരുമെന്നും അജിത് പക്ഷക്കാരനായ മന്ത്രി ഛഗൻ ഭുജ്ബൽ പറഞ്ഞു.

Advertisement
Advertisement