ഉമ്മൻചാണ്ടിയുടെ ഓർമയ്ക്ക് ഒരാണ്ട് പ്രതിസന്ധികളെ ഭയക്കാത്ത നേതാവ്

Thursday 18 July 2024 12:11 AM IST

പ്രായഭേദമില്ലാതെ പ്രവർത്തകരെല്ലാം ഓസി എന്നു സ്‌നേഹത്തോടെ വിളിച്ചിരുന്ന ഉമ്മൻചാണ്ടി ഇല്ലാതായിട്ട് ഒരു വർഷം തികയുന്നു. അദ്ദേഹത്തിന്റെ ഓർമകൾ നമ്മുടെയെല്ലാം മനസിൽ പച്ചപിടിച്ചു തന്നെയുണ്ട്, ഇപ്പോഴും. സാധാരണക്കാർക്കും പാവപ്പെട്ടവർക്കും വേണ്ടി അതിവേഗം ബഹുദൂരം സഞ്ചരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. അവരുമായി എപ്പോഴും ഇഴുകി ചേർന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെല്ലാം.

പതിനെട്ടു വർഷക്കാലം ഞാനും ഉമ്മൻചാണ്ടിയും കൂടി കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിനു നേതൃത്വം കൊടുത്തു. ഈ കാലത്ത് ഞങ്ങൾ തമ്മിൽ ഇണങ്ങിയിട്ടുണ്ട്, പിണങ്ങിയിട്ടുണ്ട്. പരിഭവം പറഞ്ഞിട്ടുണ്ട്, സന്തോഷിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ഇഴപിരിയാത്ത വലിയൊരു സൗഹൃദവും ആഴത്തിലുള്ള വ്യക്തിബന്ധവും ഞങ്ങൾ തമ്മിലുണ്ടായിരുന്നു.

പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ഉമ്മൻചാണ്ടി ഭയപ്പെട്ടില്ല. ധൈര്യപൂർവം അവയെ നേരിട്ടു. വലിയ പ്രശ്നങ്ങളുണ്ടാകുമ്പോൾ പിന്തിരിഞ്ഞു പോകുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ രീതി. എത്ര വലിയ പ്രശ്നമാണെങ്കിലും പരിഹാരമുണ്ടായിരുന്നു. വിമർശനങ്ങളെ വീറോടെ നേരിടാനുള്ള അനിതര സാധാരണമായൊരു കഴിവ് പുലർത്തിയിരുന്നു. വിഴിഞ്ഞം തുറമുഖം പോലുള്ള വൻകിട വികസന പദ്ധതികളെല്ലാം അദ്ദേഹത്തിന്റെ നിശ്ചയ ദാർഢ്യത്തിന്റെ സന്തതികളാണ്. ആൾക്കൂട്ടമായിരുന്നു അദ്ദേഹത്തിന്റെ ശക്തി.

മന്ത്രിയായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും അദ്ദേഹം പാവപ്പെട്ട ജനങ്ങൾക്കുവേണ്ടി അക്ഷീണം പ്രയത്നിച്ചു. അദ്ദേഹം സ്വീകരിച്ച പല നടപടികളും നടപ്പാക്കിയ വൻകിട പദ്ധതികളും മാത്രം മതി, കേരളത്തിന്റെ വികസന ചരിത്രത്തിൽ അദ്ദേഹത്തിന്റെ പേര് എഴുതിച്ചേർക്കാൻ. മറ്റൊരു സ്മാരകവും അദ്ദേഹത്തിന് ആവശ്യമില്ല.

വിവാദവും വിമർശനങ്ങളും ഉയരുമ്പോൾ ഉപേക്ഷിച്ചു പോകുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ ശൈലി. നാടിനും ജനങ്ങൾക്കും ഗുണമുണ്ടാകുമെന്ന് ഉറപ്പുണ്ടെങ്കിൽ അതു നടപ്പാക്കുക തന്നെ ചെയ്യും. അതിന്റെ തെളിവാണ് വിഴിഞ്ഞം തുറമുഖം. സാധാരണക്കാർക്ക് സഹായം കിട്ടുന്നതിനു തടസം നിൽക്കുന്ന നിയമങ്ങളെയും ചട്ടങ്ങളെയും അദ്ദേഹം പൊളിച്ചെഴുതി.

Advertisement
Advertisement