ആശങ്കയായി ചാന്ദിപുര വൈറസ്: ഗുജറാത്തിൽ 14 മരണം

Thursday 18 July 2024 1:27 AM IST

ഗാന്ധിനഗർ: ചാന്ദിപുര വൈറസ് ബാധിച്ച് ഗുജറാത്തിൽ അഞ്ച് ദിവസത്തിനിടെ കുട്ടികളുൾപ്പെടെ 14 പേർ മരിച്ചു. 15 പേർ ചികിത്സയിലാണ്. പനിയെത്തുടർന്ന് സബർകാന്ത ജില്ലാ ആശുപത്രിയിൽ നാല് കുട്ടികൾ മരിച്ചതോടെയാണ് ചാന്ദിപുര വൈറസാണോയെന്ന സംശയമുണ്ടായത്. തുടർന്ന് പൂനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു.

ഗുജറാത്ത് ആരോഗ്യമന്ത്രി റുഷികേശ് പട്ടേൽ വൈറസ്ബാധ സ്ഥിരീകരിച്ചു. തുടർന്ന് സർക്കാർ അതീവ ജാഗ്രതാ നിർദ്ദേശം നൽകി.

ജില്ലകളിൽ രോഗലക്ഷണമുള്ളവരുടെ സാമ്പിൾ പരിശോധനയ്ക്കയച്ചു.

സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊതുകുകളിൽ നിന്നും ഈച്ചകളിൽ നിന്നുമാണ് വൈറസ് പടരുന്നത്. സംസ്ഥാന വ്യാപകമായി ശുചീകരണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ചില മൃഗങ്ങളും വൈറസ് പടർത്താൻ കാരണമായേക്കാം. എന്നാൽ ഇക്കാര്യം തെളിയിക്കപ്പെട്ടിട്ടില്ല.

 മരുന്നില്ലാത്ത രോഗം

ചാന്ദിപുര വൈറസ് ബാധയ്ക്ക് പ്രത്യേക ആന്റിവൈറൽ ചികിത്സയോ വാക്സിനോ ഇല്ല. രോഗലക്ഷണങ്ങൾ ഒഴിവാക്കുന്നതിനും സങ്കീർണതകൾ തടയുന്നതിനുമാണ് ചികിത്സ നൽകുന്നത്. 1965ൽ മഹാരാഷ്ട്രയിലെ ചാന്ദിപുരയിലാണ് ആദ്യമായി വൈറസ് കണ്ടെത്തിയത്. അതുകൊണ്ടാണ് ചാന്ദിപുര വൈറസ് എന്നറിയപ്പെടുന്നത്. പെട്ടെന്നുള്ള പനി, വയറിളക്കം, ഛർദ്ദി, അപസ്മാരം എന്നിവയാണ് രോഗലക്ഷണം. ഇത് തലച്ചോറിന ബാധിക്കുന്നതോടെ മരണം സംഭവിക്കും. 2003-2004ൽ ഗുജറാത്ത്,​ ആന്ധ്ര,​ മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 300 ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു.

ഈച്ചകളും കൊതുകുകളും

ചാന്ദിപുര വെസികുലോവൈറസ് (സി.എച്ച്.പി.വി) എന്നും അറിയപ്പെടുന്നു
 പെട്ടെന്നുള്ള പനി, വയറിളക്കം, ഛർദ്ദി, അപസ്മാരം എന്നിവ പ്രധാന ലക്ഷണം

 9 മാസം മുതൽ 14 വയസുവരെ ഉള്ളവരിലാണ് രോഗം പടരുന്നത്

 പകർച്ച വ്യാധിയായി കണക്കാക്കിയിട്ടില്ല

 നേരത്തെയുള്ള രോഗ നിർണയം പ്രധാനം

Advertisement
Advertisement