ബി.ജെ.പിയിൽ ഭിന്നത: യു.പി മന്ത്രിസഭ അഴിച്ചുപണിഞ്ഞേക്കും

Thursday 18 July 2024 1:35 AM IST

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ഉത്തരാവാദിത്വത്തെ ചൊല്ലി ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും തമ്മിലുള്ള ഭിന്നത രൂക്ഷമായി. പ്രശ്‌ന പരിഹാരതതിന് ഉടൻ സർക്കാരിലും പാർട്ടിയിലും അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന.

യു.പിയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 2019ലെ 62 സീറ്റിൽ നിന്ന് ഇക്കൊല്ലം 33 സീറ്റായി കുറഞ്ഞിരുന്നു. യോഗിയുമായുള്ള വിയോജിപ്പിന്റെ പേരിൽ ചില സുപ്രധാന മന്ത്രിസഭാ യോഗങ്ങളിൽ നിന്ന് മൗര്യ വിട്ടു നിന്നു. അമിത വിശ്വാസമാണ് തിരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് കാരണമായതെന്ന മുഖ്യമന്ത്രിയുടെ വാദം മൗര്യ വിഭാഗം നേതാക്കൾ തള്ളിയിരുന്നു.

മുഖ്യമന്ത്രി പാർട്ടിയെക്കാളും പ്രാധാന്യം ഉദ്യോഗസ്ഥർക്ക് നൽകുന്നുവെന്ന് സൂചിപ്പിക്കാൻ സർക്കാരിനെക്കാൾ വലുതാണ് പാർട്ടിയെന്ന് മൗര്യ പ്രസ്‌താവിച്ചു.

സംസ്ഥാനത്ത് സംഘടനാ തലത്തിലും വൻ മാറ്റങ്ങൾ വരുന്നുണ്ട്. ജാട്ട് സമുദായത്തിൽ നിന്നുള്ള സംസ്ഥാന അദ്ധ്യക്ഷൻ ചൗധരിക്ക് പകരം ഒ.ബി.സി വിഭാഗത്തിൽ നിന്നുള്ള നേതാവിനെ നിയമിച്ചേക്കും. 2027ലെ നിയമസഭാ തിരഞ്ഞെടുപ്പും ഉടൻ നടക്കുന്ന ഉപതിരഞ്ഞെടുപ്പും മുന്നിൽക്കണ്ട് അഭിപ്രായവ്യത്യാസങ്ങൾ ശമിപ്പിക്കാനും പ്രതിച്ഛായ മെച്ചപ്പെടുത്താനുമാണ് കേന്ദ്ര നേതൃത്വത്തിന്റെ ശ്രമം.തിങ്കളാഴ്‌ച രാത്രി ഡൽഹിയിലെത്തിയ കേശവ് പ്രസാദ് മൗര്യ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയെ കണ്ടിരുന്നു. യു.പി ബി.ജെ.പി അദ്ധ്യക്ഷൻ ഭൂപേന്ദ്ര ചൗധരി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സന്ദർശിച്ചു. തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

ഇന്നലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗവർണർ ആനന്ദി ബെൻ പട്ടേലിനെയും സന്ദർശിച്ചിരുന്നു. മന്ത്രിസഭാ പുന:സംഘടന ഉടനുണ്ടാകുമെന്നിരിക്കെ കൂടിക്കാഴ്‌ച നിർണായകമാണ്. 10 അസംബ്ളി സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് ശേഷമാകും പുന:സംഘടന.

Advertisement
Advertisement