നീറ്റ് യു.ജി: പുനഃപരീക്ഷാ ആവശ്യത്തിൽ ഇന്ന് വാദംകേൾക്കൽ നി‌ർണായക തീരുമാനമുണ്ടായേക്കാം

Thursday 18 July 2024 1:37 AM IST

ന്യൂഡൽഹി: നീറ്റ് യു.ജി പുനഃപരീക്ഷ നടത്തണമെന്ന ഹർജികളിൽ സുപ്രീംകോടതിയിൽ ഇന്ന് നിർണായക വാദംകേൾക്കൽ. തീരുമാനം എന്താകുമെന്ന ആകാംക്ഷയിലാണ് 23 ലക്ഷത്തിൽപ്പരം വിദ്യാ‌ർത്ഥികൾ. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് വിദ്യാർത്ഥികൾ ഉൾപ്പെടെ സമർപ്പിച്ച ഒരുകൂട്ടം ഹർജികൾ പരിഗണിക്കുന്നത്. പുനഃപരീക്ഷ വേണ്ടെന്ന നിലപാട് കേന്ദ്രസർക്കാരും പരീക്ഷാ നടത്തിപ്പുകാരായ ദേശീയ ടെസ്റ്റിംഗ് ഏജൻസിയും (എൻ.ടി.എ) കോടതിയെ അറിയിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നാണ് വാദം. പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടില്ലെന്നും വാദിക്കുന്നു. ബീഹാറിലെ പാട്ന,​ ഗുജറാത്തിലെ ഗോധ്ര എന്നിവിടങ്ങളിലാണ് ചോദ്യപേപ്പർ ചോർന്നതെന്ന് എൻ.ടി.എ സത്യവാങ്മൂലം സമർപ്പിച്ചു. ചോർച്ചയുടെ ഉറവിടം ജാർഖണ്ഡിലെ ഹസാരിബാഗ് ആണെന്ന് സി.ബി.ഐയുടെ തത്‌സ്ഥിതി റിപ്പോർട്ടിൽ വ്യക്തമാക്കി. വ്യാപകമായി ക്രമക്കേട് നടന്നുവെന്ന് ബോദ്ധ്യപ്പെട്ടാൽ പുനഃപരീക്ഷ നടത്തേണ്ടി വരുമെന്നാണ് കോടതി സ്വീകരിച്ചിരിക്കുന്ന നിലപാട്.

പുനഃപരീക്ഷ വേണ്ടെന്ന മലയാളി വിദ്യാർത്ഥികൾ അടക്കം സമർപ്പിച്ച ഹർജികളും സുപ്രീംകോടതിക്ക് മുന്നിൽ ഇന്ന് ലിസ്റ്റ് ചെയ്‌തിട്ടുണ്ട്. പരീക്ഷയ്‌ക്കായി അനുഭവിച്ച ബുദ്ധിമുട്ടുകളാണ് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്. പുനഃപരീക്ഷ അനീതിയും മൗലികാവകാശങ്ങൾ ലംഘിക്കുന്ന നടപടിയുമാകുമെന്നും ഹർജികളിൽ പറയുന്നു.

Advertisement
Advertisement