ആ വെടിയുണ്ടയോടെ അമേരിക്കയിൽ സർവം ട്രംപ് മയം

Thursday 18 July 2024 6:52 AM IST

വെടിയേറ്റ ചെവിയിൽ ബാൻഡേഡുമായി റിപ്പബ്ളിക്കൻ പാർട്ടിയുടെ ദേശീയ കൺവെൻഷനെത്തിയ യു.എസ് മുൻ പ്രസിഡന്റും പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപാണ് അമേരിക്കയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. വെടിയേറ്റതിന്റെ അടുത്ത ദിവസമുള്ള ട്രംപിന്റെ വരവ് ധീര നിലപാടാണെന്നാണ് പൊതുവെയുള്ള ചർച്ച.

വെടിയേറ്റ ശേഷം മുഷ്ഠി ചുരുട്ടി പോരാട്ടം തുടരുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന്റെ ചിത്രം, അമേരിക്കൻ പതാകയ്‌ക്കൊപ്പം ആലേഖനം ചെയ്ത ടീഷർട്ടുകളും വിപണിയിൽ തരംഗമാണ്. പ്രചാരണത്തിൽ നിലവിലെ പ്രസിഡന്റ് ജോ ബൈഡനെ ബഹുദൂരം പിന്നിലാക്കി ട്രംപ് മുന്നേറുന്നുവെന്ന സൂചനയാണിത്. മുപ്പത്തിയൊമ്പതുകാരൻ ജെ.ഡി. വാൻസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കിയതോടെ ട്രംപിന്റെ ടീമിനെക്കുറിച്ചുള്ള മതിപ്പും വോട്ടർമാർക്കിടയിൽ വർദ്ധിച്ചു.

റിപ്പബ്ളിക്കൻ പാർട്ടിയിലെ എതിർപക്ഷക്കാരെ ചേർത്തുനിറുത്താൻ ട്രംപ് ശ്രമിച്ചതിന്റെ ഭാഗം കൂടിയാണ് വാൻസിന്റെ സ്ഥാനാർത്ഥിത്വം. പാർട്ടിയിലെ വിമർശകർ പോലും ട്രംപിനെ ജയിപ്പിക്കണമെന്ന ആവശ്യമുയർത്തിയിട്ടുണ്ട്. നേരത്തെ 'ഗ്രേറ്റ് അമേരിക്ക, ഗ്രേറ്റ് എഗെയ്ൻ" എന്ന മുദ്രാവാക്യമായിരുന്നു റിപ്പബ്ളിക്കൻസിന്റേത്. ഇപ്പോഴത് 'സേഫ് അമേരിക്ക സേഫ് എഗെയ്ൻ" എന്നാക്കി.

അമേരിക്കയെ നയിക്കാൻ എന്തുകൊണ്ടും യോഗ്യൻ ട്രംപാണെന്ന ചിന്തയ്‌ക്കും വെടിവയ്പ് തിരി കൊളുത്തി. നാഷണൽ കൺവെൻഷനിൽ ട്രംപിനെ അനുകൂലിച്ചും, അഭിനന്ദിച്ചും നിരവധി പേർ സംസാരിച്ചു. ട്രംപിന്റെ മരുമകൾ ലാറയടക്കം കൺവെൻഷനിൽ വികാരനിർഭരരായി.

 കുടിയേറ്റ നിയമം മാറ്റുമെന്ന് പ്രഖ്യാപനം

കുടിയേറ്റ നിയമത്തിൽ വലിയ മാറ്റം കൊണ്ടുവരുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്ന മുൻ പ്രസിഡന്റ് ഐസൻ ഹോവറിന്റെ ശൈലി പിന്തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മെക്സിക്കൻ അതിർത്തിയിലും മറ്റും ജോലി ചെയ്യുന്ന കുടിയേറ്റക്കാരിൽ ഇത് ആശങ്കയുമുണ്ടാക്കി. വെള്ളക്കാർക്കിടയിൽ (വൈറ്റ്സ്) ട്രംപിന് പിന്തുണ ഏറുകയാണ്. ബൈഡന്റെ പ്രായാദ്ധിക്യവും ഓർമ്മക്കുറവും വലിയ ചർച്ചയുമാണ്. ഡെമോക്രാറ്റിക് ദേശീയ കൺവെൻഷനിൽ ബൈഡന്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള സാദ്ധ്യത വിരളമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ബൈഡനെ മാറ്റി പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ പ്രചാരണത്തിൽ അത് പ്രായോഗികമാകില്ലെന്ന സൂചനയുമുണ്ട്. ഇപ്പോഴത്തെ നിലയനുസരിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡൊണാൾഡ് ട്രംപും ഡൊമോക്രാറ്റിക് പാർട്ടിയുടെ ജോ ബൈഡനും സ്ഥാനാർത്ഥിയായി തുടരും. ബൈഡന്റെ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് അതേ സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കും. റിപ്പബ്ളിക്കൻ പാർട്ടിയുടെ പ്രൈമറി തിരഞ്ഞെടുപ്പിൽ രംഗത്തുണ്ടായിരുന്ന ഇന്ത്യൻ വംശജനും മലയാളി ബന്ധവുമുള്ള വിവേക് രാമസ്വാമി ട്രംപിനായി സജീവ പ്രചാരണത്തിലാണ്.

Advertisement
Advertisement