മീശയുള്ള ശിവനെ 119 വർഷമായി ആരാധിക്കുന്ന കേരളത്തിലെ ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

Thursday 18 July 2024 8:28 AM IST

ആലപ്പുഴ: ക്ഷേത്രങ്ങളിൽ പൊതുവേ ശിവലിംഗ രൂപത്തിലാണ് മഹാദേവനെ ആരാധിക്കുന്നത്. എന്നാൽ കഴിഞ്ഞ 119 വർഷങ്ങളായി മീശയുള്ള ശിവനെ ആരാധിക്കുന്ന ക്ഷേത്രമുണ്ട്. കുട്ടനാട്ടിലെ രാമങ്കരി വേഴപ്ര ഗ്രാമത്തിൽ. ശ്രീശക്തിപ്പറമ്പ് മഹാദേവ ക്ഷേത്രം.

1905 മാർച്ചിൽ ശ്രീനാരായണ ഗുരുവാണ് ക്ഷേത്രത്തിൽ മീശയുള്ള ശിവന്റെ ചിത്രം പ്രതിഷ്ഠിച്ചത്. ദേവപ്രശ്നത്തിൽ അഭിഷേകം നടത്താവുന്ന തരത്തിൽ പ്രതിഷ്ഠ വേണമെന്ന് കണ്ടതോടെ വർഷങ്ങൾക്ക് മുമ്പ് ക്ഷേത്രം പുനരുദ്ധരിച്ച് മീശയുള്ള ശിവചിത്രത്തിനൊപ്പം ശിവലിംഗവും പ്രതിഷ്ഠിച്ചു. ഉത്സവ പള്ളിവേട്ട സമയത്ത് ഋഷഭ വാഹനത്തിൽ പ്രദക്ഷിണം നടത്തുന്നത് മീശയുള്ള ശിവന്റെ ചിത്രമാണ്.

ഗുരുവിന്റെ ഇടപെടൽ

വൈക്കം സത്യാഗ്രഹ സേനാനികളെ അനുഗ്രഹിച്ച് കൊല്ലത്തേക്ക് മടങ്ങും വഴിയാണ് വേഴപ്രയിലെ ഭദ്രകാളി ക്ഷേത്രത്തിൽ ദുരാചാരങ്ങൾ തുടരുന്ന വിവരം കുട്ടനാട്ടുകാരനായ സത്യവ്രത സ്വാമിയിൽ നിന്ന് ശ്രീനാരായണ ഗുരു അറിഞ്ഞത്. എന്നെങ്കിലും ഗുരു നാട്ടിലെത്തിയാൽ സ്വീകരിക്കാനായി പണിയിപ്പിച്ചു വച്ചിരുന്ന കസേരയുമായി കോന്ത്യാപറമ്പിൽ എബ്രഹാം ക്ഷേത്രമുറ്റത്തെത്തി ഗുരുവിന് ഇരിക്കാൻ നൽകി. കോഴി വെട്ടും കുരുതിയുമടക്കമുള്ള ദുരാചാരങ്ങൾ അവസാനിപ്പിക്കണമെന്ന് ഗുരു നിർദ്ദേശിച്ചു. മറുതയടക്കമുള്ള പ്രതിഷ്ഠകൾ നീക്കം ചെയ്യാനും ആവശ്യപ്പെട്ടു. ഭയം മൂലം ഭക്തരാരും മുന്നിട്ട് വരാതിരുന്നതിനാൽ ഗുരുവിന്റെ ആവശ്യപ്രകാരം എബ്രഹാം തന്നെ പ്രതിഷ്ഠകളെല്ലാം കമ്പിപ്പാര കൊണ്ട് തച്ചുടച്ചു. ആരാധനയ്ക്കായി ശിവന്റെ ചിത്രം വാങ്ങാനും എബ്രഹാമിനെ ചുമതലപ്പെടുത്തി. ചങ്ങനാശ്ശേരിയിൽ നിന്ന് എബ്രഹാം വാങ്ങി വന്നതാണ് മീശയുള്ള ശിവന്റെ ചിത്രം. ഗുരു തന്നെ ക്ഷേത്രത്തിൽ ചിത്രം പ്രതിഷ്ഠിച്ചു.

നിത്യാരാധനയും ഉത്സവവും

കറുകശ്ശേരി കുടുംബത്തിന്റേതാണ് ക്ഷേത്രം. ദിവസേന വൈകുന്നേരങ്ങളിൽ നിത്യാരാധനയുള്ള ക്ഷേത്രത്തിലെ ഉത്സവം ഏപ്രിൽ മാസത്തിലാണ്. വിഷുവിന് തലേ ദിവസം പ്രതീകാത്മക ഗുരുതിയോടെ ഉത്സവം സമാപിക്കും. മഹാദേവനും, ഭദ്രകാളിയുമാണ് പ്രധാന പ്രതിഷ്ഠകൾ. ഉപദേവദതകളായി അയ്യപ്പൻ, ഗണപതി, മുരുകൻ, യോഗീശ്വരൻ, ഭുവനേശ്വരി തുടങ്ങിയ പ്രതിഷ്ഠകളുണ്ട്. ക്ഷേത്ര മതിലിന് പുറത്തായി ആന മറുതയും, സർപ്പ ദൈവങ്ങളും .വടയാർ സുമോദാണ് തന്ത്രി. മങ്കൊമ്പ് അനിൽ ക്ഷേത്ര ശാന്തി.

Advertisement
Advertisement