ഉത്തർപ്രദേശിൽ യോഗിയുടെ നാളുകൾ എണ്ണപ്പെട്ടു? നിർണായക തീരുമാനം പാർട്ടിയിൽ പൊട്ടിത്തെറി ഒഴിവാക്കാൻ

Thursday 18 July 2024 10:46 AM IST

ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി എന്നനിലയിലുള്ള യോഗി ആദിത്യനാഥിന്റെ ദിനങ്ങൾ എണ്ണപ്പെട്ടുവെന്ന് ഏറക്കുറെ വ്യക്തമായി. ഇന്നലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഭൂപേന്ദ്രസിംഗ് ചൗധരി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ അദ്ദേഹം രാജി സന്നദ്ധത അറിയിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. ബിജെപിക്ക് ഏറെ നിർണായകമായ ഉത്തർപ്രദേശിൽ പാർട്ടിയുടെ ഭാവിയെപ്പോലും ബാധിക്കുന്ന സംഘടനാ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. കഴിഞ്ഞദിവസം ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉപമുഖ്യമന്ത്രിസ്ഥാനം രാജിവച്ച് സാധാരണ പ്രവർത്തകനായി തുടരാനാണ് താൽപ്പര്യമെന്ന് നദ്ദയെ മൗര്യ അറിയിച്ചതായാണ് റിപ്പോർട്ട്.

മൗര്യയും യോഗിയും തമ്മിൽ ഏറെ നാളായി അത്ര സ്വരചേർച്ചയിലായിരുന്നില്ല. യോഗി നടപ്പാക്കുന്ന പല പദ്ധതികളും സംസ്ഥാനത്ത് പാർട്ടിയുടെ അടിത്തറ ഇളക്കുന്നതാണെന്ന് മൗര്യ പാർട്ടി വേദികളിൽ സൂചിപ്പിച്ചിരുന്നുവെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പുകഞ്ഞുകൊണ്ടിരുന്ന പ്രശ്നം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ ദയനീയ പ്രകടനത്തോടെ മറനീക്കി പുറത്തുവന്നു. യോഗി ഉദ്യോഗസ്ഥർക്ക് അമിത സ്വാതന്ത്ര്യം നൽകിയെന്നും തിരഞ്ഞെടുപ്പുസമയത്ത് ഉദ്യോഗസ്ഥർ പാർട്ടിക്ക് എതിരായിരുന്നുവെന്നും ഇതാണ് പ്രകടനം മോശമാവാൻ കാരണമെന്നുമാണ് യോഗി വിരുദ്ധർ പ്രചരിപ്പിക്കുന്നത്.

അടുത്തിടെ ദേശീയ അദ്ധ്യക്ഷൻ നദ്ദ ഉൾപ്പടെ പങ്കെടുത്ത പാർട്ടി പരിപാടി യോഗിയും മൗര്യയും തമ്മിലുള്ള വിഴുപ്പഴക്കലിന്റെ വേദിയുമായി. സംസ്ഥാനത്തെ മോശം പ്രകടനത്തെക്കുറിച്ച് പരാമർശിക്കെ സർക്കാരിനെക്കാൾ വലുതാണ് സംഘടനയെന്നും സംഘടനയെക്കാൾ വലുതാവാൻ ആർക്കും കഴിയില്ലെന്നും മൗര്യ പറഞ്ഞു. അമിത ആത്മവിശ്വാസമായിരുന്നു പാർട്ടിയുടെ മോശം പ്രകടനത്തിന് കാരണമെന്ന് വിശദീകരിച്ച് യോഗി തിരിച്ചടിക്കുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മിലുള്ള വിള്ളലിന്റെ ആഴം എത്രത്തോളമുണ്ടെന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷനുതന്നെ മനസിലായി. ഡൽഹിയിലെത്തിയ നദ്ദ ഇക്കാര്യം പ്രധാനമന്ത്രിയെയും അമിത് ഷായെയും അറിയിച്ചതായാണ് റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിലാണോ പ്രധാനമന്ത്രിയും പാർട്ടി സംസ്ഥാന അദ്ധ്യക്ഷനും തമ്മിൽ കൂടിക്കാഴ്ച നടന്നതെന്ന് വ്യക്തമല്ല.

പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മോദിയുൾപ്പടെയുളള ഉന്നതർ മുഖ്യമന്ത്രി യോഗിയുമായി ഉടൻ കൂടിക്കാഴ്ച നടത്തിയേക്കും. ഇതിലായിരിക്കും നിർണായ തീരുമാനങ്ങൾ ഉണ്ടാവുക. കേന്ദ്ര നേതൃത്വം സംസ്ഥാനത്ത് ഉടൻ ഇടപെടണമെന്ന് ഭൂരിപക്ഷം ബി ജെപി എംഎൽഎമാരും ആവശ്യപ്പെട്ട സാഹചര്യത്തിൽ ഇടപെടാതെ മാറിനിന്നാൽ അത് പാർട്ടി സംസ്ഥാന ഘടകത്തിൽ ഒരു പൊട്ടിത്തെറിക്ക് ഇടയാക്കിയേക്കുമെന്നും നേതൃത്വം ഭയക്കുന്നുണ്ട്. നേതൃമാറ്റം അല്ലാതെ ഒന്നുകൊണ്ടും തൃപ്തരാവില്ല എന്ന ഉറച്ച നിലപാടിലാണ് യോഗി വിരുദ്ധർ. ആ നിലയ്ക്ക് യോഗിയുടെ വാക്കുകൾ കൂടി പരിഗണിച്ചശേഷമായിരിക്കും തീരുമനം എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ആർഎസ്എസിന്റെ പിന്തുണയുളള യോഗിയെ ഒതുക്കുക ബിജെപിക്ക് അത്ര എളുപ്പമാവില്ല.

Advertisement
Advertisement