ബൈഡന്റെ പ്രസിഡന്റ് 'ഭാവി' ഡോക്‌ടർമാരുടെ കയ്യിൽ; മത്സരത്തിൽ നിന്ന് പിന്മാറുമോ? തീരുമാനം കാത്ത് ഡെമോക്രാറ്റുകൾ

Thursday 18 July 2024 11:07 AM IST

ന്യൂയോർക്ക്: പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ സമ്മർദ്ദം ശക്തമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഏതെങ്കിലും രോഗം സ്ഥിരീകരിക്കുകയും ചികിത്സ വേണമെന്ന് ഡോക്‌ടർമാർ അറിയിക്കുകയും ചെയ്തെങ്കിൽ മാത്രമേ പിന്മാറുന്ന കാര്യം പരിഗണിക്കുകയുള്ളൂവെന്ന് ബൈഡൻ വ്യക്തമാക്കി. ഇതാദ്യമായാണ് വിഷയത്തിൽ ബൈഡൻ പ്രതികരിക്കുന്നത്.

അതേസമയം, എന്തുതരം രോഗത്തെക്കുറിച്ചാണ് ഉദ്ദേശിച്ചതെന്ന് 81കാരനായ ബൈഡൻ വ്യക്തമാക്കിയില്ല. ബിഇടി ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ബൈഡന്റെ പ്രതികരണം. രണ്ടാമതും അമേരിക്കൻ പ്രസിഡന്റാകാൻ താൻ പൂർണ ആരോഗ്യവാനാണെന്നും ട്രംപിന് ഏറ്റവും മികച്ച എതിരാളി താനാണെന്നും മുൻപ് ബൈഡൻ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ബൈഡന് സന്ധിവാതവും ഉറക്കം സംബന്ധിച്ച രോഗവുമുണ്ടെന്ന് അദ്ദേഹത്തിന്റെ ഡോക്‌ടർ കെവിൻ ഒ കെന്നർ അറിയിച്ചിരുന്നു. എന്നാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബൈഡൻ ആരോഗ്യവാനാണെന്നും അന്ന് ഡോക്‌ടർ കൂട്ടിച്ചേർത്തു.

ബെെഡന് കൊവിഡ് സ്ഥിരീകരിച്ചതായി വെെറ്റ് ഹൗസ് അറിയിച്ചിരിക്കുകയാണ്. ലാസ് വേഗസിൽ യുണിഡോസ് യുഎസ് വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ജോ ബെെഡന് കൊവിഡ് സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചത്.

കൊവിഡ് സ്ഥിരീകരിച്ച വിവരം ബെെഡൻ തന്റെ എക്സ് പേജിലൂടെ ജനങ്ങളെ അറിയിച്ചിരുന്നു.


ബൈഡന് മൂക്കൊലിപ്പ്, ചുമ, ശാരീരിക ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങൾ പ്രകടമാണെന്നും കൊവിഡ് വാക്സിൻ എടുത്തെന്നും വെെറ്റ് ഹൗസ് അറിയിച്ചു. ഡെലവെയിലെ റെഹോബോത്ത് ബീച്ചിന് അടുത്തുള്ള ​വസതിയിൽ ബെെഡൻ ഐസലേഷനിൽ പ്രവേശിക്കുമെന്നും വെെറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയർ വ്യക്തമാക്കി.

Advertisement
Advertisement